Friday, April 23, 2010

നൊമ്പരക്കാറ്റ്

[മെയ്‌ 8, 2010നു മാതൃഭൂമി പ്രവാസി ലോകത്തിലും, മെയ്‌ 14, 2010ല്‍ മലയാള മനോരമയിലും പ്രസിദ്ധീകരിച്ചു വന്ന കഥ]

ക്യത്യമായി എത്ര ദൂരം സഞ്ചരിച്ചുവെന്ന് തിട്ടപ്പെടുത്താൻ കഴിഞ്ഞില്ല. ആദ്യം താറിട്ട റോഡിൽ നിന്നും കയറിയത് ഒരു വിജനമായ ചരൽ റോഡിലേക്കായിരുന്നു അതിലൂടെ ഏകദേശം പത്ത് പതിനഞ്ചു കിലോമീറ്റർ സഞ്ചരിച്ചുകാണും പിന്നീട് എവിടേക്കെന്നില്ലാതെ പരന്നു കിടക്കുന്ന ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ ഇരുപത് മിനുട്ട് യാത്ര. എന്തായാലും ഒരു പത്തിരുപത്തഞ്ച് കിലോമീറ്റർ കഴിഞ്ഞു കാണും തീർച്ച. ഒന്നും ചെയ്യാനില്ലാത്ത ഒഴിവുദിവസങ്ങളിലൊന്നില് വീട്ടിലിരിക്കുമ്പോള് എന്റെ ഒരു സുഹൃത്താണ് ഇങ്ങനെ ഒരു യാത്ര നിര്ദേശിച്ചത്. യാതൊരു ലക്ഷ്യവുമില്ലാതെ മരുഭൂമിയിലൂടെ ഒരു യാത്ര. കേട്ടപ്പോള് തരക്കേടില്ലെന്ന് തോന്നി പുറപ്പെട്ടു.


മരുഭൂമിയിലൂടെയുള്ള യാത്ര ശരിക്കും ഞാൻ ആസ്വദിച്ചു എന്നു പറയുന്നത് ഒരുപക്ഷെ കല്ലുവച്ച നുണയാകും കാരണം മരുഭൂമിയിൽ കയറിയതു മുതൽ ഞാൻ ആലോചിക്കുകയായിരുന്നു ഒരു നിമിഷം വണ്ടിക്ക് വല്ലതും സംഭവിച്ചാൽ, ഈ മരുഭൂമിയിൽ സഹായത്തിനായി ആരു വരാൻ, മൊബൈൽ ഫോണിനു റേഞ്ചുമില്ലാതെ ആരെ സഹായത്തിനായി വിളിക്കാൻ എന്നിങ്ങനെയുള്ള ചിന്തകൾ എന്നെ വല്ലാതെ അസ്വസ്തനാക്കി. പക്ഷെ യാതൊരുവിധ സംശയങ്ങളുമില്ലാതെ എന്റെ സുഹ്രുത്ത് അബ്ദുൽ സലാം വണ്ടി ഓടിക്കുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. സലാം ഒന്നു രണ്ട് തവണ ഇവിടെ വന്നിട്ടുണ്ടായിരുന്നു എന്നെനിക്കറിയാമായിരുന്നു, വണ്ടി നീങ്ങികൊണ്ടിരുന്നു, അതിനൊപ്പം എന്റെ ഭയവും. ഒടുവിൽ ഞങ്ങൾ ചെന്നെത്തിയത് ഒരു മണ്ണുമലയുടെ താഴ്വരയിലായിരുന്നു. അവിടെയാണ് ഞാൻ ആദ്യം അയാളെ കണ്ടത്. ഞങ്ങൾ പോകുമ്പോൾ അയാൾ തിരക്കിട്ട എന്തോ ജോലിയിലായിരുന്നു. ഞങ്ങളുടെ വണ്ടി കണ്ടതും അയാൾ ജോലി നിറുത്തിവച്ചു. ഞങ്ങൾ വണ്ടിയിൽ നിന്നുമിറങ്ങി അയാൾക്കു നേരെ നടന്നു. അപരിചിതത്ത്വം അയാളുടെ കണ്ണുകളിൽ നിഴലിച്ചുകാണാം. എങ്കിലും ഈ മരുഭൂമിയിൽ അയാളെ കാണാനല്ലാതെ വേറെ ആരും ഇവിടെ വരില്ല എന്ന ബോധ്യം അയാളിൽ ഉണ്ടായതു കൊണ്ടാകാം അയാൾ ഓടി ഞങ്ങളുടെ അരികിലെക്ക് വന്നു.

“ ഇദിഗാശോ ബോശോ ബോശോ ബാബു, ഇദിഗാശോ…”

നാലു ടയറുകൾ കൂട്ടിവച്ച് അതിനുമുകളിൽ വച്ചിരുന്ന പലക ചൂണ്ടികാണിച്ച് അയാൾ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. അയാളുടെ സന്തോഷം വാക്കുകളിൽ പ്രകടമായിരുന്നു.

“പാനീ ഖായ്ബിൻ ബാബു..?” അയാൾ വളരെ ഉത്സാഹത്തോടെ ചോദിച്ചു.

ആദ്യം ഒന്നും മനസ്സിലായില്ല, പിന്നീട് കൂടെ വന്ന സുഹ്രുത്ത് പറഞ്ഞു തന്നു, കുടിക്കാൻ വെള്ളം ചോദിച്ചതാണെന്ന്.
ഞാൻ വേണ്ടാ എന്ന് തലയാട്ടി. ബംഗാളിയും അറബിയുമല്ലാതെ മറ്റൊരു ഭാഷയും അയാൾക്ക് വശമില്ലായിരുന്നു. എന്റെ കൂടെ വന്ന സുഹ്രുത്ത് സലാമിന് ഇത് രണ്ടും നന്നായി അറിയാമായിരുന്നു.

അയാൾ എന്നെ നോക്കി പറഞ്ഞു. “ ദോ മിനുട്ട് ബാബു, ആമി ജാസി ഓർ ആസിസി”

ആഗ്യം കാണിച്ചതുകണ്ടപ്പോൾ പോയിട്ട് വരാം എന്ന് പറഞ്ഞതാണെന്നു മനസ്സിലായി. പിന്നെ അയാൾ എന്തോ ഓർത്തിട്ടെന്നപോലെ ഞങ്ങളെ നോക്കി പറഞ്ഞു.

“തുമി എക്ക് കാം കരോ, അമാർശാത്തെ ആശേൻ.” അയാൾ ഞങ്ങളെ കൂടെ പോകാൻ ക്ഷണിച്ചു. അയാൾ എന്താണ് ചെയ്യുന്നതെന്നറിയാൻ വളരെ ഉത്സാഹത്തോടെ ഞങ്ങളും അയാളെ പിന്തുടർന്നു. ഇതിനിടയിൽ എന്റെ സുഹ്രുത്ത് അയാളോടായി ചോദിച്ചു.

“തുമാർ നാം കീ?”

“മാർ നാം, പലാഷ് ബാവ്ജി” അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“തുമീ ഇക്കനെ ഖത്തോബോശർ ഹൊയ് കെസേ?” വളരെ ബുദ്ധിമുട്ടിയാണെങ്കിലും ഈപ്രാവശ്യവും ചോദ്യം എന്റെ സുഹ്രുത്തിന്റേതുതന്നെയായിരുന്നു.

“ ദസ് ബോശർ ഹൊയ് സെ ബാവ്ജി” അയാൾ പറഞ്ഞു.

പിന്നീട് അയാൾ പറഞ്ഞതൊക്കെയും എന്റെ സുഹ്രുത്ത് എനിക്ക് തർജിമ ചെയ്തു തന്നു. അയാളുടെ നടത്തത്തിന്നു വേഗം കൂടി ഒപ്പം നമ്മുടേയും. ഇന്നും നല്ല കാറ്റുണ്ടാകാൻ സാധ്യത കാണുന്നുണ്ട്, നടത്തത്തിന്നിടയിൽ അയാൾ ആരോടെന്നില്ലാതെ പിറുപിറുത്തു.

പിന്നീട് അയാൾ ഞങ്ങളെ നോക്കി പറഞ്ഞു, “ ഇന്നലെ രാത്രി നല്ല കാറ്റായിരുന്നു. നാളിതുവരെ അതുപോലൊരു കാറ്റ് ഇവിടെ ഉണ്ടായിട്ടില്ല. അയാളുടെ കണ്ണുകളിൽ ഭീതിയുടെ കരിനിഴൽ തെളിഞ്ഞു. നിങ്ങൾ ഈ മല കണ്ടോ ഇവിടെ കാറ്റുവന്നാൽ മണ്ണ് ഒരുവശം മാറി മറുവശം ചേരും. നാളെ ഒരുപക്ഷെ ഈ മല വേറൊരു ഭാഗത്തായിരിക്കും. അങ്ങനെ വരുമ്പോൾ ഇവിടെയുള്ള ഒട്ടകങ്ങളേയും ആടുകളേയും വേലിക്കുള്ളിൽ അതിനനുസരിച്ച് മാറ്റി കെട്ടണം. അതാണ് എന്റെ ജോലി. ഇന്നലെ രാത്രിയിലെ കാറ്റിൽ ഞാൻ താമസിക്കുന്ന പലകയടിച്ചുണ്ടാക്കിയ മൂന്ന് താൽക്കാലിക ചുമരുകളും പറന്നു പോയിരിക്കുന്നു. നിങ്ങൾ വരുമ്പോൾ ഞാൻ അതൊക്കെ തിരഞ്ഞുകൊണ്ടുവന്ന് വീണ്ടും ഉണ്ടാക്കുവാനുള്ള ശ്രമത്തിലായിരുന്നു.”

ഞങ്ങൾ ഏകദേശം അര കിലോമീറ്റർ നടന്നുകാണും, ഒരു വേലിക്കെട്ടിനുള്ളിൽ കുറെ ഒട്ടകങ്ങളേയും ആടുകളേയും കാണാം. അവിടെ എത്തിയയുടൻ അയാൾ അവിടെയുള്ള ഒട്ടകങ്ങളോടും ആടുകളോടും സംസാരിക്കുവാനും തൊട്ടും തലോടിയും കൊഞ്ചിക്കുവാനും തുടങ്ങി. പിന്നീടയാൾ ഞങ്ങളെ നോക്കി പറഞ്ഞു.

“ഇവർ എനിക്കെന്റെ മക്കളെ പോലെയാണ്. രാത്രിയും പകലും എന്റെ സന്തോഷങ്ങളും നൊമ്പരങ്ങളും പരാതികളും പറയുവാൻ ഇവരല്ലാതെ ഇവിടെ എനിക്കാരുമില്ല. ഈ മരുഭൂമിയിൽ ഈയുള്ളവന്റെ സങ്കടങ്ങൾ കേൾക്കാൻ വേറെ ആരു വരാൻ. ദുഖം അധികമാകുമ്പോൾ എനിക്ക് കൂട്ടുണ്ടാകുന്നത് ഇവരൊക്കെയാണ്. മനസ്സിന്റെ ഭാരമിറക്കിവെക്കാൻ ഒരു അത്താണി.” അയാൾ ചിരിച്ചുകൊണ്ട് ഞങ്ങളെ നോക്കി പറഞ്ഞു. പിന്നെ ഒരു നെടുവീർപ്പിനുശേഷം തുടർന്നു.

“മക്കളെ പോലെ ഞാൻ നോക്കുന്ന ഇവരെ യാതൊരു ദയാദക്ഷിണ്യവുമില്ലാതെ അറുക്കാനായി കൊണ്ടുപോകുമ്പോൾ ചില ദിവസങ്ങളിൽ ഞാൻ വാവിട്ടു കരഞ്ഞിട്ടുണ്ട്. ഇന്നിവര് അവരുടെ ഊഴം കാത്തിരിക്കുകയാണ്. വലിയ കത്തി രാകി മിനുക്കി മൂര്ച്ച കൂട്ടിയെത്തുന്ന കാലനുമുന്നില് കഴുത്ത് നീട്ടുവാന് വേണ്ടി. കൈകാല് ബന്ധിച്ച് വായില് നീരുറ്റിച്ച്, കഴുത്തില് കത്തി വെക്കുന്ന നേരം മതിവരാത്ത ജീവിത കൊതിയില് ദയനീയമായി അവര് എന്നെ നോക്കും. എനിക്കെന്തു ചെയ്യാന് കഴിയും? മൂര്ച്ചയുള്ള കത്തിയുമായുള്ള കൈകള് ഇവരെ തേടിയെത്തുന്ന നിമിഷം വരെയല്ലേ എനിക്കിവരെ കാക്കാന് പറ്റു ബാവ്ജി. എല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന് സ്വയം മനസ്സിനെ പറഞ്ഞ് മനസ്സിലാക്കാൻ ആ നാളുകളിൽ ഞാൻ നന്നേ പാടുപെട്ടു. ഒരുപക്ഷേ ഇത് കാലത്തിന്റെ തീരുമാനമായിരിക്കാം. എല്ലാം മാറ്റിമറിക്കുന്ന കാലത്തിനെ പഴിപറഞ്ഞിരിക്കാമെന്നല്ലാതെ ഒന്നും തിരിച്ചെടുക്കാനോ മാറ്റങ്ങൾ ആഗ്രഹിക്കാനോ നമുക്കാവില്ലല്ലോ?” അയാളുടെ മൂർച്ചയുള്ള വാക്കുകൾ എന്നിൽ തറച്ചുകയറി.

“നാട്ടിൽ നിന്നും വന്നിട്ടിപ്പോൾ പത്ത് വർഷം കഴിയുന്നു. ഇതുവരെയും തിരിച്ച് പോകാനൊരവസരം ഉണ്ടായിട്ടില്ല. ഞാനിവിടെ വരുമ്പോൾ മകൾക്ക് എട്ടു വയസ്സായിരുന്നു പ്രായം. ഇന്ന് അവൾ വലിയ കുട്ടിയായിക്കാണും. അവളുടെ പഠിത്തം, വിവാഹം അങ്ങനെ ഒരുപാട് കാര്യങ്ങളില്ലെ ബാവ്ജി എനിക്ക് ചെയ്തു തീർക്കാൻ?” ഒരു അച്ഛന്റെ ഉത്തരവാദിത്വമുള്ള വാക്കുകൾ ഞാൻ മനസ്സിലാക്കി.

“ഇന്നൊരുപക്ഷെ ഈ പാവം അച്ഛന്റെ മുഖം ഓർത്തെടുക്കാൻ തന്നെ അവൾ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടാകും. വല്ലപ്പോഴും മാർക്കറ്റിലൊന്നു പോയാൽ അവിടെ നിന്നും നാട്ടിലേയ്ക്ക് വിളിക്കുന്ന ഒരു ഫോണിൽ മകൾക്ക് അച്ഛന്റെ ശബ്ദം കേൾക്കാം അത്രമാത്രം.” അയാൾ കണ്ണുകൾ അമർത്തിതുടച്ചു.

“ഇവിടെ വരുമ്പോൾ എല്ലാവരേയും പോലെ ഒരുപാട് സ്വപ്നങ്ങളായിരുന്നു. എന്നാൽ ഇന്ന് ആഹ്ലാദം തിരതല്ലുന്ന നല്ല നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളില്ല എന്നിൽ, ഇവിടെ ഈ മരുഭൂമിയിൽ ഒരു മാസം എനിക്കാകെ കിട്ടുന്ന മുന്നൂറ് ദിർഹംസ് വേദനം പ്രതീക്ഷകളൊക്കെ തകർന്ന് മോഹിക്കാൻ ഇനി ഒന്നുമില്ല എന്ന തോന്നലിൽ എത്തി നിൽക്കുന്ന ജീവിതം വളരെ വിരസമാണ്. ” അയാളുടെ തൊണ്ടയിടറി.

പിന്നീടയാൾ ഞങ്ങളെ നോക്കാതെ അയാളുടെ ജോലിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചു. അയാൽ വളരെ വേഗം തന്നെ വേലിയൊക്കെയും പൊളിച്ച് അവിടെ നിന്നും മാറ്റി കെട്ടി. അതിനുശേഷം ഒട്ടകങ്ങളേയും ആടുകളേയും അതിനുള്ളിലേക്ക് മാറ്റി പാർപ്പിച്ചു. ഒടുവിൽ എല്ലാം കഴിഞ്ഞെന്നുറപ്പുവരുത്തി ഞങ്ങളുടെ അടുത്തേക്ക് വന്നു.

“ഇനി നമുക്ക് പോകാം ബാവ്ജി” ഞങ്ങളോടായി മൊഴിഞ്ഞു. പിന്നീട് ഒരു വഴികാട്ടിയെ പോലെ മുന്നിൽ നടന്നു.
“നേരം ഒരുപാട് വൈകിയിരിക്കുന്നു. ഇന്നും നല്ല കാറ്റിനു സാധ്യതയുണ്ട്. പോയിട്ട് കഴിക്കാൻ വല്ലതും ഉണ്ടാക്കണം. ഇരുട്ടുന്നതിനുമുമ്പേ എല്ലാം ഉണ്ടാക്കിയില്ലെങ്കിൽ, കയ്യിൽ ആകെയുള്ളത് ഒരു സോളാർ എമർജൻസി മാത്രമാണ്. അതിനാണെങ്കിൽ രണ്ട് മണിക്കൂറിലേറെ ആയുസ്സും കാണില്ല. അതിന്റെ ജീവൻ എരിഞ്ഞടങ്ങും മുമ്പെ എനിക്കെന്റെ ജോലികൾ ചെയ്തു തീർക്കണം.” അയാളുടെ വാക്കിനൊപ്പം നടത്തത്തിനും വേഗത കൂടി. മരുഭൂമിയിൽ നടക്കുക പ്രയാസമെങ്കിലും ആ സമയം അയാളുടെ കൂടെ എത്ര വേഗത്തിലും നടക്കാൻ ഞാൻ ഒരുക്കമായിരുന്നു.

“ആദ്യമൊക്കെ ഇരുട്ടിനെ എനിക്ക് പേടിയായിരുന്നു. ഇരുട്ടിലേക്ക് നോക്കിയാൽ പല നിഴൽ രൂപങ്ങളും മുന്നിൽ തെളിഞ്ഞു കാണാമായിരുന്നു. പിന്നീട് അതൊക്കെയും എന്റെ വെറും തോന്നലുകൾ മാത്രമാണെന്ന് ഞാൻ മനസ്സിലാക്കി. പതുക്കെ പതുക്കെ നിഴൽ രൂപങ്ങളിൽ നിന്നും നോട്ടം പിൻ വലിച്ച് കണ്ണടച്ച് കിടക്കും ഉറങ്ങാൻ കഴിയാതെ, ഉറക്കം വരാത്ത രാത്രികളിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് നാട്ടിലെ ഓർമ്മകൾ അയവിറക്കി ശൂന്യതയിലേക്ക് കണ്ണും നട്ട് കിടന്നിട്ടുണ്ട് ഞാൻ. സഫലീകരിക്കാൻ ബാക്കിയായ ഒരുപാട് മോഹങ്ങളുടെ കൂട്ടുമായി. ഉറക്കമില്ലാത്ത നീണ്ട രാത്രികൾ എനിക്ക് സുപരിചിതമായിരിക്കുന്നു ബാവ്ജി. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് പെട്ടെന്നൊരു നെഞ്ചുവേദന വന്നാൽ, ഒന്നുറക്കെ സഹായത്തിനായി ആരെ വിളിക്കാൻ. ഈ മരുഭൂമിയിൽ ആരാണെന്റെ വിളികേൾക്കുക. മിണ്ടാ പ്രാണികളായ ഇവരോ? കുഴിഞ്ഞ കണ്ണുകളില് ഉരുണ്ടു കൂടിയ മിഴിനീര് തുടയ്ക്കുവാന് അയാള് ഏറെ പണിപ്പെട്ടു.

എല്ലാം എവിടെയോ തീരുമാനിക്കപ്പെടുന്നു. ദൈവത്തിന്റെ ഓരോ തീരുമാനങ്ങള്. ജീവിതത്തില് ഓരോ വേഷം ആടിതീര്ക്കുക തന്നെ. മരണത്തെ ഇന്നെനിക്ക് പേടിയില്ല. ജീവിതത്തെ ഞാന് ജീവിച്ചു തോല്പ്പിക്കുകയാണ്.

“പിന്നെ നിങ്ങളെന്തിനു ഇവിടെയിങ്ങനെ?” എന്റെ സുഹ്രുത്ത് വളരെ വിഷമത്തോടെ ചോദ്യം മുഴുമിപ്പിച്ചു.

“വിശപ്പാണ് ബാവ്ജി ഇതിനൊക്കെയും കാരണം, വിശക്കുമ്പോൾ നമ്മൾ സ്വപ്നം വിട്ട് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരുന്നു. മറ്റൊന്നും ചിന്തിക്കാതെ എന്തെങ്കിലും പ്രവർത്തിചെയ്യാനാഗ്രഹിക്കുന്നു. ആ പ്രവർത്തിയുടെ ഫലവും വിശപ്പിന്റെ ശമനവും എല്ലാം സ്വപ്നങ്ങളേക്കാൾ പ്രാധാന്യമുള്ളവയാണ്. മൂന്ന് നേരം ആഹാരം കഴിക്കുന്നവനു മാത്രമേ സ്വപ്നം കാണുവാനുള്ള അവകാശമുള്ളുവിവിടം. എന്റെ മക്കളെങ്കിലും സ്വപ്നം കണ്ടോട്ടെ ബാവ്ജി. തന്റെ മക്കളെ മൂന്നുനേരവും വയറുനിറപ്പിക്കാനാവുമെന്നുള്ള സ്വപ്നം മാത്രമെ ഞാനിപ്പോ കാണാറുള്ളു. അതിന് ഞാൻ ഇവിടെ നിന്നേ മതിയാകൂ. അറിഞ്ഞുകൊണ്ട് ജീവിതത്തില് ആരെയും ഒരിക്കലും ഉപദ്രവിക്കാന് ശ്രമിച്ചിട്ടില്ല. ചെറിയൊരു പാപം കണ്ടാല് പോലും വേദനിക്കുന്ന എനിക്ക് എന്തിനു ദൈവം ഇങ്ങനെയൊരു വേഷം തന്നു. ചിലപ്പോള് ഇതായിരിക്കും എന്റെ വിധി, അല്ലെ ബാവ്ജി?.”. തന്നിലെ സങ്കടങ്ങൾ പുറത്തുകാണിക്കാതെ അയാൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.

ഞങ്ങൾ നടന്ന് വീണ്ടും പുറപ്പെട്ട സ്ഥലത്തു തന്നെ തിരിച്ചെത്തി. പകൽ ഇരുട്ടിനു വഴിമാറാൻ ഒരുങ്ങിയിരിക്കുന്നു. അയാളോട് യാത്ര പറയാൻ നേരമായി. ജീവിതത്തിൽ ഇങ്ങനെയൊരനുഭവം ആദ്യമായിട്ടാണ്. അതുകൊണ്ടുതന്നെ മനസ്സ് വല്ലാതെ അസ്വസ്ഥനായിരിക്കുന്നു. ഉറ്റവരുടെ ഉന്നതിക്കായി സ്വപ്നങ്ങൾ ത്യജിച്ച ഒത്തിരി ജീവിത വൈവിധ്യങ്ങളിലൊന്നിന്റെ നേർക്കാഴ്ച്ച. അയാളോട് എന്തു പറയണം എന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ രണ്ട് നോട്ടെടുത്ത് അയാളുടെ കയ്യിൽ വച്ചു. അയാളുടെ കണ്ണുകൾ നിറയുന്നത് കണ്ടു.

"ഹൃദയങ്ങളില് നിന്നും ദൈവങ്ങളിലേക്കുള്ള ദൂരം അമ്പലത്തോളമോ പള്ളിയോളമോ അല്ലെന്നു ഞാന് അറിയുന്നു ബാവ്ജി..." അയാള് എന്റെ കൈ മുറുക്കെ പിടിച്ചു പറഞ്ഞു. ആ കൈകള് വിറക്കുന്നുണ്ടായിരുന്നു.
ഞാൻ തിരിഞ്ഞ് വണ്ടിയെ ലക്ഷ്യമാക്കി നടന്നു.

“ഇനി എപ്പോഴാണ് നാട്ടിലേയ്ക്ക്?”, എന്റെ സുഹ്രുത്തിന്റെ ചോദ്യം എനിക്ക് കേൾക്കാമായിരുന്നു.

“അറിയില്ല ബാവ്ജി…” അയാളുടെ ശബ്ദം നേർത്തു വന്നു..

തിരിച്ചു പോരുമ്പോൾ വണ്ടിയിലിരുന്ന് ഞാൻ അയാളെ കുറിച്ച് ചിന്തിക്കുകയായിരുന്നു. അയാളുടെ ശിഷ്ട ജീവിതം മോഹസാഫല്യത്തിനു വേണ്ടിയുള്ള അനാവശ്യകാത്തിരിപ്പാകരുതെ എന്ന് ഞാൻ പ്രാർത്ഥിച്ചു. എന്റെ വിഷമം മനസ്സിലാക്കിയിട്ടായിരിക്കാം സുഹ്രുത്ത് ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഇതാണ് ജീവിതം, ഉള്ളവനും ഇല്ലാത്തവനും വേദന രണ്ടും രണ്ടാണ്”, വണ്ടി കൂടുതൽ വേഗത്തിൽ മുന്നോട്ടു പോയി. ഞാൻ പുറത്തേക്ക് നോക്കി, പുറത്ത് നല്ല കാറ്റുണ്ട്, നാളേയും അയാൾ…

************

9 comments:

  1. തീര്‍ച്ചയായും താങ്കള്‍ ഒരു കഥാകാരന്‍ തന്നെ. വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  2. 'mezhukuthiriye' poole swayam kathyerinju thante priyapettavarkku vendi prakasham choryaan vithikkapetta allenkil athinu vendi jeevitham uzhinju vecha ninte ee bangaliye pole anekam manushirund....oru kudumba nathanayathinte shiksha swayam attuvangunnathu pole..ithokke sahichu avante vaardhakkiyathil avante illaymayil avane pazhikkunna bandukkalaavum avane ethirelkkunnath...
    saijush nannnaiyttund elle baavugangalum..
    thudarnnum ezhuthuka..
    shajahan

    ReplyDelete
  3. kollam nnayayittundu..ineem ezhutooo


    vakkukalude katti krakoioo.. malayalmk kootuka

    ReplyDelete
  4. കൊള്ളാം.. നന്നായിരിക്കുന്നു മരുഭൂമിയില്‍ തനിച്ചു ജീവിക്കുന്ന ആ മനുഷ്യന്റെ വേദനകള്‍ പകര്‍ന്നു തരാന്‍ സൈജു ഭായ്ക്ക് കഴിഞ്ഞിട്ടുണ്ട്

    ReplyDelete
  5. സൈജു ഭായ് വളരെ നന്നായിട്ടുണ്ട്
    പച്ചയായാ ജീവിതം വരുച്ചു കാട്ടാന്‍ ശരിക്കും കഴിഞ്ഞിരിക്കുന്നു......
    ഇനിയും ഒരുപാടു എഴുതാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു......ഒപ്പം ഇനിയുള്ള സൃഷ്ടികള്‍ക്കായി കാത്തിരിക്കുന്നു..

    ReplyDelete
  6. വളരെ യാദ്രിശ്ചികമായാണ് ഇവിടെ എത്തിയത്, ഇങ്ങനെ ഇവിടെ എത്താന്‍ കഴിഞ്ഞതിലും വായിച്ചറിയാന്‍ കഴിഞ്ഞതിലും സന്തോഷം. നന്നായിട്ടുണ്ട് സൈജുഷ്. വളരെ നല്ല ബ്ലോഗ്‌ - എഴുത്തിലും ഡിസൈനിങ്ങിലും... ഇനിയും എഴുതുക. പ്രതീക്ഷയോടെ...

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ഇതാണ് ജീവിതം, ഉള്ളവനും ഇല്ലാത്തവനും വേദന രണ്ടും രണ്ടാണ്”, വണ്ടി കൂടുതൽ വേഗത്തിൽ മുന്നോട്ടു പോയി. ഞാൻ പുറത്തേക്ക് നോക്കി, പുറത്ത് നല്ല കാറ്റുണ്ട്, നാളേയും അയാൾ…

    ano saijj.. vedana randano??

    ReplyDelete
  9. Hi Saiju, Very Gud. “ഇവർ എനിക്കെന്റെ മക്കളെ പോലെയാണ്. രാത്രിയും പകലും എന്റെ സന്തോഷങ്ങളും നൊമ്പരങ്ങളും പരാതികളും പറയുവാൻ ഇവരല്ലാതെ ഇവിടെ എനിക്കാരുമില്ല. ഈ മരുഭൂമിയിൽ ഈയുള്ളവന്റെ സങ്കടങ്ങൾ കേൾക്കാൻ വേറെ ആരു വരാൻ. ദുഖം അധികമാകുമ്പോൾ എനിക്ക് കൂട്ടുണ്ടാകുന്നത് ഇവരൊക്കെയാണ്. മനസ്സിന്റെ ഭാരമിറക്കിവെക്കാൻ ഒരു അത്താണി.”
    ഒരുപക്ഷേ ഇത് കാലത്തിന്റെ തീരുമാനമായിരിക്കാം. എല്ലാം മാറ്റിമറിക്കുന്ന കാലത്തിനെ പഴിപറഞ്ഞിരിക്കാമെന്നല്ലാതെ ഒന്നും തിരിച്ചെടുക്കാനോ മാറ്റങ്ങൾ ആഗ്രഹിക്കാനോ നമുക്കാവില്ലല്ലോ?” അയാളുടെ മൂർച്ചയുള്ള വാക്കുകൾ എന്നിൽ തറച്ചുകയറി. എല്ലാം എവിടെയോ തീരുമാനിക്കപ്പെടുന്നു. ദൈവത്തിന്റെ ഓരോ തീരുമാനങ്ങള്. ജീവിതത്തില് ഓരോ വേഷം ആടിതീര്ക്കുക തന്നെ. മരണത്തെ ഇന്നെനിക്ക് പേടിയില്ല “വിശപ്പാണ് ബാവ്ജി ഇതിനൊക്കെയും കാരണം, വിശക്കുമ്പോൾ നമ്മൾ സ്വപ്നം വിട്ട് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരുന്നു. മറ്റൊന്നും ചിന്തിക്കാതെ എന്തെങ്കിലും പ്രവർത്തിചെയ്യാനാഗ്രഹിക്കുന്നു.
    Iniyum kure important blog ezhuthiyittundu ithil. ellavarudeyum vedhana onnalle saiju. athinu roopam, bhavam undo? ethayalum valare valere nannayittundu. All theb est.

    ReplyDelete