Tuesday, September 28, 2010

കന്‍ഹാറിന്റെ തീരം...


ആവൊ ആസ്മാന്‍ മാത്ര സുന്ദയന്തു
ക്രിതെനാനോ കൃതഖ്ക്വ കുനാന്‍തു...
പിണ്ഡം സമര്‍പ്പയാമീ..

ഒരു നിമഷം നിറുത്തി അയാള്‍ ചോദിച്ചു..

"പേര്?"


"ആര്‍ക്കാണ് പിണ്ഡം വയ്ക്കേണ്ടത്? എന്താണ് കര്‍മ്മം ചെയ്യേണ്ടുന്ന ആളിന്റെ പേര്?

"പേര്...പേര്...അറിയില്ല" ഞാന്‍ പറഞ്ഞു.

"ആരെന്നു ചോദിച്ചാല്‍.. അതും അറിയില്ല..." ഞാന്‍ മുഴുമിപിച്ചു.


ഒരു നിമിഷം ആ ശുദ്ധ ബ്രാഹ്മണന്‍ എന്റെ മുഖത്തേക്ക് ശങ്കിച്ചു നോക്കി.

"അതായിരുന്നു സത്യം - ആ കുട്ടിയുടെ പേരെന്തായിരുന്നുവെന്നു എനിക്കറിയില്ലായിരുന്നു , ഞാന്‍ ചോദിച്ചപ്പോഴോക്കെയും അവള്‍ ഈ നദിയിലേക്ക് നോക്കി ചിരിച്ചു നിന്നതേയുള്ളൂ ." ഞാന്‍
ഓര്‍ത്തു.

പേരറിയാതെ ആര്‍ക്കാണ് ബലിയിടുന്നത്... അയാല്‍ കുപിഷ്ടനായി.

"അറിയാം പേരറിയാം... പേര്.. പേര് - കന്‍ഹാര്‍..." ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.


അയാള്‍ എന്റെ മുഖത്തേക്ക് നോക്കി, പിന്നീട് എന്തോ മനസ്സിലാക്കിയ പോലെ കര്‍മ്മങ്ങളില്‍ മുഴുകി.

" അതേ കന്‍ഹാര്‍", ഈ നദിയുടെ പേരുതന്നെ ആയിരുന്നിരിക്കാം അവള്‍ക്കും...

"പക്ഷെ അത് എന്റെ വെറും ഊഹം മാത്രമല്ലെ?" ഞാന്‍ സ്വയം ചോദിച്ചു.

"ഞാന്‍ അവള്‍ക്കു ആരെന്നു ചോദിച്ചാല്‍...
എന്താ പറയുക... ഓരോ മനസ്സിന്റെ ഉള്ളിലും മൌനമായ ഒരു ഭാഷയുണ്ട്. അതില്‍ കൂടി അന്യോന്യം സംവദിക്കാന്‍ കഴിയുന്നു. അവിടെ ഒരു വാചിക ഭാഷയുടെ ആവശ്യമില്ലാതെ തന്നെ എല്ലാം മനസ്സിലാക്കുകയും പങ്കുവെക്കുകയും ചെയ്യാം. അതില്‍ നിന്നും ഒരു ബന്ധം ഉടലെടുക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.... അങ്ങനെ ഒരു ബന്ധമാണോ നമ്മളെ തമ്മില്‍...? അറിയില്ല... പക്ഷെ ഇങ്ങനെ ഒക്കെ ചിന്തിക്കാന്‍ മാത്രം അവള്‍ എനിക്ക് .‍.."

ചിന്തകള്‍ കാടു കയറുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍... അവള്‍ക്കായ് ചെയ്യുന്ന കര്‍മ്മത്തില്‍ ശ്രദ്ധ കൊടുത്തു.

ആ ബ്രാഹ്മണന്‍ കര്‍മ്മങ്ങള്‍ ഒക്കെയും തീര്‍ത്ത് പോകുന്നത് വരെ ഞാന്‍ അയാളെ തന്നെ നോക്കി നിന്നു.

എല്ലാം കഴിഞ്ഞതിനു ശേഷവും ഞാന്‍ കുറെ നേരം അവിടെ, ആ നദിയുടെ തീരത്ത്‌ തന്നെയിരുന്നു. എന്റെ മനസ്സ് വല്ലാതെ ആഗ്രഹിചിട്ടുണ്ടായിരുന്നു - ഇവിടെ ഈ തീരത്ത് ഇന്ന് ഒരുപാടു നേരം
ഇരിക്കാനായി‍. വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ തീരത്ത്‌ വച്ചായിരുന്നു ഞാന്‍ അവളെ ആദ്യം കാണുന്നത്. ഇപ്പോഴും എത്രയോ വ്യക്തമാണ്, എന്റെ മനസ്സില്‍ ഇന്നും - എന്നും തെളിയുന്ന അവളുടെ മുഖം. ഓര്‍മ്മകള്‍ അഞ്ചാറു വര്‍ഷം പിറകോട്ടു സഞ്ചരിച്ചു.


ജീവിതം യൌവനാരംഭഘട്ടത്തിലായിരുന്നു. ലക്ഷ്യമോ മാര്‍ഗാമോ ഇല്ലാതെ മനസ്സ് മുന്‍പേ നടന്ന കാലം, കടന്നു പോയ വഴികളില്‍ ഹൃദയത്തെ സ്പര്‍ശിച്ച കാഴ്ചകളും ആളുകളും അനേകം എന്ന് എടുത്തു പറയാം. ഓരോ യാത്രയ്ക്കിടയിലും ഓരോ മുഖങ്ങളെ നാം കണ്ടു മുട്ടുന്നു.  ഒരു മിന്നായം പോലെ മാഞ്ഞു പോകുന്ന കുറെ മുഖങ്ങള്‍, അതില്‍ മനസ്സില്‍ പതിയുന്നവ ചിലതും. അങ്ങനെ ഒരുനാള്‍ എവിടെക്കെന്നില്ലാത്ത യാത്രയില്‍ ചെന്നെത്തിയത് ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ മിര്‍സപൂര്‍ എന്ന ഗ്രാമത്തില്‍. തികച്ചും അപരിചിതമായ ഗ്രാമം, വഴിയോരങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്ന ഖവാലിയുടെ താളം മാത്രമായിരുന്നു എനിക്ക് പരിചിതമായിരുന്നത്. വഴിനീളെ വഴിവാണിഭക്കാര്‍ മഞ്ഞില്‍ നിന്നും രക്ഷനേടാന്‍ വലിയ കുടകള്‍ നിവര്‍ത്തി കച്ചവടം ചെയ്യുന്ന കാഴ്ചകളായിരുന്നു എവിടെയും. എന്റെ മുഖം അപരിചിതമായത് കൊണ്ടാകാം, അതോ എനിക്ക് തോന്നിയതോ എന്നറിയില്ല, എല്ലാം ഒരു സംശയ ദൃഷ്ടിയോടെ മാത്രം കാണുവാന്‍ ആഗ്രഹിക്കുന്ന ജനങ്ങളായിരുന്നു അവിടുത്തേത്. ബസ്സില്‍ നിന്നുമിറങ്ങി അടുത്തു കണ്ട ഒരു ലോഡ്ജില്‍ തന്നെ മുറിയെടുത്തു. അതിനെ ലോഡ്ജെന്നു പറയാന്‍ പറ്റില്ല, ഒരു പീടികയുടെ മുകളിലെ മുറി. കയ്യില്‍ ഒരു ബാഗുമായി നടക്കുന്ന തനിക്ക് അത് തന്നെ അതികമായിരുന്നു.

മുറിയിലിരുന്നു മടുക്കുമ്പോള്‍ വൈകുന്നേരങ്ങളില്‍ പതിവായി അവിടുത്തെ വിജനമായ തെരുവിലൂടെ നടക്കുക പതിവാക്കി ഞാന്‍.
അറ്റം നോക്കാതെയുള്ള നടത്തം, ഒടുവില്‍ എന്നും എത്തിച്ചേരുന്നത് ഈ കാന്‍ഹാറിന്റെ തീരത്ത് മാത്രം. വാസ്തവം എന്തെന്നാല്‍ അവിടം വരെ നടക്കുമ്പോള്‍ എനിക്ക് കിതച്ചു തുടങ്ങുമായിരുന്നു. എന്തോ ഈ നദിയുമായി എനിക്കെന്തോ ആത്മബന്ധം ഉള്ളതുപോലെ ഒരു അനുഭൂതി അവിടെ എത്തുമ്പോള്‍ എന്നും എന്ന്നിലുണര്‍ന്നു എന്നും പറഞ്ഞു ഞാന്‍ എന്റെ മനസ്സിനെ തൃപ്തിപ്പെടുത്തും. ‌പിന്നീടോര്‍ക്കുമ്പോള്‍ അത് ശരിയായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുമുണ്ട്. അതുകൊണ്ടാവാം അകലെ ചെങ്കുത്തായ മലനിരകള്‍ക്ക്‌ മുകളില്‍ തെളിഞ്ഞ്‌ ചിരിക്കുന്ന പൂര്‍ണ്ണ ചന്ദ്രനെ കാണുന്നതു വരെ ഞാന്‍ അവിടെ ഇരുന്നിരുന്നത്. കുറച്ച് ദിവസങ്ങള്‍ കൊണ്ട് ഞാന്‍ അവിടെയും അവിടുത്തെ ചുറ്റുപാടുകളും ശ്രദ്ധിച്ചു തുടങ്ങി, ഒപ്പം അവളെയും - എന്നെപോലെ വൈകുന്നേരങ്ങളില്‍ ഈ തീരത്ത്‌ വന്ന്, ശാന്തമായി ഒഴുകുന്ന ഈ നദിയിലേക്ക് നോക്കിയിരിക്കുന്ന സുന്ദരിയായ പതിനെട്ടുകാരിയെ. അവളുടെ വശ്യമായ കണ്ണുകളും പ്രസരിപ്പുമുള്ള മുഖഭാവത്തോട് കൂടിയ വെളുത്തു നീണ്ട ശരീരവും എന്റെ മനസ്സ് അവളിലേക്ക്‌ അടുപ്പിക്കാന്‍ ധൃതി കൂട്ടി. എന്നും അവളുടെ കണ്ണിലെ നക്ഷത്രതിളക്കം എന്നിലേക്കെത്താന്‍ ഞാന്‍ ആകാംഷയോടെ കാത്തിരുന്നു. പിന്നീട് എന്നും ആ നദിയുടെ ഏതെങ്കിലും ഒരു ഓരത്ത്‌ അവള്‍ ഇരിപ്പുണ്ടാകും എന്ന പ്രതീക്ഷ എന്നെ സായാഹ്നയാത്രകളിലേക്ക്‌ നയിക്കുമായിരുന്നു. കുറച്ചേറെ ദിവസം ആ ഗ്രാമത്തില്‍ തങ്ങുവാനും അവള്‍ ഒരു കാരണമായി. ആ മുഖം എന്നെ വല്ലാതെ ആകര്‍ഷിച്ചു എന്ന് തന്നെ വേണം പറയാന്‍, അല്ലായിരുന്നെങ്കില്‍ ഒരു പരിചയവുമില്ലാതെ അവളോട് സംസാരിക്കുവാനുള്ള ധൈര്യം കാണിക്കില്ലായിരുന്നു  ഞാന്‍.

അങ്ങനെ ഒരുദിവസം സധൈര്യം ഞാന്‍ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു,

"എത്ര മനോഹരമാണ് ഈ നദി അല്ലെ... നിങ്ങളെ പോലെ ഞാനും എന്നും ഈ നദിയുടെ തീരത്ത്‌ വന്നിരിക്കാറുണ്ട്.. എത്ര ദിവസം എന്നറിയില്ല, എങ്കിലും ഇവിടെ ഉള്ളപ്പോഴൊക്കെ എന്നും വന്നിരിക്കാന്‍ തോന്നും... നിങ്ങള്‍...? "

വിളിക്കാതെ വന്ന വിരുന്നുകാരനെ പോലെ അവള്‍ എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.
"ഞാന്‍... ഞാന്‍..." അപരിചിതത്ത്വം പാടെ വിഴുങ്ങി, അവള്‍ ആ നദിയിലേക്ക് നോക്കി തുടര്‍ന്നു.

"അതേ, മനോഹരം... കാണുന്നവര്‍ക്ക് എത്രയോ മനോഹരം.. പക്ഷെ ഈ നദിക്കുമുണ്ടാകില്ലേ അവളുടെ ദുഃഖങ്ങള്‍ പറയാന്‍... ആ ദുഖങ്ങളൊന്നും കേള്‍ക്കാന്‍ ആരും ശ്രമിക്കുന്നില്ല..." അവള്‍ എന്നെ നോക്കി കണ്ണുകള്‍ തുടച്ചു.
പിന്നീട് തിരിഞ്ഞു നോക്കാതെ എവിടേക്കോ ഓടി മറഞ്ഞു.

ഞാന്‍ ഒന്നും മനസ്സിലാകാതെ അവിടെ തരിച്ചു നിന്നു... എന്നില്‍ നിന്നും യാതൊരുവിധ പ്രകോപനങ്ങളും ഇല്ലാതെ ആ കുട്ടി ഇങ്ങനെ പ്രതികരിച്ചത്, എന്നില്‍ അത്ഭുത
വും പേടിയും ഉളവാക്കി. ഞാന്‍ ചുറ്റുംനോക്കി, ആരും തന്നെ ശ്രെദ്ധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അവിടെ നിന്നും മുറിയിലേക്ക് മടങ്ങി. അന്ന് കിടന്നിട്ടു ഉറക്കം വന്നതേയില്ല. ആ കുട്ടിയുടെ നിറകണ്ണുകള്‍ എന്റെ മുന്നില്‍ മിന്നി മറഞ്ഞു.

പിറ്റേ ദിവസം ഒരു ഭയത്തോടെ ആണെങ്കിലും ഞാന്‍ അവിടേക്ക് പോയി.. എന്നത്തെയും പോലെ ഇന്നും അവള്‍ അവിടെയുണ്ടാകും എന്ന പൂര്‍ണ്ണ ബോദ്യമുണ്ടായിരുന്നു എനിക്ക്. ഇന്നും അവള്‍ അവിടെ ഉണ്ടായാല്‍, എങ്ങനെ എന്നോടു പെരുമാറും എന്ന് ഞാന്‍ ഭയന്നു. പക്ഷെ ഞാന്‍ തെറ്റൊന്നും ചെയ്തില്ലല്ലോ, പിന്നെ ഞാന്‍ എന്തിനു ഭയക്കണം..? മനസ്സ് പ്രതികരിച്ചു.

എന്തിനായിരുന്നു ആ കുട്ടി എന്നോട് അങ്ങനെ...? മനസ്സില്‍ ഈ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഞാന്‍ പോകുമ്പോഴേക്കും ആ നിളയുടെ തീരത്ത്‌ അവള്‍ എന്നെ കാത്തിരിക്കുകയായിരുന്നു.
എന്നെ കണ്ടയുടനെ അവള്‍ എന്റെ അരികിലേക്ക് ഓടി വന്നു.
ഞാന്‍ ആദ്യമൊന്നു പതറി. അവള്‍ കിതച്ചുകൊണ്ട് നിന്നു.

"ഞാന്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നു..." അവള്‍ എന്റെ കണ്ണില്‍ നോക്കി പറഞ്ഞു.

"ഇന്നലെ ഞാന്‍ അങ്ങേയോടു എന്തൊക്കെയോ പറഞ്ഞു. ഒന്നും വേണമെന്ന് കരുതിയല്ല... മനസ്സില്‍ എന്തോ ഓര്‍ത്തു,
മൊഴിയില്‍ മറ്റെന്തോ വന്നു.." അവള്‍ തല താഴ്ത്തിക്കൊണ്ട് പറഞ്ഞു.

വിഷാദത്തിന്റെ സ്ഥായിയായ ഒരേയൊരു ഭാവം മാത്രമായിരുന്നു ആ മുഖത്തപ്പോള്‍ തെളിഞ്ഞു വന്നത്.. ആ മുഖത്തെ ഓരോ ഭാവങ്ങളും വെവ്വേറെ വായിച്ചെടുക്കുന്നതില്‍ ഞാന്‍ പരാജയപ്പെടുകയായിരുന്നു. ദിവസവുമുള്ള ഞങ്ങളുടെ കണ്ടു മുട്ടലുകളുടെ ഇടയിലുണ്ടാകുന്ന ഏതോ ഒരു വികാരം കൊണ്ടാകാം ചിലപ്പോള്‍ അവളെ കുറിച്ചറിയാനും കൂടുതല്‍ അടുക്കുവാനും എന്റെ മനസ്സ് മോഹിച്ചത്. അതുകൊണ്ട് തന്നെയാകാം ഓരോ ദിവസവും അവളെ കാണുവാനുള്ള ആകാംഷയുടെ തീവ്രത വര്‍ദ്ധിച്ചു വന്നതും.
 

ദിവസങ്ങള്‍ കഴിഞ്ഞു, നമ്മുടെ സംസാരത്തിന്റെ ദൈര്‍ഖ്യം കൂടി . പക്ഷെ എന്നും അവളെ കുറിച്ച് ഒര്കുംപോഴൊക്കെയും മനസ്സില്‍ ശൂന്യത മാത്രമായിരുന്നു. കാരണം അവള്‍ എന്നും സംസാരത്തില്‍ അവളെ കുറിച്ച് മാത്രം പറഞ്ഞില്ല. എന്നും അവള്‍ പോകുമ്പോള്‍ എന്റെ മനസ്സില്‍ ഞാന്‍ ചിന്തിച്ചത് ഇനി വീണ്ടും തമ്മില്‍ കാണാന്‍ നാളെയെന്ന ആ നീണ്ട സമയത്തെ വരവേല്‍ക്കെണമെന്ന സത്യം മാത്രമായിരുന്നു. അത്രയതികം അവള്‍ എന്നില്‍ ആഴ്ന്നു കഴിഞ്ഞിരുന്നു. ഒരു വാക്കുകൊണ്ട് പോലും ഏതെങ്കിലും ഒരു ബന്ധത്തിന്റെതായ ഇഴകള്‍ പാകിയിട്ടില്ലാത്ത അവള്‍ക്കു വേണ്ടി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിരിക്കുന്നു.


ഒരു ദിവസം വളരെ വൈകിയാണ് അവള്‍ വന്നത്, ചോദിച്ചപ്പോള്‍ മൌനം മാത്രമായിരുന്നു അവളുടെ മറുപടി, കുറെനേരം അവള്‍ മൌനമായി ആ നിളയെ നോക്കിയിരുന്നു, ഒടുവില്‍ ഒരു ദീര്‍ഖ നിശ്വാസത്തിനു ശേഷം എന്നെ നോക്കി പറഞ്ഞു.

"നിലവിളക്കില്‍ മരണം കാത്ത് സ്വയം എരിയുന്ന അഗ്നിയെപ്പോലെയാണ് ഇന്ന് ഞാന്‍. നാളെയോ മറ്റന്നാളോ അത് സംഭവിച്ചേക്കാം - എന്റെ മരണം " ഒരു വിങ്ങലോടെ അവള്‍ പറഞ്ഞു.

ഞാന്‍ ഭയത്തോടെ അവളെ നോക്കി... ആ കുട്ടിയുടെ മിഴികളില്‍ ഭീതിയുടെ നിഴല്‍ തെളിഞ്ഞു കാണാം.

"അതേ സാര്‍, ഒരു പെണ്ണിനെ സംബന്ധിച്ച് അവള്‍ക്ക് മരണം രണ്ടാണ്. ഒന്ന് ആത്മാവ് ശരീരം വിട്ടു പോകുമ്പോള്‍, രണ്ടാമത്തേത് ശരീരം ആത്മാവിനെ വിട്ടു പോകുമ്പോള്‍." അവള്‍ തുടര്‍ന്നു.

"മനസ്സിലായില്ല..." ഞാന്‍ പറഞ്ഞു. സ്ത്രീ ഒരു നിഗ്ഗൂഡതയാണെന്നും, അവളെ അളക്കുവാനുള്ള നമ്മുടെ ശ്രമം വിഫലമാകുമെന്നും പറഞ്ഞ ഓഷോയുടെ വാക്കുകള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി, ഞാന്‍ ഒരു കൊച്ചു കുട്ടിയെ പോലെ അവളെ നോക്കി നിന്നു.

" അതേ സാര്‍ അവള്‍ തുടര്‍ന്നു, ആദ്യം പറഞ്ഞത്, ആര്‍ക്കും മാറ്റി എഴുതാന്‍ കഴിയാത്ത സത്യം. ഏതു സമയവും ആരുടെ ജീവിതത്തിലും കടന്നുവരാവുന്നതും ആര്‍ക്കും തടുക്കാന്‍ കഴിയാത്തതുമായ സത്യം."

"മരണത്തിനു ഒരു മുഹൂർത്തം ഞാന്‍ കുറിച്ചിരിക്കുന്നു. അല്ലെങ്കിൽ നല്ല മുഹൂർത്തത്തിൽ മരിയ്ക്കാനായി ആത്മഹത്യയുടെ വഴി! " കുറച്ച് എന്തോ ആലോചിച്ചതിനു ശേഷം അവള്‍ തുടര്‍ന്നു.

"ഇല്ല ഒരിക്കലുമില്ല ആത്മഹത്യ ഇല്ല, എനിക്കറിയില്ല സാര്‍ ഇതില്‍ ഏതാണു ശരിയെന്ന്..? ഏതു വഴിയായാലും എന്റെ മരണം ഞാന്‍ വിധിച്ചു കഴിഞ്ഞു."

"ദേ നോക്കു സാര്‍ എല്ലാവരും ദൃതിയില്‍ എവിടെക്കോ പോകുന്നു.. " അവള്‍ നടന്നു പോകുന്ന യാത്രക്കാരെ ചൂണ്ടി കാണിച്ചു.

"ഈ ധൃതിയേറിയ യാത്ര മരണത്തിലേക്കെന്ന് ഞാന്‍ പറഞ്ഞാല്‍, നിങ്ങള്‍ക്ക് നിഷേധിക്കാനാകുമോ? " അവള്‍ എന്നെ നോക്കി ചോദിച്ചു.

എനിക്ക് ഉത്തരമുണ്ടായില്ല. ആ പതിനെട്ടുകാരിയുടെ മുന്നില്‍ ഞാന്‍ തീരെ ചെറുതായ പോലെ തോന്നി...

"ഇന്ന് നമ്മുടെ കണ്ടുമുട്ടല്‍ ഇവിടെ അവസാനിക്കുകയാണ്. നാളെ ഒരുപക്ഷെ താങ്കള്‍ ഇവിടെ തനിച്ചായിരിക്കും. ഇല്ല എനിക്ക് പകരം ഇവള്‍
ഈ നദി എന്നും കൂട്ടിനുണ്ടാകും.." അവള്‍ ആ നദിയെ ചൂണ്ടി പറഞ്ഞു.
അവളുടെ കണ്ണുകള്‍ നിറഞ്ഞു.

"എനിക്ക് മനസ്സിലായില്ല.. " ഞാന്‍ വിറച്ചു കൊണ്ട് പറഞ്ഞു.

"മരണം അതാണോ ഉദേശിച്ചത്..? എന്തിന്നാണ് ഇങ്ങനെയൊക്കെ... " ഞാന്‍ മുഴുമിപിച്ചു.

"അതേ മരണം തന്നെ..." അവള്‍ തുടര്‍ന്നു.

"ഒരു തരത്തില്‍ അത് എന്റെ മരണം തന്നെയല്ലേ... അല്ലെങ്കില്‍ മരണത്തിനു തുല്യം... ഞാന്‍ പറഞ്ഞത് തന്നെ... ശരീരം ആത്മാവിനെ വിട്ടു പോകുന്നു..."
ഞാന്‍ അവളുടെ മുഖത്തേക്ക് തന്നെ നോക്കി....

"മനസ്സും ശരീരവും ഒന്നാകാതെ വന്നാല്‍... അതും മരണം തന്നെയല്ലേ... നാളെ എനിക്ക് പതിനെട്ടു തികയുന്നു. ഒരുപാടു നാളായി വിലപറഞ്ഞു ഉറപ്പിച്ച മാംസ കച്ചവടത്തിന് നാളെയന്ത്യം. എനിക്ക് മുമ്പേ പോയ നാല് ചേച്ചിമാരുടെ വഴിയെ ഞാനും. ഇതുവരെ കണ്ടിട്ടില്ലാത്ത ആരുടെയൊക്കെയോ കൂടെ എവിടെക്കെന്നറിയാതെ... എന്റെ അച്ഛനും അമ്മയ്ക്കും ഒരുപാട് കാശ് കിട്ടും, കൊല്ലാനായാലും തിന്നാനായാലും അവര്‍ക്ക് തുല്യം. നാളെ ഞാന്‍ ഈ നിളയോടു വിടപറയും... ഒപ്പം എന്റെ മനസ്സിനോടും ശരീരത്തിനോടും..."
അവള്‍ പറഞ്ഞു...

"ജീവിതം ഒരു മഴ പോലെയാണ്. മഴ പെയ്യുന്നത് വരെ മേഘത്തിനു സ്വന്തം, മേഘം മുതല്‍ ഭൂമിവരെ വായുവിനു സ്വന്തം, മഴയായ് പെയ്തു കഴിഞ്ഞാല്‍ ഭൂമിക്കു സ്വന്തം... അതുപോലെയാണ് ജീവിതവും. ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങള്‍. ബാല്യവും, കൌമാരവും, വാര്‍ദധഖ്യവും. നമ്മള്‍ ആര്‍ക്കോ വേണ്ടി പെയ്തൊഴിയുന്നു.. ഒടുവില്‍ ഭൂമിക്കു മാത്രം സ്വന്തം..."

"നിങ്ങള്‍ ഒരു എഴുത്തുകാരന്‍ എന്നല്ലേ പറഞ്ഞത്, എന്നെങ്ങിലും നിങ്ങള്‍ എന്നെകുറിച്ച് എഴുതുമോ സര്‍..?" അവള്‍ ആകാംഷയോടെ ചോദിച്ചു.

"എഴുതാം.." ഞാന്‍ പറഞ്ഞു...

"ഇല്ല സാര്‍, നിങ്ങള്‍ക്ക് അതിന് കഴിയില്ല, കാരണം തന്‍റെ ജീവിതത്തെ കുറിച്ച് എഴുതാനുള്ള അക്ഷരങ്ങളില്‍ മഷി പുരട്ടാന്‍ അങ്ങയുടെ ഭാഷയ്ക്ക് നിറമില്ല" അവള്‍ നദിയിലേക്ക് നോക്കി പറഞ്ഞു.

"നമ്മുടെ ഭാഷ രണ്ടും രണ്ടാണ്..., നിങ്ങള്‍ എന്നെ കുറിച്ച് എന്തെഴുതാന്‍..."

"എന്നെ പൂര്‍ണമായും മനസ്സിലാക്കിയത് ഈ ഓളങ്ങള്‍ മാത്രമാണ്... മറ്റാരെക്കാളും ഇവയ്ക്കു എന്നെ അറിയാം... ഒരുപക്ഷെ അവയ്ക്ക് എന്നെകുറിച്ച് ഒരുപാട് എഴുതാനുണ്ടാകും." അന്ന് അവള്‍ കുറെ നേരം സംസാരിച്ചു,

ഞാന്‍ ഒരുപാട് തടയാന്‍ നോക്കിയെങ്ങിലും അവള്‍ എന്നെ പറഞ്ഞു സമാധാനിപിച്ചു...

"മനസ്സ് കളിപ്പാട്ടം കളഞ്ഞു പോയ ഒരു കുട്ടിയാണ് സാര്‍, അത് കരയും, കരഞ്ഞുകൊണ്ടെയിരിക്കും അടുത്ത കളിപ്പാട്ടം തേടിയെത്തും വരെ..." അത്രയും പറഞ്ഞു അവള്‍ ഇരുട്ടിലേക്ക് ഓടി മറഞ്ഞു.

ഞാന്‍ ചിന്തിച്ചു ഇത്രയും ചെറുപ്രായത്തില്‍ ഇത്രയധികം ജ്ഞാനം, അവള്‍ക്കു വേണ്ടി എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം.

പിന്നീട് ദിവസങ്ങളും ആഴ്ചകളും
തീരത്തു ഞാന്‍ അവളെ കാത്തിരുന്നു. കാത്തിരിപ്പിന്റെ വേദനയ്ക്ക് ആക്കം കൂടിയതല്ലാതെ അവളുടെ കാലൊച്ചകള്‍ എനിക്ക് അന്യമായിരുന്നു.. ഒരുപക്ഷെ ഇത് വിധിയായിരിക്കാം, ഇവിടെ ഈ കന്‍ഹാറിന്റെ തീരത്ത്‌ വരാനും, അവളെ കാണുവാനും, സംസാരിക്കുവാനും കഴിഞ്ഞത്. വിധിയുടെ ക്രൂരമായ ഒരു അദ്ധ്യായം. പക്ഷെ ഇന്ന് അവള്‍ക്കു വേണ്ടി ചെയ്ത ഈ കര്‍മ്മം കൊണ്ട് മനസ്സിന് ശരീരത്തില്‍ നിന്നും, ഓര്‍മകള്‍ക്ക് മറവിയില്‍ നിന്നും മോക്ഷം ലഭിക്കുമെങ്കില്‍ ‍, അത് ആരോ ചെയ്ത പുണ്യം, ഞാന്‍ അവള്‍ക്കായി ചെയ്യുന്നുവെന്നു മാത്രം. ആ കുട്ടിയുടെ ആത്മാവിനു മോക്ഷം ലഭിക്കട്ടെ, അവള്‍ തിരഞ്ഞെടുത്ത മരണം - അത് ഏതായാലും അതിന് വിധിയെ പഴിചാരാം. ഞാന്‍ ഓര്‍ക്കാന്‍ ശ്രമിക്കുന്നില്ല, വര്‍ഷങ്ങള്‍ പഴക്കമുള്ള എന്റെ ഓര്‍മ്മകള്‍ ഒരുപിടി ചാരമായി ഈ തീരത്ത്‌ ഞാന്‍ ഒഴുക്കുന്നു. കാലം എന്റെ മനസ്സിന്റെ മുറിവുകളെ ഉണക്കുമായിരിക്കും...

ഇത് വേര്‍പാടിന്റെ വിജനതീരം, അകലെ നദീ തീരത്തെങ്ങോ ആഘോരികളുടെ ആവതാളത്തിന്റെ ഈണം കാതില്‍ മുഴങ്ങി കേള്‍ക്കാം... ഇനി ഒരു തിരിച്ച് വരവില്ല. ഞാന്‍ ഈ കന്‍ഹാറിനോട് വിടപറയുന്നു. ഒപ്പം അവളുടെ ഓര്‍മകളോടും...