[16-10-2010നു മലയാള മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു വന്ന കഥ]
ബള്‍ബിന്റെ അരണ്ട വെളിച്ചത്തില്‍ ഇരുന്നു എഴുതിയതുകൊണ്ടാകാം കണ്ണ് വല്ലാതെ വേദനിക്കാന്‍തുടങ്ങിയിരിക്കുന്നു. കമ്മറ്റി പ്രസിഡന്‍ണ്ട് ആയതുകൊണ്ട് ഈ വക എഴുത്ത് കുത്തുകളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ പറ്റില്ലല്ലോ. എന്തായാലും ഈയൊരു പ്രസിഡന്‍ണ്ട് സ്ഥാനത്തിനു അതിന്റേതായവിലയുള്ളതുകൊണ്ട് സ്ഥാനം ഒഴിഞ്ഞു കൊടുക്കാനും ഒരു പ്രയാസം തന്നെ. സമയം ഏഴ് കഴിഞ്ഞു, ഈപ്രദേശത്ത് എട്ടിനാണ് കറന്റ് കട്ട് അതിനുമുമ്പേ പ്രോഗ്രാം ചാര്‍ട്ട് എഴുതി തീര്‍ക്കാനുള്ള തത്രപാടിലാണ്. മേരി അടുക്കളയില്‍ നാളെയ്ക്കുള്ള ഭക്ഷണത്തിന്നു ചിക്കന്‍ മുറിക്കുന്ന തിരക്കിലാണ്. കൂടെ മോളെ നാളത്തെ പ്രോഗ്രാമിന് പ്രാര്‍ത്ഥന ചൊല്ലിക്കാനുള്ള പ്രാക്ടീസും ഒരു സൈഡിലൂടെനടക്കുന്നുണ്ട്.
"പപ്പാ, ഈ ഡ്രെസ്സ് മതിയോ നാളേയ്ക്കു? ഇളയമകള്‍ ഓടിവന്നു ചോദിച്ചു,
"മോള് പോയി അമ്മയോട് ചോദിക്ക്.." എന്ന് പറഞ്ഞു ആ ഉത്തരവാദിത്വം മേരിയെ ഏല്‍പ്പിച്ചു. അതെന്നും ഉള്ളതാ, ഈ വക കാര്യങ്ങള്‍ എന്നും പെണ്ണുങ്ങള്‍ നോക്കുന്നത് തന്നെയാ ഉചിതം. മനസ്സില്‍ഒന്നുടെ ഉറപ്പിച്ചു പറഞ്ഞു.
അത് മാത്രമല്ല ഈയിടെയായി മേരിയും വളരെ സന്തോഷത്തിലാണ്. ഈയൊരു പരിപാടി തുടങ്ങിയതില്‍ പിന്നെ അവളാകെ ത്രില്ലില്ലാണ്. അവള്‍ എന്നല്ല, ഈ പഞ്ചായത്തിലെ സര്‍വ്വപെണ്ണുങ്ങളും സന്തോഷത്തിലാണെന്ന് തോന്നുന്നു. കാരണം എന്താ? അവര്‍ക്ക് ഉടുത്തൊരുങ്ങി പോകാനും നുണ പറയുവാനുമൊക്കെ ഇപ്പൊ ഒരു വേദി ആയി.
" അതേ, ഇച്ചായാ.. നാളെ എത്രപേരുണ്ടാകും ഏകദേശം?" മേരി ഉറക്കെ വിളിച്ചു ചോദിച്ചു.
എത്രയാള്‍ക്കാര്‍ കാണും എന്നത് തനിക്കും നിശ്ചയമില്ലായിരുന്നു. കഴിഞ്ഞ തവണ നാല്‍പ്പതുപേരുണ്ടായിരുന്നു. എന്തായാലും ഇത്തവണ അതിലേറെ ആകാനാണ് സാധ്യത.
"എത്രപേര്‍ക്കുള്ള കറിയുണ്ടാക്കേണ്ടി വരും?" മേരി കൂട്ടി ചേര്‍ത്തു.
"ഒരു അന്‍പത് അന്പതഞ്ചു പേരെ എന്തായാലും പ്രതീക്ഷിക്കാം. അതിലേറെ ഉണ്ടാകാനുള്ള സാധ്യതകുറവാണ്. ഈ പഞ്ചായത്തിലുള്ളവര്‍ മാത്രമല്ലേ കാണു. ആപ്പോ അതില്‍ കൂടുതല്‍ വരില്ല." ഞാന്‍ഉറപ്പിച്ചു പറഞ്ഞു.
"കഴിഞ്ഞ തവണ സുമതി ചേച്ചി ഉണ്ടാക്കിയ ചിക്കന്‍കറി അത്ര നന്നായില്ല അല്ലെ ഇച്ചായ..." മേരിയുടെ ആ ചോദ്യത്തില്‍ ഒരുപാട് കുശുമ്പിന്റെ ഓളങ്ങള്‍ ഒഴുകി വന്നു.
"ഉം..." ഞാന്‍ അതിനെ കുറിച്ചൊന്നും പ്രതികരിക്കാന്‍ പോയില്ല. ഒരു സന്തുഷ്ട കുടുംബ ജീവിതം നയിക്കാന്‍ ഇത്തരം മൂളലുകള്‍ ആവശ്യമാണെന്ന് പലപ്പോഴും ഞാന്‍ മനസ്സിലാകിയതായിരുന്നു.
"എന്തായാലും അതിലും നന്നാവും ഇത്തവണത്തേത്" മേരി ഉറച്ച ഒരു തീരുമാനം എടുത്ത പോലെപറഞ്ഞു.
ഞാന്‍ വീണ്ടും ഒന്ന് അമര്‍ത്തി മൂളി.
അവളിങ്ങനെ പറയാന്‍ അതിന് പ്രത്യേക കാരണവും ഉണ്ടായിരുന്നു. ഇത്തവണ ചിക്കന്‍ കറിയുടെ ഉത്തരവാദിത്വം മേരി തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.
മൂത്ത മകള്‍ ഉറക്കെ പ്രാര്‍ത്ഥന ചൊല്ലി പഠിക്കുന്നത് അയല്‍വക്കം മുഴുവനായും കേള്‍ക്കാം. തന്റെമകള്‍ ഇതുവരെ പരീക്ഷയുടെ തലേ ദിവസം പോലും ഇത്രയും ആത്മാര്‍ഥതയോടെ പഠിക്കുന്നത് ഞാന്‍കണ്ടിട്ടില്ല... ഇതിപ്പോ സ്വന്തം അപ്പന്‍ പ്രസിഡന്‍ണ്ട് ആയിരിക്കുന്ന കമ്മറ്റി ഒരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ മകള്‍ എന്ങ്ങനെ മാറി നില്‍ക്കും എന്ന് കരുതിയാകും... അടുക്കളയില്‍ കൂടെമേരിയും പാടുന്നുണ്ട്.
"മേരിയെ... അങ്ങേതിലെ ശാന്ത ചേടത്തിയുടെ വീട്ടിലാണ് നാളത്തെ പാലിന് ഏര്‍പ്പാട്ചെയ്തിരിക്കുന്നത്. നിന്റെ ഈ പാട്ട് കേട്ട് അവിടുത്തെ പശുവെങ്ങാനും ഓടി പോയാല്‍ നാളത്തെ പരിപാടി കൊളമാകുമേ..."
എന്റെ തമാശ ദാഹിക്കാഞ്ഞിട്ടോ അതോ കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കിയിട്ടോ അതിന് ശേഷം മേരിയുടെ ശബ്ദം പുറത്തു കേട്ടില്ല. ഒരുപക്ഷെ ആ സാഹസത്തിന് ഒരുമ്പെട്ടില്ല എന്ന് പറയുന്നതാകും ഉത്തമം.
പുറത്തു നിന്നും ആരോ വിളിക്കുന്നത് പോലെ തോന്നി. ഇനി മേരിയുടെ പാട്ട് കേട്ട് നിലവിളി ആണെന്ന്കരുതി ആരേലും വന്നതാണോ ആവോ? അതോ എനിക്ക് തോന്നിയതോ ? ഒന്നൂടെ ചെവിയോര്‍ത്തു.
"സക്കറിയാ..." ശബ്ദം ഉറക്കെയായി...
അല്ല ഇതു തോന്നലല്ല....
ഉടനെ എഴുന്നേറ്റു വാതില്‍ തുറന്നു.
പഞ്ചായത്ത് പ്രസിഡന്‍ണ്ട് കുമാരേട്ടന്‍ മോണ കാട്ടി ചിരിച്ചു കൊണ്ട് മുന്നില്‍ നില്‍ക്കുന്നു.
"നാളത്തെ പ്രോഗ്രാം ചാര്‍ട്ട് തയ്യാരക്കിയോ സക്കറിയാ...??" ആകാംഷയോടെ കുമാരേട്ടന്‍ ചോദിച്ചു.
" ഇല്ല, സ്വാഗത പ്രസംഗം ആരേകൊണ്ട് ചെയ്യിക്കണം എന്ന ഒരു കണ്ഫ്യൂഷനിലാണ് ഞാന്‍, കഴിഞ്ഞ തവണ കുമാരേട്ടന്‍ ആയിരുന്നല്ലോ, ഇത്തവണ ഒരു മാറ്റം ആയിക്കോട്ടെ എന്ന് കരുതി." ഞാന്‍ മുഴുമിപ്പിച്ചു.
കഴിഞ്ഞ തവണത്തെ സ്വാഗത പ്രസംഗം അറു ബോറായിരുന്നു എന്നെനിക്ക് മുഖത്തു നോക്കിപറയണം എന്നുണ്ടായിരുന്നു. പിന്നെ അതിന് മുതിര്‍ന്നില്ല.
എന്റെ തീരുമാനം ഇഷ്ടപെടാത്ത പോലെ കുമാരേട്ടന്‍ ഒന്ന് ഇരുത്തി മൂളി.
"പിന്നെ ആരെയാക്കാനാ പരിപാടി?" മുഷിപ്പോടെ കുമാരേട്ടന്റെ ചോദ്യം.
"അതിപ്പോ, പിള്ള സാറിനെ കൊണ്ട് ആക്കിച്ചാലോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്...ഈപഞ്ചായത്തിലെ ഒട്ടുമിക്ക കുട്ടികള്‍ക്കും ആദ്യാക്ഷരം ചൊല്ലികൊടുത്തത് പിള്ള സാറല്ലേ, ആപ്പോഎന്തായാലും തെറ്റാകില്ല"
"എന്തായാലും താന്‍ ആ പ്രോഗ്രാം ചാര്‍ട്ട് ഒന്ന് കാണിച്ചേ സക്കറിയാ.."
പറഞ്ഞു തീരുന്നതിനു മുമ്പേ കുമാരേട്ടന്‍ എന്റെ കയ്യില്‍ നിന്നും അത് പിടിച്ചു വാങ്ങിച്ചു.
" പ്രാര്‍ത്ഥന, സ്വാഗത പ്രസംഗം, വായനശാല പുസ്തക ശേഖരണം, ടീ ബ്രേക്ക്, പരിസരശുചീകരണം, ലഞ്ച് ബ്രേക്ക്, കുട്ടികളുടെ കലാ പരിപാടികള്‍, നന്ദി " ഒറ്റ ശ്വാസത്തില്‍ അത് വായിച്ച്തിരികെ തന്നു.
"അല്ല പരിപാടിയില്‍ മാറ്റം വരുത്താന്‍ കമ്മറ്റിക്ക് അധികാരം ഉണ്ട്" ഞാന്‍ പറഞ്ഞു.
"എന്നാല്‍ ഞാന്‍ ഇറങ്ങുന്നു സക്കറിയാ, നാളെ എന്റെ ഐറ്റം മോര് കറിയാണ്. രാവിലെ എഴുന്നേറ്റ്സൊസൈറ്റിയില്‍ പോയി മോര് വാങ്ങിച്ചു വരണം. അതുകൊണ്ട് ഇന്ന് നേരത്തെ കിടക്കണം."
"ഓ, ശരി കുമാരേട്ട," എളുപ്പം ചെന്നാട്ടെ എന്ന മട്ടില്‍ ഞാനും തലയാട്ടി പ്രോത്സാഹിപ്പിച്ചു.
സമയം എട്ടുമണി ആകാറായി...
മകള്‍ പ്രാക്സ്ടീസൊക്കെ നിറുത്തി ടിവിയുടെ മുന്നില്‍ ഇരുത്തം ഉറപ്പിച്ചിരിക്കുന്നു.
അടുക്കളയില്‍ മേരി ചിക്കന്‍ മുറിച്ചു കഴിഞ്ഞ് , ജോലി ഒക്കെ തീര്‍ത്ത് എന്റെ അടുത്തു വന്നിരുന്നു.
"ഇച്ചായാ, നിങ്ങള്‍ മറ്റേതു വാങ്ങിച്ചിരുന്നോ?"
"ഈ വയസ്സാം കാലത്താണോ എന്റെ മേരിയെ നിനക്ക് ഇങ്ങനെ ഉള്ള ചിന്തകളൊക്കെ...?"
"ഒന്ന് പോ ഇച്ചായ, ഞാന്‍ കുപ്പിടെ കാര്യാ പറഞ്ഞെ...നിങ്ങള്‍കൊക്കെ പരിപാടി കഴിഞ്ഞ് ഒന്ന്മിനുങ്ങണ്ടായോ? " ഒരു ചെറു നാണത്തോടെ മേരി ചോദിച്ചു.
"അതൊക്കെ ഇപ്പോഴേ കരുതിയതാ..." ചിരിച്ചു കൊണ്ട് പറഞ്ഞു.
"പപ്പാ.. ഒന്നിങ്ങു വന്നെ..." ടിവിയുടെ മുന്നിലിരുന്നു മകള്‍ ഉറക്കെ വിളിച്ചു.
നമ്മള്‍ രണ്ടുപേരും മകളുടെ വിളിയിലെ പന്തികേട് മനസ്സിലാക്കി ഉടനെ തന്നെ ഓടി ചെന്നു.
"ദേ കണ്ടോ?" മകള്‍ ടിവി ചൂണ്ടി കാണിച്ചു.
"ചതിച്ചോ കര്‍ത്താവേ.." മേരി ടിവി നോക്കി നിലവിളിച്ചു.
മകള്‍ ടിവിയിലെ ന്യൂസ് ചാനലിലെ സ്ക്രോള്‍ നോക്കി വായിച്ചു.
"ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ നാളെ നടത്താനിരുന്ന ഹര്‍ത്താല്‍ ഉപേക്ഷിച്ചതായി ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നു..."
"ഇച്ചായ എന്റെ ചിക്കന്‍ കറി....? മേരി ഉറക്കെ വിളിച്ചു ചോദിച്ചതും കറന്റ് പോയതും ഒരുമിച്ചായിരുന്നു.
പ്രോഗ്രാം ചാര്‍ട്ട് ഞാന്‍ ഭദ്രമായി മടക്കി കീശയില്‍ വച്ചു. ഇനിയും വരാനിരിക്കുന്ന ഹര്‍ത്താലിനെയും കാത്ത്... ഹര്‍ത്താലും ഒരു ആഘോഷമാക്കാന്‍...
ഹര്‍ത്താല്‍ രചന നന്നായി കേട്ടോ.....പറ്റിയാല്‍ എന്നേലും നേരില്‍ കണ്ടു അഭിനന്ദിക്കാന്‍ വലിയ ആഗ്രഹം ഉണ്ട്
ReplyDeletevery very good. Hartal undayalum illengilum power cut mudangilla. God's own countryude vidhi change cheyyan Godnu polum kazhiyilla..................Good one Saiju....
ReplyDeleteഹ ഹ ഹ.. കൊള്ളാം സൈജുഷ്.. നന്നായിട്ടുണ്ട്... ഹര്‍ത്താല്‍ ഇങ്ങനെയും ആഘോഷിക്കാം....
ReplyDelete