Wednesday, May 19, 2010

മുത്തശ്ശിമരം

വീടിന്റെ തെക്ക് ഭാഗത്താണ് എന്റെ മുത്തശ്ശിമരം. ഭൂമി ദേവിയുടെ മാറിലേക്ക് ആഴ്ന്നിറങ്ങുന്ന വേരുകളും വാനം നോക്കി നിലവിളിക്കുന്ന ശിഖരങ്ങളും മുത്തശ്ശി മരത്തെ കൂടുതല്‍ മനോഹരിയാക്കുന്നു. അനാഥമായി ഊരും പേരുമറിയാതെ പാറി വരുന്ന ദേശാടന പക്ഷികളെ തന്റെ ചില്ലകള്‍ക്കിടയില്‍ അമ്മകോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് പോലെ ആര്‍ക്കും കൊടുക്കാതെ കാത്തു വച്ചും, ഊഞ്ഞാല് കെട്ടിയാടുന്ന വവ്വാലുകളെ നേര്‍ത്ത തലോടലായി ആട്ടിയുറക്കിയും പ്രകൃതിയോടു തന്റെ കര്‍ത്തവ്യം ഭംഗിയായി നിറവേറ്റി. തെക്ക് ഭാഗത്ത് നിന്നും വരുന്ന കാറിനെയും കോളിനെയും തടുത്തു നിറുത്തി വീടിനെ കാക്കുന്ന ഒരു ചെങ്കോട്ടയുടെ പ്രൌഡിയായിരുന്നു എന്റെ മുത്തശ്ശിമരത്തിന്.

ചെറുപ്പം തൊട്ടേ മരത്തിന് മനസ്സിലൊരു ദിവ്യപരിവേഷമായിരുന്നു. മുത്തശ്ശി പറഞ്ഞു തന്നിരുന്ന രാജകുമാരന്റെ കഥയില്‍, കാലം തുറങ്കല്ലില്‍ അടച്ചിരുന്ന ജീവന് തുല്യം സ്നേഹിച്ച രാജകുമാരിക്ക് വേണ്ടി മഞ്ചാടിമണി കൊണ്ട് കൊട്ടാരം തീര്‍ത്ത രാജകുമാരന്റെ കഥ. കാക്കതൊള്ളായിരം മഞ്ചാടിമണി കൂട്ടിവച്ച് രാജകുമാരനെ മനസ്സില്‍ ധ്യാനിച്ചു എന്ത് പ്രാര്‍ഥിച്ചാലും അത് സാധിക്കുമെന്ന് മുത്തശ്ശിപറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. രാജകുമാരനോടുള്ള ആരാധനയോ കുഞ്ഞു മനസ്സിന്റെചാപല്യമോ - അന്നുമുതല്‍ എന്നും ഞാന്‍ അവിടെ വന്നു അതിന്റെ ചുവട്ടില്‍ കുത്തിയിരുന്നു വീണുകിടന്നിരുന്ന കരിയിലക്കിടയില്‍ നിന്നും മഞ്ചാടിമണി പെറുക്കിയെടുത്ത് അത് ചെപ്പില്‍ സൂക്ഷിക്കുമായിരുന്നു. പക്ഷെ രാത്രിയില്‍ എനിക്ക് മുത്തശ്ശിമരത്തെ നോക്കാന്‍ പേടിയായിരുന്നു. കാരണം, നീട്ടി വച്ച കാലില്‍ കുഴംബിട്ട് തിരുമ്മി കൊണ്ട് മുത്തശ്ശി പറഞ്ഞു തന്ന കഥയില്‍ യക്ഷികളുംപ്രേതങ്ങളും ഉണ്ടായിരുന്നു.
പലപ്പോഴും അവര് വരുന്നതായി മുത്തശ്ശി ചൂണ്ടി കാണിച്ചിരുന്നത് എന്റെ മുത്തശ്ശിമരത്തിന്റെ ഇടയിലൂടെയായിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ മുത്തശ്ശിമരം എനിക്കൊരു ഭയമായിരുന്നു. മുത്തശ്ശിമരത്തിനു താഴെ യക്ഷികള്‍ പതുങ്ങി നിക്കറുണ്ടത്രെ, അപ്പോള്‍ പാലപ്പൂവിന്റെമണവും ഉണ്ടാകുമെന്നായിരുന്നു മുത്തശ്ശിയുടെ വാദം. ഇത്തരം കഥകള്‍ പറയുമ്പോള്‍ കോലായിലിരുന്നു അച്ഛന്‍ വിളിച്ചു പറയുമായിരുന്നു, എന്തിനാ അമ്മേ അവനെ പറഞ്ഞു പേടിപ്പിക്കുന്നത് എന്നും പറഞ്ഞു അച്ഛന്‍ ധൈര്യം തരുമായിരുന്നെങ്കിലും സന്ധ്യകഴിഞ്ഞാല്‍ മുത്തശ്ശിമരത്തെ നോക്കുന്ന പതിവേ എനിക്കില്ലായിരുന്നു.

അച്ഛന്‍ എനിക്കെന്നുമൊരു ധൈര്യമായിരുന്നു. എന്തിനും ഏതിനും എനിക്ക് അച്ഛന്‍ വേണമായിരുന്നു. അതുകൊണ്ട് തന്നെ മനസ്സില്‍ അച്ഛന്റെ സ്ഥാനം ദൈവങ്ങള്‍ക്കും മുകളിലായിരുന്നു. ഞാന്‍ ഓര്‍ക്കുന്നു, ആദ്യം സ്കൂളില്‍ പോയ ദിവസം. അന്നൊരു മഴക്കാലമായിരുന്നു. പുത്തനുടുപ്പിട്ട് പുതിയ കുടയുമെടുത്ത് അച്ഛന്റെ വിരലില്‍ തൂങ്ങി മഴയോട് കിന്നാരം പറഞ്ഞു പോയത്. മഴയെ ഇഷ്ടപെടാത്തവര്‍ ആരുമുണ്ടാകില്ല. ആകാശമാകെ കരുത്തിരണ്ട് വെളിച്ചം മങ്ങി ആര്‍ത്തിരമ്പി പെയ്യുന്ന മഴ. സൂര്യഭഗവാന്‍ ഭൂമി ദേവിയെ കാണാന്‍ കഴിയാതെ നിരാശനായി നില്‍ക്കുന്ന സമയം. കാറ്റിന്റെ വിരല്‍തുമ്പില്‍ തൂങ്ങി കണ്ണിമ ചിമ്മും നേരം കൊണ്ട് ദേഹത്ത് തളര്‍ന്നു വീഴുന്ന മഴത്തുള്ളികള്‍. അവയെ ഞാന്‍ അഗാധമായി പ്രണയിച്ചിരുന്നു. വീട്ടിന്റെ ഓടില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴത്തുള്ളികള്‍ സിമാന്റിടാത്ത മുറ്റത്ത് പതിക്കുമ്പോള്‍ അവിടം കുഴിയുന്നതും നോക്കി നില്‍ക്കാന്‍ നല്ല രസമാണ്. ആദ്യത്തെ മഴ കൊള്ളുമ്പോഴുള്ള അനുഭൂതി അതിന്റെ കൂടെ അമ്മയുടെ ശകാരവും. വീടിനു മുറ്റത്തെ ഇടവഴിയില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കടലാസ് തോണി ഒഴുക്കി വിടുമ്പോള്‍ അമ്മ വിളിച്ചു
പറയും " പനി വരുത്തേണ്ട കുട്ടാ എന്ന്." അത് കേള്‍ക്കാത്തപാതി പ്രകൃതിയുടെ കൂടെ മഴ നനഞ്ഞുനിന്നു ഒടുവില്‍ അമ്മ വടി എടുക്കുന്നത് വരെ മഴ കൊള്ളും.

അന്ന് സ്കൂള്‍ കഴിയുന്നത്‌ വരെ അച്ഛന്‍ അവിടെ തന്നെ നിന്നു. ഒരു പക്ഷെ അച്ഛന് അത്രപെട്ടെന്ന് എന്നെ തനിച്ചാക്കി പോരാന്‍ തോന്നിയിട്ടുണ്ടാവില്ല. അല്ലെങ്കില്‍ ഒരു പക്ഷെ ഞാന്‍ കരയുന്നത്
അച്ഛന് സഹിക്കില്ലായിരിക്കും. അല്ലെങ്കിലും അച്ഛന് ഞാന്‍ കരയുന്നത് സഹിക്കില്ലയിരുന്നു, ധനുമാസത്തിലെ തിരുവാതിരയില്‍ മുക്കുത്തിക്കാവിലെ ഉത്സവത്തിന്റെ മൂന്നാം നാള്‍ കോഴിയെ അറുത്ത് ദേവിക്ക് നേദിക്കുന്ന ഒരു പ്രത്യേക പൂജയുണ്ട്. അന്ന് നല്ല തിരക്ക്‌ കാണും, കിഴക്കേ നടയില്‍ വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി വാളെടുത്ത് തലയില്‍ ആഞ്ഞാഞ്ഞു വെട്ടുമ്പോള്‍ തലയില്‍ പൊത്തിയ മഞ്ഞള്‍പൊടി ചോരയില്‍ കലര്‍ന്നൊഴുകുന്നത് കാണുമ്പോള്‍ അച്ഛന്റെ മുണ്ടില്‍ മുഖം പൊത്തി കരഞ്ഞുകൊണ്ട്‌ നിക്കുമായിരുന്നു ഞാന്‍. അച്ഛന്‍ അപ്പോള്‍ പറഞ്ഞു തരും വെളിച്ചപ്പാട് നമ്മുടെ സങ്കടങ്ങള്‍ ദേവിയോട് പറയുന്നതാണെന്ന്.

ഒരു ദിവസം ഓഫീസില്‍ പോയ അച്ഛനെ അന്ന് വൈകീട്ട് കാണുന്നത് വെള്ളയില്‍ പൊതിഞ്ഞ മൃതദേഹമായി വീട്ടിന്നു മുന്നില്‍ വന്നു നിന്ന ആംബുലന്സിലായിരുന്നു. അന്നൊന്നും ഹാര്‍ട്ട് അറ്റാക്കിനെകുറിച്ച് അറിയുവാനുള്ള പ്രായമായിരുന്നില്ല. മരണം എന്നാല്‍ ദൈവങ്ങളുടെ അടുത്തു പോകല്‍ എന്നതായിരുന്നു കുഞ്ഞു മനസ്സില്‍ മുത്തശ്ശി പതിപ്പിച്ച ചിത്രം. ദൈവങ്ങളുടെ അടുത്തു പോയ അച്ഛനെ തിരിച്ചു കൊണ്ട് വരാന്‍ രാജകുമാരനെ മനസ്സില്‍ ധ്യാനിച്ചു മഞ്ചാടി മണി കൂട്ടി വച്ചു ഞാനും പ്രാര്‍ഥിച്ചിരുന്നു. ആരും കേള്‍ക്കാത്ത ഒരു പ്രാര്‍ത്ഥന. എന്തോ എനിക്കേറ്റവും പ്രിയപെട്ടതുകൊണ്ടാകം, അച്ഛന്റെ അസ്ഥിതറയ്ക്ക് തണലേകാന്‍ എന്റെ മുത്തശ്ശിമരം തന്നെ നിമിത്തമായത്.

കാലചക്രം തിരിഞ്ഞു കൊണ്ടേ ഇരുന്നു അത് പ്രപഞ്ച സത്യം. ജീവിതവും കാലത്തോടൊപ്പം സഞ്ചരിക്കുക എന്നത് എവിടെയോ എഴുതിവച്ച മായാത്ത ലിപികള്‍. വിദ്യാഭ്യാസത്തിന്നു ശേഷം ഒരുജോലിക്കായി
അലഞ്ഞപ്പോഴൊക്കെയും ഭാഗ്യം ഒരു വഴിമുടക്കിയായി മുന്നില്‍ വന്നു നിന്നു. അച്ഛന്റെ മരണവും അനുജന്റെ പഠിപ്പും വരുത്തിവച്ച കടബാധ്യതകള്‍ എന്നും എനിക്ക് മുന്നിലൊരു ചോദ്യച്ചിഹ്നമായിരുന്നു. വായനശാലയിലെ വാരികകളും പീടിക തിണ്ണയിലെ നാട്ടുവര്‍ത്തമാനങ്ങളുംഎല്ലാം ചെവിയില്‍ മൂളിപ്പറക്കുന്ന കടന്നലുകള്‍ പോലെ തോന്നി തുടങ്ങി. ഒരു ദിവസം കോലായിലെ അരഭിത്തിയില്‍ പ്രാരാബ്ദങ്ങള്‍ പുകച്ചുരുളായി ഊതി വിടുമ്പോള്‍, മുരടനക്കി പടിക്കെട്ടുകള്‍ കയറിവന്ന ശങ്കരന്‍മാമയുടെ കയ്യില്‍ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ഉണ്ടായിരുന്നു. ജാതക ദോഷംകാരണം വിവാഹം മുടങ്ങി നിന്ന വല്യേടത്തെ രാമനാഥന്റെ മകള്‍ അമ്മു, ആയിരവില്ലന്‍ക്ഷേത്രത്തിലെ കത്തുന്ന കല്‍വിളക്കിന്നു മുന്നില്‍ കൈ പിടിച്ചു ജീവിത സഖിയായി. യാഥാര്ത്യങ്ങള്‍ മാത്രം ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു സാദ നാട്ടിന്‍പുറത്തുകാരിയുടെ മനസ്സായിരുന്നുവെങ്കിലും, ഇടവഴിയിലും വാകച്ചുവട്ടിലും പൂത്തുലഞ്ഞ പ്രണയത്തിലെ നായിക നാണത്താല്‍ ചുവക്കുന്ന കവിളിണകളും പരല്‍ മീന്‍ പോലെ പിടയുന്ന മിഴികളും കാട്ടി മനസ്സില്‍ എന്നുമവള്‍ വസന്തംനിറച്ചിരുന്നു.

യാന്ത്രികമായി വികാരങ്ങള്‍ വേലിയേറ്റവും വേലിയിറക്കവും നടത്തിയ വിവാഹ ജീവിതത്തിനു തടയിട്ടുഒരു ട്രാവല്‍ ഏജന്‍സി മുഖേന ഗള്‍ഫിലൊരു ജോലി. വിട പറയലിന്റെ വേളയില്‍ മിഴികള്‍തുളുംബിയില്ല. പറയാന്‍ ഉള്ളതൊക്കെയും വാക്കുകള്‍ ആയി പുറത്തു വരാതെ തൊണ്ടയില്‍ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടേ ഇരുന്നു.

" കുട്ടാ, എന്നും എണ്ണ തേച്ചു കുളിക്കണം, രാസ്നാദി നെറുകില്‍ തിരുമ്മണം ", യാത്രയയക്കുന്ന വേളയില്‍അമ്മയുടെ ഉപദേശം. ഈറനണിഞ്ഞ അമ്മയുടെയും അനുജത്തിയുടെയും കണ്ണുകള്‍ കണ്ടില്ലെന്നുനടിച്ചു. വിരഹ താപം ഗ്രഹിച്ച അമ്മുവിന്‍റെ വേര്‍പാട് പൂണ്ട ചുണ്ടുകളുടെ വിതുമ്പല്‍ അവഗണിച്ചു യാത്രപുറപ്പെടുമ്പോള്‍ മുത്തശ്ശിമരത്തിന് താഴെ അച്ഛന്റെ കുഴിമാടത്തെ പൊതിഞ്ഞു വന്ന കാറ്റിനു പാലപ്പൂവിന്റെ ഗന്ധമുണ്ടായിരുന്നു. ഒരു പക്ഷെ എന്റെ അച്ഛന്‍ എന്നെ അനുഗ്രഹിക്കാന്‍വന്നതായിരിക്കാം.

***********************

കരുവാളിച്ച കണ്‍തടവും വെള്ളി വീണു തുടങ്ങിയ തലമുടിയും, പ്രവാസിയുടെ ദുരിത പര്‍വ്വങ്ങളിലൂടെനാളുകള്‍ കടന്നു പോയി. സ്നേഹിക്കാനും കഥ പറയാനും കരയാനും സ്വപ്നം കാണാനും മണ്ണപ്പം ചുട്ടും കണ്ണുപൊത്തി കളിച്ചും നെല്ലോലകള്‍ താരാട്ട് പാടി ഉറക്കിയിരുന്ന ബാല്യത്തിന്റെ മാധുര്യം. കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ അടുക്കി വച്ച ഓരോ ദിനരാത്രങ്ങളിലും നിറം മങ്ങിയതും നിറമുള്ളതുമായ ഒരുപാടു ഓര്‍മ്മകള്‍. മുത്തശ്ശിമരം സ്നേഹപൂര്‍വ്വം പൊഴിച്ച് തന്ന കുഞ്ഞു മഞ്ചാടി മണികള്‍. അതേ മുത്തശ്ശിമരം അതിന്റെ ഏതെങ്കിലും ഒരു കൊമ്പ് എനിക്കായി മാറ്റി വച്ചു കാത്തിരിക്കുന്നുണ്ടാകും, ഒടുവില്‍ ഞാന്‍ഉറങ്ങുമ്പോള്‍ എനിക്ക് തണലേകാന്‍, മഴ പെയ്യുമ്പോള്‍ എനിക്ക് കുട ചൂടാന്‍, എന്നെ ആശ്വസിപ്പിക്കാന്‍എന്നുമീ മുത്തശ്ശിമരം.

Saturday, May 8, 2010

കൊലപാതകം

(2010 ജൂലൈ 12നു മലയാള മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച കഥ)

ആത്മാഭിമാനമുള്ള ഏതൊരു ചെറുപ്പക്കാരനും സഹിക്കാന്‍ പറ്റുന്നതല്ല ഇതൊന്നും. എത്രകാലം ഇങ്ങനെപ്രതികരിക്കാതിരിക്കും. ഇവിടെ എന്നെ തേടി എത്തില്ല എന്ന വിശ്വാസം ഉണ്ടായിരുന്നു ഇന്നലെ രാത്രിവരെ. പക്ഷെ ഇന്നലെ രാത്രിയിലെ സംഭവം. കുഞ്ഞമ്മയുടെ മകള്‍ ചിന്നുവിന്റെ തേങ്ങിയുള്ളകരച്ചില്‍ കാതില്‍ ഇപ്പോഴും മുഴങ്ങി കേള്‍ക്കാം. ഇനി ഇങ്ങനെ വിട്ടാല്‍ ശരിയാകില്ല, ഇതിനൊരുപരിഹാരം കണ്ടെത്തിയേ തീരു. മനസ്സില്‍ അങ്ങനെ ഒരു ഉറച്ച തീരുമാനം എടുത്തു. പക്ഷെ എങ്ങനെ തീര്‍ക്കണം എന്ന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല. കൊച്ചിയിലോ മട്ടാഞ്ചേരിയിലോ പോയി കൊട്ടേഷന്‍ കൊടുക്കാം എന്ന് വച്ചാല്‍, ഇവിടെ നിന്നും അവിടെ വരെ പോകേണ്ടുന്ന ചെലവ്, പിന്നെ അവരുടെ ചെലവ് ഇതിനൊക്കെയുള്ള സാമ്പത്തികം എവിടെ നിന്ന് വരും എന്ന് ആലോചിച്ചപ്പോള്‍ കൂടുതല്‍ തല പുകയ്ക്കേണ്ടി വന്നില്ല. ഒരു പദ്ധതി ഒഴിവാക്കുക അല്ലാതെ വേറെ നിവൃത്തി ഇല്ലായിരുന്നു. അങ്ങനെയിരിക്കെ നാട്ടിലെ ചട്ടമ്പി കീറി വാസുവിനെ ഏല്‍പ്പിച്ചാലോ എന്ന ചിന്തയായി അടുത്തത്. പക്ഷെ കീരിയെ ഏല്‍പ്പിച്ചാല്‍ നാട്ടിലാകെ അയാള്‍ പാടി നടന്നാല്‍ മാനക്കേടാകും. നമ്മുടെ നാട്ടുകാരുടെ കാര്യമല്ലേ, കാര്യ ഗൌരവം അറിയാതെ അവര്‍ പലതും പറഞ്ഞുണ്ടാക്കുകയും ചെയ്യും. പിന്നെ അവരെ തിരുത്താന്‍ നടക്കണം. അതുകൊണ്ട് അതും വേണ്ട എന്ന് തീരുമാനിച്ചു. പിന്നെയോര്‍ത്തു ഞാന്‍ എന്തിനു മറ്റൊരാളുടെ സഹായം തേടണം? ഒരുകാലത്ത് കൊല്ലും കൊലയും കച്ചവടമാക്കിയിരുന്ന തറവാടല്ലേ എന്റേത്. അങ്ങനെ ഒരു കഥ പണ്ട് മുത്തശ്ശി പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. അങ്ങനെയുള്ള തറവാട്ടില്‍ പിറന്ന ആണ്‍തരിക്ക് പുറത്തു നിന്നും ഒരാളെ കൊണ്ട് വരേണ്ട കാര്യം ഉണ്ടോ എന്ന സംശയം മനസ്സില്‍ ഉദിച്ചു. ഒടുവില്‍ ഒരു തീരുമാനത്തില്‍ എത്തി, ഇതിനു ഞാന്‍ തന്നെ മതി.

കൊല്ലാന്‍ സ്വയം തീരുമാനിച്ച സ്ഥിതിക്ക്, അത് എങ്ങനെ എന്നതായിരുന്നു അടുത്ത ചിന്ത. കൃത്യം നടത്തുന്നത് സ്വന്തം കൈകൊണ്ട് ആയതുകൊണ്ട് അത് മാന്യമായ രീതിയില്‍ തന്നെ ആകണം എന്ന ഒരു നിര്‍ബന്ധം എന്നിലുണര്‍ന്നു. ഇതിനെ ഒരുപക്ഷെ വേണമെങ്കില്‍ ഒരു കൊലപാതകിയുടെ ആഗ്രഹാമെന്നോ അത്യാഗ്രഹമെന്നോ പറയാം. നാടന്‍ തോക്ക് മുതല്‍ എക്കെ 47 വരെ മാര്‍ക്കറ്റില്‍ ലഭിക്കുന്ന കാലമാനിന്നു. ഒരു കൊലപാതകമാകുമ്പോള്‍ ഒരു ത്രില്ലൊക്കെ വേണ്ടേ എന്ന് തോന്നി. അതുകൊണ്ട് എകെ 47 തന്നെ മതി എന്ന് തീരുമാനിച്ചു. പക്ഷെ ഇവിടെയും സാമ്പത്തികം ഒരു വലിയ പ്രശ്നം തന്നെയാണ്. സാമ്പത്തികം ഒരു വലിയ തടസ്സമാണെന്നു മനസ്സിലാക്കിയപ്പോള്‍ മറിച്ചൊന്നു ചിന്തിക്കാന്‍ അധികം സമയമെടുത്തില്ല.

നാടന്‍ തോക്കാകുമ്പോള്‍, അതിനൊരു ഗമയില്ല. അതിനു റിസ്ക്കും കൂടുതലാണ്. ചിലപ്പോള്‍ അത് പോട്ടിയില്ലേല്‍ തന്ത്രങ്ങള്‍ ആകെ പാളിപ്പോകും. ഇന്ന് രാത്രി തീര്‍ത്തിലെങ്കില്‍ നാളെ അവര്‍ കൂട്ടുകാരെയും കൂട്ടി വരും. അതിനു അവസരം കൊടുത്തു കൂടാ. പിന്നീട് കത്തിയും കൊടുവാളിനെയും കുറിച്ചായിരുന്നു ചിന്ത. മലപ്പുറം കത്തി മുതല്‍ കണ്ണൂരിലെ രാഷ്ട്രീയകാരുടെ വടിവാള്‍ വരെ നാട്ടിലിന്നു സുലഭം. പക്ഷെ ലോഹങ്ങള്‍ക്കൊന്നും പഴയതു പോലെ ഉറപ്പില്ല ചിലപ്പോള്‍ അത് ഒടിഞ്ഞു പോയേക്കാം. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എല്ലാം ചൈനയുടെ സാധനങ്ങള്‍ അല്ലെ നാട്ടില്‍. ഒന്നിനും ഒരു ഗ്യാരണ്ടിയും ഇല്ല. അങ്ങനെ ഒരു ചിന്ത മനസ്സില്‍ ഉടലെടുത്തപ്പോള്‍ അതില്‍ നിന്നും പിന്തിരിഞ്ഞു. ഒടുവില്‍ മാറ്റ് എന്തിനേക്കാളും വിശ്വസിക്കാവുന്നത് സ്വന്തം കൈകളെ മാത്രമാണെന്ന തീരുമാനത്തിലെത്തി.

ഏതൊരു കാര്യവും ജീവിതത്തില്‍ അനുഭവിച്ചറിയാനുള്ള കൌമാരത്തിന്റെ അല്ലെങ്കില്‍ ഒരു കൌമാരക്കാരന്റെ ആഗ്രഹാമെന്നോ, ആവേശമെന്നോ പറയാം. കോളേജിലെ ഒഴിവു സമയങ്ങളില്‍ കൂടുകാരുമൊത്ത് വെറും ഒരു തമാശയ്ക്കായിരുന്നു തുടക്കം. സിഗരറ്റും കള്ളും രുചിച്ചു നോക്കാന്‍ തുടങ്ങിയ നാളുകള്‍. ആദ്യമാദ്യം വെറുമൊരു രസത്തിന് പിന്നീടത് ലഹരി കിട്ടാനായി. അതിനായി കൂടുതല്‍ കൂടുതല്‍ വഴികള്‍ തേടി പോകാന്‍ തുടങ്ങി. സിഗരറ്റില്‍ നിന്നും കഞ്ചാവിലേക്കുള്ള ദൂരം ഒട്ടും അധികമായിരുന്നില്ല. അതുകൊണ്ട് തന്നെ അതിന്റെ ലഹരി അതിലേക്കു വല്ലാതെ അടുപ്പിച്ചു. ശരിയേയും തെറ്റിനേയുംകുറിച്ചുള്ള തിരിച്ചറിവ് എന്നോ ഒരിക്കല്‍ എന്നില്‍ നിന്നും അകന്നു പോയിരുന്നു. അതുകൊണ്ടായിരിക്കാം തെറ്റില്‍ നിന്നും തെറ്റിലേക്ക് വളരെ എളുപ്പം ഓടി അടുത്തത്‌. പിന്നീട് ചിരിക്കുവാനും ചിന്തിക്കുവാനും എന്തിനും ഏതിനും ഒരു ധൂമ പടലം ആവശ്യമായി വന്നത്. ഓരോ ദിവസവും കൂടുതല്‍ വശ്യമായി ലഹരി എന്റെ ഉള്ളിലേക്ക് ആഴ്ന്നു ഇറങ്ങുകയായിരുന്നു. ശരീരമാകെ ഒരു തരം ചൂട് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു, എന്തിനെയും ഏതിനെയും എതിര്‍ത്തു തോല്‍പ്പിക്കുവാനുള്ള ഒരു തരം അസാമാന്യ ശക്തിയും. ആരും കാണാത്ത കാഴ്ചകളും ആരും കേള്‍ക്കാത്ത രോദനങ്ങളും കേള്‍ക്കാന്‍ തുടങ്ങി.
ഒടുവില്‍ ലഹരി കിട്ടാതാകുമ്പോഴുള്ള വേദന താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ഞെരമ്പുകള്‍ വലിഞ്ഞു മുറുകുകയും അസ്ഥികള്‍ പൊടിഞ്ഞു പോകുന്നത് പോലെയും ഉള്ള ഒരു തരം ഭ്രാന്തമായ അവസ്ഥ ഒരുവില്‍ ഈ ഇരുട്ട് മുറിയുടെ ജനാലയുമായി ബന്ധിച്ച ചങ്ങലയുടെ ഒരറ്റത്ത് കൊണ്ടെത്തിച്ചു.

പതിവിലും നേരത്തെ ഭക്ഷണമൊക്കെ കഴിച്ച് ഒരുങ്ങിയിരുന്നു. പുറത്ത് നല്ല മഴയുണ്ട് . ഇടവപ്പാതി അതിന്റെ സംഹാര ശക്തി എടുത്തു കഴിഞ്ഞു. ഇന്ന് ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അവര്‍. മനസ്സില്‍ എന്തൊക്കെയോ കണക്കു കൂട്ടി തീരുമാനം എടുത്തു. ഒരുതരി വെളിച്ചം പോലും കടക്കാത്ത ഈ ഇരുട്ട് മുറിയിലേക്ക് കടന്നു വരിക എന്നത് അസാദ്യമെങ്കിലും ഇന്നലെ രാത്രി അവര്‍ ഇവിടെ വരെ എത്തിയത് ശത്രുക്കള്‍ എത്രമാത്രം ശക്തരാണെന്ന് ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിച്ചു. മഴയുള്ളത്‌ ഒരു കണക്കിന് നന്നായി, കഴുത്തു ഞെരിച്ചു കൊല്ലുമ്പോള്‍ ശബ്ദം പുറത്തു കേള്‍ക്കില്ല. പുറത്തെ മഴയുടെ ഇരമ്പല്‍ കേള്‍ക്കാമെങ്കിലും മറ്റെന്തിനെയോ കാതോര്‍ത്തിരുന്നു. ഒരു കൊലയാളിയുടെ കാത്തിരിപ്പ്‌.

എവിടെയോ ഒരു മൂളല്‍ കേള്‍ക്കാം. ഒന്ന് കൂടെ ശ്വാസം അടക്കി പിടിച്ചു. അതെ അത് അവര്‍ തന്നെ. പിന്നീട് ഒട്ടും താമസിച്ചില്ല. ശബ്ദം കേട്ട ദിശയിലേക്കു ആഞ്ഞൊന്നു കൈ വീശി. ഇരു കൈകള്‍ കൊണ്ടും ആഞ്ഞടിച്ചു. കാലില്‍ കെട്ടിയ ചങ്ങലകള്‍ തനിക്കൊരു തടസ്സമാണെന്നു മനസ്സിലാക്കിയപ്പോള്‍ അത് പിടിച്ചു വലിച്ചു പൊട്ടിക്കാന്‍ നോക്കി. കഴിയാതെ വന്നപ്പോള്‍ ആരോടെന്നില്ലാതെ ആര്‍ത്തു. വീണ്ടും അതെ മൂളല്‍... ശബ്ദം കേട്ട മാത്രയില്‍ അവിടേക്ക് കൈകള്‍ വീശി... വീണ്ടും വീണ്ടും...

മാസാ മാസം കോര്‍പ്പറേഷന്‍കാര്‍ കൊതുകിനു മരുന്നടിക്കാന്‍ എന്ന് പറഞ്ഞു കാശും വാങ്ങി പോകുന്നതല്ലാതെ കൊതുകിനോന്നും ഒരു കുറവുമില്ല. ഇനിയിപ്പോ അതിനകത്തെ കൊതുകിനെ കൊല്ലാതെ അവന്റെ ഭ്രാന്തു അടങ്ങില്ലല്ലോ ഈശ്വര. ഇവിടെ ആര്‍ക്കും ഇന്ന് ഉറക്കവും ഇല്ല. മുറിയുടെ പുറത്തു നിന്നും ആരോ പിറുപിറുത്തു.

പുറത്തെ മഴയുടെ ശക്തി കൂടി വന്നു. ഇടിയും മിന്നലും ഇടതടവില്ലാതെ രുദ്രതാണ്ടവം നടത്തി പൊട്ടി ചിരിക്കാന്‍ തുടങ്ങി.

Friday, May 7, 2010

സുരയുടെ യാത്ര


കരുവറ്റ ഗ്രാമം. ലോകം ഒരുപാട് മുന്നോട്ട് പോയെങ്കിലും, ഇവിടെയുള്ള ആള്‍ക്കാരും അവരുടെ മനസ്സുകളും ഇന്നും എണ്‍പതുകളില്‍ എത്തി നിക്കുന്നെയുള്ളൂ. എന്തിനേറെ, മൊബൈല്‍ ഫോണ്‍ എടുത്തു നടക്കുന്നവര്‍ ഇന്നും ഇവര്‍ക്ക് അന്യഗ്രാഹത്തിലെ ജീവികളെ പോലെ. ഇവിടെ നടക്കുന്ന ഏതു ചെറിയ കാര്യം പോലും ഇവരെ സംബന്ധിച്ച് മലമറിക്കുന്നതിന് തുല്യം. എന്തിനും ഏതിനും ഇവര്‍ക്ക് ഇവരുടേതായ കാഴ്ചപാടുകളും ന്യായീകരണങ്ങളും ഉണ്ട്.

എന്നത്തേയും പോലെ
കരുവറ്റയിലെ ഒരു ദിവസം...

മുണ്ട് മടക്കികുത്തി പഞ്ചായത്ത് പ്രസിഡണ്ട് നമ്പൂരിശനും ദേവിയെ നീട്ടി വിളിച്ചുകൊണ്ട് വെളിച്ചപ്പാടും വളരെ തിടുക്കത്തില്‍ നടന്നു വരുന്നത് കണ്ട് കാദറിക്ക കടയില്‍ നിന്നും തല പുറത്തേക്കിട്ടു ചോദിച്ചു,

"
എവിടേക്കാ നമ്പൂരിശാ, വല്ല കുഴപ്പവും ഉണ്ടോ? "

"
നീ അറിഞ്ഞില്ലേ കാദറെ, നമ്മുടെ സുര എവിടെക്കോ യാത്ര പോകുന്നുവെന്ന്..." നമ്പൂരിശന്‍ കിതച്ചു കൊണ്ട് പറഞ്ഞു.

"
ങേ...? യാത്ര പോവുകയോ? അതെവിടെക്ക്...?" കാദറിക്കയുടെ മുഖത്ത് ആശ്ചര്യത്തിന്റെ തിരയിളക്കം.

"
ദേവീ.... പരീക്ഷിക്കുകയാണോ....?" വെളിച്ചപ്പാട് നീട്ടി വിളിച്ച് ഒന്നൂടെ കാര്യ ഗൌരവം കൂട്ടി....

"
ആയിഷാ, ഇജ്ജ് പീടിയ നോക്കണേ, ഞാന്‍ ഇപ്പൊ ബരാം..." കാദറിക്ക അകത്തേക്ക് നോക്കി നീട്ടി വിളിച്ചു പറഞ്ഞു. എന്നിട്ട് ഒരു തോര്‍ത്ത് മുണ്ടെടുത് ദേഹത്തിട്ട് അവര്‍കൊപ്പം കൂടി.

"
അല്ല പ്രസിഡണ്ടെ , എവിടെക്കാണെന്ന് വല്ലതും അറിഞ്ഞോ?" കാദറിക്ക ചോദിച്ചു.

"
ഒരു നിശ്ചയവും ഇല്ല കാദറെ, ബാര്‍ബര്‍ രായപ്പന്‍ ആണ് എന്നോട് ഇന്ന് കാര്യം പറഞ്ഞത്, ഇന്നലെ സുര അവിടെ മുടി വെട്ടാന്‍ പോയിരുന്നുവത്രേ. ആപ്പോ പറഞ്ഞതാ യാത്രയുടെ കാര്യം. എവിടേക്ക് ആണെന്ന് മാത്രം പറഞ്ഞില്ല " നമ്പൂരിശന്‍ ശ്വാസം വിടാതെ മുഴുമിപ്പിച്ചു.

"
ഒക്കെയും ദേവിയുടെ ഓരോ കളികളെ ..." വെളിച്ചപ്പാട് തുള്ളി കൊണ്ട് പറഞ്ഞു.

അപ്പോഴേക്കും കവലയില്‍ നില്‍കുന്ന ആള്‍ക്കാര്‍ ഒക്കെയും അറിഞ്ഞിരിക്കുന്നു സുരയുടെ യാത്രയെ കുറിച്ച്.

ആ നാട്ടിലെ ഒരേഒരു വനിതാ മെമ്പര്‍ താമരാക്ഷിയും മെമ്പര്‍ സുഗുണനും കൂടെ രണ്ട് പേരും ഓടി അടുത്തേക്ക് വന്നു.

"അല്ല പ്രസിഡന്റെ, കേട്ടതൊക്കെ നേരാണോ? ചോദ്യം താമരാക്ഷിയില്‍ നിന്നായിരുന്നു.

" അതേ താമരാക്ഷി, കേട്ടതത്രയും സത്ര്യം" നമ്പൂരിശന്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു.

"എന്നാല്‍ നമുക്കൊരു മീറ്റിങ്ങ് വിളിച്ചാലോ പ്രസിഡണ്ടെ?" താമരാക്ഷി ഇടയ്ക്ക് കയറി പറഞ്ഞു.

"ദേവി... ഇനിയും പരീക്ഷണമോ...?" ഇത് കേട്ടതം വെളിച്ചപ്പാട് നീട്ടി വിളിച്ചു....

"എന്നാ..വേണ്ട വേണ്ട ഒന്നും വേണ്ട..." താമരാക്ഷി സ്വയം സമ്മതിച്ചു..

"എന്റെ താമരാക്ഷി, ഓണത്തിനിടയ്ക്കാണോ പുട്ടുകച്ചവടം?" ചോദ്യം കാദറിക്കയില്‍ നിന്നുമായിരുന്നു.

" തന്റെ താമരാക്ഷിയോ?" സുഗുണന്റെ മുഖം ചുളിഞ്ഞു.

"പടച്ചോനേ കെണിഞാ.. , ഞാന്‍ ഒരു പ്രാസം ഒപ്പിച്ചു പറഞ്ഞതാണേ..." അബദ്ധം പറ്റിയെന്നു മനസ്സിലാക്കിയ കാദറിക്ക മെല്ലെ വലിഞ്ഞു.

"അങ്ങനെ താനിപ്പോ പ്രാസം ഒപ്പിക്കേണ്ട, അതിന് ഞങ്ങള് ചെറുപ്പക്കാര് ഇവിടെ ഉണ്ട്" സുഗുണന്‍ പറഞ്ഞു.

അത് കേട്ടപ്പോള്‍ താമരക്ഷിയുടെ മുഖത്തൊരു തിളക്കം...

"ഒന്ന് വിട് സുഗുണാ..." താമരക്ഷി കാലുകൊണ്ട് കളം വരച്ചു ചെറു നാണത്തോടെ പറഞ്ഞു.

"നമ്മളിങ്ങനെ ഇവിടെ ഒന്നും രണ്ടും പറഞ്ഞു നിന്നിട്ട് കാര്യം ഇല്ല, എത്രയും പെട്ടെന്ന് സുരയുടെ വീട്ടിലേക്ക് ചെല്ലുക തന്നെ." പറഞ്ഞത് പ്രസിഡണ്ട് നമ്പൂരിശന്‍ ആയിരുന്നു. അയാള്‍ മുന്നോട്ടു നീങ്ങി... എല്ലാവരും നമ്പൂരിശന്റെ പിറകെ നടന്നു.

"അല്ല പ്രസിഡണ്ടെ, സുര പോയാല്‍ പിന്നെ ഇവിടെ എങ്ങനാ കാര്യങ്ങള്‍ ഒക്കെ നടക്കുന്നെ...? അടുത്ത മാസം കാവില്‍ ഉത്സവമല്ലെ, അപ്പോള്‍ സുര ഇല്ലാതെ. പെട്ടെന്നൊരു പകരക്കാരന്‍...?" സുഗുണന്‍ ചോദ്യമിട്ടു...

"നമ്മുടെ നാട്ടില്‍ അങ്ങനെ സുരയ്ക്ക് ഒരു പകരക്കാരന്‍ ഉണ്ടോ?" സംശയം കാദറിക്കയില്‍ നിന്നായിരുന്നു.

"സംശയം വേണ്ട കാദറിക്ക , സുരയ്ക്ക് പകരക്കാരനില്ല." പറഞ്ഞത് താമരാക്ഷി ആയിരുന്നു...

താമരക്ഷിയുടെ ഈയൊരു ഇടപെടല്‍ എല്ലാവരുടെ മുഖത്തും സംശയത്തിന്റെ കരിനിഴല്‍ തെളിയിച്ചു.

"ഏയ് സുര അത്തരക്കാരനല്ല... " എല്ലാവരും ഒരേ സമയം മനസ്സില്‍ ഉറപ്പിച്ചു പറഞ്ഞു .

ഒരു താഴ്ന്ന ജാതിക്കാരന്‍ ആയിട്ടും നാട്ടുകാര്‍ എല്ലാവരും സുരയെ ഇഷ്ടപെടുന്നതും അതുകൊണ്ടൊക്കെ തന്നെയാണ് , യാതൊരു വിധ ദുശീലങ്ങളും ഇല്ലാതെ സദാസമയം വ്രതവും നോയമ്പും ഭക്തിയും ആയി നടക്കുന്ന സുര മറ്റുള്ള ചെറുപ്പക്കാരില്‍ നിന്നും വ്യത്യസ്തനായിരുന്നു.

"ഇനിയിപ്പോ ഗള്‍ഫിലോ മറ്റോ ആയിരിക്കുമോ പ്രസിഡണ്ടേ...?" സുഗുണന്‍ സംശയം പ്രകടിപ്പിച്ചു.

"അന്റെ കരിനാക്ക് വളചോന്നും പറയല്ലേ സുഗുണാ.." കാദറിക്ക പുലമ്പി.

"അല്ല സംശയിക്കാന്‍ കാരണം ഉണ്ട് കാദറിക്ക.. കഴിഞ്ഞ തവണ നമ്മുടെ സുലൈമാനിക്കായുടെ മോന്‍ അബ്ദുള്ള ഗള്‍ഫില്‍ നിന്നും വന്നപ്പോ, അയാളുടെ വീട് പണിക്ക് മുന്നില്‍ നിന്നത് നമ്മുടെ സുരയായിരുന്നു... " സുഗുണന്‍ വ്യക്തമാക്കി.

"അള്ളാ..., ശെരിയാണല്ലോ എന്റെ പടച്ചോനേ...ഞാന്‍ അത് ആലോചിച്ചില്ല, ആ ഹിമാറ് നമ്മളോട് ഈ കടുംകൈ ചെയ്യുമോ?" കാദറിക്ക നിലവിളിച്ചു.

" ഹാ, നിങ്ങളൊന്നു അടങ്ങ്‌ കാദറെ, നമ്മള്‍ എന്തായാലും സുരയുടെ വീട്ടിലേക്കല്ലേ പോകുന്നത്... സത്യാവസ്ഥ അവിടെ ചെന്നാല്‍ അറിയാല്ലോ..." വെളിച്ചപ്പാട് കദറിക്കയെ ശാന്തനാക്കി.

"നമ്മളവിടെ ചെല്ലുമ്പോഴേക്കും സുര പോയിട്ടുണ്ടാകുമോ മെമ്പറെ?" കൂട്ടത്തില്‍ ആരോ ഒരാള്‍ ചോദിച്ചു.

"ഇല്ല പ്രന്ത്രണ്ട്മണി വരെയുള്ള ബസ്സിന് സുര അങ്ങാടി വിട്ടു പോയിട്ടില്ല..." കൂടെ വന്ന കച്ചവടക്കാരന്‍ കരുണന്‍ ഉറപ്പിച്ചു പറഞ്ഞു.

"അപ്പോള്‍ വീട്ടില്‍ തന്നെ കാണും..." എല്ലാവരും ഉറപ്പിച്ചു.

"അടുത്തമാസം എന്റെ മകളുടെ കല്യാണം ഉറപ്പിച്ചിരിക്കുകയാണ് , ഇപ്പൊ സുര എവിടേലും പോയാല്‍... എനിക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല..." കച്ചവടക്കാരന്‍ കരുണന്‍ പറഞ്ഞു...

" അതിന് ഇയാടെ മോളെ സുര ആണോ കെട്ടുന്നേ?..." സുഗുണന്‍ ഇടയ്ക്ക് കയറി പറഞ്ഞു...
(ഒരു കൂട്ടചിരി. )

"ദേ സുഗുണാ വെറുതെ ചൊറിയാന്‍ നിക്കല്ലേ..." കരുണന്‍ ചൂടായി

"ദേവീ....സുര ഇവിടം വിട്ടൂ പോയാല്‍ നമുക്കെല്ലാവര്‍ക്കും തന്നെയാ നഷ്ടം..സുഗുണാ നീ ഒന്ന് അടങ്ങിയെ..." വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി പറഞ്ഞു.

ഇതു കേട്ടതും സുഗുണന്‍ അടങ്ങി...

"മറ്റു ചെറുപ്പക്കാര്‍ ഇസ്തിരിയിട്ട കുപ്പായവും അണിഞ്ഞു പട്ടണങ്ങളില്‍ ജോലിക്ക് പോയപ്പോള്‍ നമുക്ക് സുര മാത്രമേ ഉണ്ടായിരുന്നുള്ളൂ ഒന്ന് വിളിച്ചാല്‍ വിളി കേള്‍ക്കാന്‍... രാവും പകലുമെന്നില്ലാതെ, ആകാശത്തിനു താഴെ ഏതു ജോലിയും ചെയ്യാന്‍ തയ്യാറായി ഒരു ചെറുപ്പക്കാരന്‍ ഉണ്ടാകുക എന്ന് വച്ചാല്‍... കല്യാണം വന്നാലും ചാവ് വന്നാലും സുരയില്ലാത്ത കുടിലുകള്‍ അപൂര്‍വ്വം എന്ന് മാത്രമല്ല, ഇല്ല എന്നുതന്നെ പറയാം ഈ പഞ്ചായത്തില്‍. സുരയ്ക്കാകുമ്പോ എന്തെങ്കിലും ഒക്കെ കൊടുത്താല്‍ മതിയായിരുന്നു. " പ്രസിഡണ്ട് പറഞ്ഞു.

"അത് ശരിയാ, സുരയ്ക്ക് ഒന്നിനും ഒരു പിടിവാശി ഇല്ലാത്തതുകൊണ്ട് എന്തുകൊടുത്താലും അവന് സന്തോഷമായിരുന്നു." ആരോ ഒരാള്‍ പറഞ്ഞു.

ഇങ്ങനെ ഒന്നും രണ്ടും പറഞ്ഞ് എല്ലാവരും സുരയുടെ വീടിനു മുന്നില്‍ എത്തി. ഒരു സമ്മേളനത്തിനുള്ള ജനങ്ങള്‍ ഉണ്ടായിരുന്നു കൂടെ. അതുകണ്ട് കാദറിക്ക പറഞ്ഞു,

"ഇങ്ങള് ഇത് കണ്ടോ പ്രസിഡന്റെ, സുരയെ ഇലക്ഷന് നിര്‍ത്തിയിരുന്നെങ്കില്‍ പുശ്പം പോലെ ജയിച്ചു ബന്നേനെ ..."

"അതിപ്പോ ഞാന്‍ പോയാലും ജയിച്ചു വരും" സുഗുണന്‍ ഇടയ്ക്ക് കയറി പറഞ്ഞ്.

"ഉം.. അതിമ്മിണി പുളിക്കും..." കാദറിക്ക കളിയാക്കി.

"എന്തേ?" സുഗുണന്‍ കയര്‍ത്തു.

"മതി മതി നിറുത്ത്... " പ്രസിഡണ്ട് ഇടപെട്ടു.

എല്ലാവരും നോക്കി നില്‍ക്കെ അകത്തു നിന്നും സുര ഇറങ്ങി വന്നു. സുരയെ കണ്ട എല്ലാവരും ഒരു നിമിഷം ഞെട്ടി നിന്നു.

എന്നും ഒരു കഷ്ണം ലുങ്കി മാത്രം ഉടുത്തു നടക്കാറുള്ള സുര പാന്റും ഷര്‍ട്ടും അണിഞ്ഞു മുന്നില്‍ നില്‍ക്കുന്നു. എല്ലാവരും ഇത് കണ്ട് വായി പുളച്ചു നിന്നു.

"ഈശ്വരാ, ഇതെന്തു കോലം..." സുഗുണന്‍ അറിയാതെ ചോദിച്ചു പോയി.

"നീ എവിടെ പോകുന്നു സുരേ..." പ്രസിഡണ്ട് ചോദിച്ചു.

സുര കൈയ്യിലുള്ള ഒരു തുണ്ട് പേപ്പര്‍ പ്രസിഡണ്ടിനു നേരെ നീട്ടി.

പ്രസിഡണ്ട് ഉറക്കെ വായിച്ചു.
"നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം - നിങ്ങള്‍ക്ക് ഒരു മാസം 7500 രൂപയും അതില്‍ കൂടുതലും ഉണ്ടാക്കാം. നിങ്ങള്‍ക്ക് തെങ്ങില്‍ കയറാന്‍ അറിയുമോ? ഒരു ദിവസം എത്ര തെങ്ങുകളില്‍ നിങ്ങള്‍ക്ക് കയറാം. 7500 രൂപ മാസ വരുംമാനം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ കഠിനാദ്വാനി ആണെങ്കില്‍ അതില്‍ കൂടുതലും."
വായിച്ചു കഴിഞ്ഞതും പ്രസിഡണ്ട് സുരയുടെ മുഖത്തേക്ക് നോക്കി.

"ദേവി.. കലികാലം. അല്ലാതെ എന്ത് പറയാന്‍..." വെളിച്ചപാട് ഉറഞ്ഞു തുള്ളി നീട്ടി വിളിച്ചു.

"നിങ്ങളുടെ വീടുകളില്‍ വന്നു വിലപേശുന്നതിലും എത്രയോ നല്ലതല്ലേ പ്രസിഡന്റെ ഇങ്ങനെ ഒരു അവരസം പാഴാക്കാതെ നോക്കുന്നത് ." സുര പറഞ്ഞു.

"ഇതാകുമ്പോ ആരുടെയും മുഖവും കാണേണ്ട, മാസാവസാനം ഒരു തുക കയ്യില്‍ വന്നു ചേരുകയും ചെയ്യും." സുര മുഴുമിപിച്ചു.

"എന്നാലും സുരേ..." സുരയ്ക്ക് പെട്ടെന്ന് വന്ന വെളിപാട് ഓര്‍ത്ത്‌ സുഗുണന്‍ നെടുവീര്‍പ്പിട്ടു.

"ഒന്നുമില്ല മെമ്പറെ ഞാന്‍ തീരുമാനിച്ചു, എനിക്കും ജീവിക്കണം.. പലപ്പോഴും ഞാന്‍ ചോദിക്കുന്ന പൈസകൊക്കെയും നിങ്ങള്‍ക്ക് അതിന്റേതായ കണക്കുകളും ന്യായീകരണങ്ങളും ഉണ്ടായിരുന്നു. എനിക്കും ജീവിക്കണ്ടെ , അതിന് ഞാന്‍ കണ്ട മാര്‍ഗമാണിത്. ചിലപ്പോ ദൈവം കാണിച്ചു തന്നതായിരിക്കും. അല്ലെങ്കില്‍ ടൌണില്‍ നിന്നും സാധനം കെട്ടി കൊണ്ട് വന്ന ഈ പേപ്പര്‍ എന്റെ കണ്ണില്‍ പെടാനും എനിക്ക് അവിടെ ചെല്ലാനും അവര്‍ എന്നെ തിരഞ്ഞെടുക്കാനും കാരണം വേറെ എന്തുണ്ടാകാനാ?" സുരയുടെ വാക്കുകള്‍ കേട്ട്‌ എല്ലാവരും തരിച്ചിരുന്നു.

"എനിക്ക് വിവരവും വിദ്യാഭ്യാസവും കുറവാണ്. എനിക്ക് ഇതിലും നല്ല ഒരു തൊഴില്‍ ഇനി കിട്ടില്ല, ഈ തൊഴില്‍ അല്ലാതെ എനിക്ക് മറ്റൊന്നും അറിയുകയും ഇല്ല . ഇതാണ് എന്റെ തൊഴില്‍, ഇതാണ് എന്റെ ജീവിതം..... മറ്റുള്ളവരെ പോലെ ഞാനും പോകുന്നു, എന്റെ വഴിയെ..."

സുര കൂടുതല്‍ ഒന്നും പറയാന്‍ നിക്കാതെ അമ്മയുടെ കാലുകള്‍ തൊട്ട് വണങ്ങി യാത്ര പുറപ്പെട്ടു.

എല്ലാവരും സുരയ്ക്ക് അകമ്പടിയേകി... അതിനിടെ ആരോ പിറുപിറുത്തു
'സുരയ്ക്ക് പകരക്കാരനില്ല...."

അന്ധതയുടെ താഴ്വര


 [26-08-2010നു മലയാള മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു വന്ന കഥ]
ഇപ്പോള്‍ അവന്‍ എന്ത് ചെയ്യുകയായിരിക്കും?
ഉറങ്ങുകയായിരിക്കും,

ഏയ് അല്ല - അവന്... ഉച്ചയ്ക്ക് ഉറങ്ങുന്ന ശീലം ഇല്ല, എനിക്കറിയാം കാരണം അവന്‍ എന്നും ഈ സമയം എന്നെയും കാത്ത് കോളേജിനു മുന്നില്‍ നില്‍ക്കുക പതിവായിരുന്നു. എന്നും പുഞ്ചിരിക്കുന്ന മുഖത്തോടെ.

ഇന്ന് അവന്‍ എവിടെ പോയി, അറിയില്ല - ഇന്ന് അവനെ കാണാറുള്ള വഴികളില്‍ ഒന്നും അവനെകണ്ടില്ല...

ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് അവന്‍ എനിക്ക് ആരാണ്. വെറുമൊരു കാമുകനോ അതോ മനസ്സുകൊണ്ട് വരിച്ച എന്റെ ഭര്‍ത്താവോ? അതോ അതില്‍ കൂടുതലായി എന്തെങ്ങിലുമോ? അവനെകാണാതെയുള്ള ഓരോ നിമിഷവും എനിക്കെന്തേ യുഗങ്ങളായ്‌ തോന്നുന്നുവോ?

കിടന്നിട്ട് ഉറക്കം വന്നതേ ഇല്ല, ഇങ്ങനെ അവനെ കാണാതെ ഒരു ദിവസം ഉണ്ടായിട്ടില്ല.
ഇപ്പോള്‍ അവന്‍ എന്ത് ചെയ്യുകയായിരിക്കും? വീണ്ടും ആലോചിച്ചു,

എന്നെ കാത്തിരിക്കുന്നുണ്ടാകുമോ? ചിലപ്പോള്‍...

ഞാന്‍ ഒരു വിഡ്ഢി തന്നെ, ശരിക്കും...

ഈ പാതിരാത്രി അവന്‍ എവിടെ കാത്തിരിക്കാന്‍, ഇപ്പോള്‍ അവന്‍ ഉറങ്ങുന്നുണ്ടാകും..

അതേ, ഇപ്പോള്‍ അവന്‍ ഉറങ്ങുക തന്നെ, ഒരിക്കലും ഉണരാതെ ഉള്ള ഉറക്കം...

എന്റെ പ്രണയം താഴിട്ട പെട്ടിയില്‍ മരവിച്ച് കിടന്നുറങ്ങുന്നു. അത് തന്നെ ആയിരുന്നില്ലേ നമുക്കിടയിലെ അന്തരവും..?

മരിച്ചാല്‍ അവന്‍ കിടക്കുന്നത് പെട്ടിയിലും ഞാന്‍ ഒരു പിടി ചാരമായും എരിഞ്ഞടങ്ങുന്നു.

നമുക്കിടയിലെ ഈ അന്തരം അതൊരു വലിയ അന്തരം തന്നെയാണോ?

ആലോചിച്ചു, എന്തിനാണിങ്ങനെ എല്ലാവരും... മനസ്സിലാകുന്നില്ല, ആരെയും - ഒന്നിനെയും.

പൂജാമുറിയില്‍ രാധാകൃഷ്ണനെ പൂവിട്ടു പൂജിക്കുന്നു. രാധ, കൃഷ്ണന് ആരായിരുന്നു...? വെറും കാമുകി മാത്രമല്ലേ... ആ പ്രണയത്തെ പൂജിക്കുന്നവര്‍ എന്തെ എന്നും നമ്മുടെ പ്രണയത്തെ എതിര്‍ക്കുന്നു.

എനിക്ക് അവന്‍, എന്റെ കൃഷ്ണന്‍ തന്നെയാണ്. ഞാന്‍ അവന് രാധയും -
മീരയല്ല ഞാന്‍ അവന് വേണ്ടിവേദനയോടെ കാത്തിരിക്കാന്‍.

ഒരിക്കല്‍ അവന്‍ എന്നോട് പറഞ്ഞു, ജീവിതത്തിലെ പൊള്ളുന്ന യാഥര്‍ത്യങ്ങള്‍ അംഗീകരിച്ചേമതിയാവു. നമ്മളെ മനസ്സിലാകാന്‍ ഇവിടെ ആരും തന്നെ ഇല്ല.

ഇനി നമ്മുടെ ഊഴം, ചോര മണക്കുന്ന പ്രണയോപഹാരം നല്‍ക്കാന്‍ അവന്‍ തയ്യാറായി നിന്നു, കൂടെഞാനും. സൂയിസൈഡു പോയന്റില്‍ താഴേക്കു നോക്കി അവന്‍ പറഞ്ഞു, താഴെ കാണുന്ന പട്ടികള്‍ അവര്‍ കാത്തിരിക്കുകയാണ് ചിന്നി ചിതറിയ നമ്മുടെ എല്ലിന്‍ കഷ്ണങ്ങള്‍ ഭക്ഷണമാകുവാന്‍. ഈ മരണത്തിലൂടെ നമ്മുടെ ജീവിതം നമുക്ക് പടിത്തുയര്‍ത്താം.

വേര്‍പാടിന്റെ ഭയം അത് ഭീകരമെന്ന് മുറുകെ കെട്ടിപിടിച്ചു കൊണ്ട് കാതിലവന്‍ മൊഴിഞ്ഞു.
ഒരു നിമിഷം കണ്ണടച്ചു തുറക്കുമ്പോള്‍...

കൂട്ടി പിടിച്ച കൈകള്‍ വേര്‍പെടുത്താന്‍ ആരൊക്കെയോ ശ്രമിക്കുന്നു - ഇവിടെ മരണത്തിലും അന്തരമോ?

വീട്ടുകാര്‍ ഉറങ്ങുന്ന ആത്മാവിനെ പുണര്‍ന്നു തോളിലേറ്റി നടക്കുമ്പോള്‍ പുറകില്‍ ആര്‍ത്തനാദങ്ങള്‍വീണുടഞ്ഞു. ചന്ദനത്തടികള്‍ വരവേറ്റു, ഇടറിയ ശബ്ദത്തില്‍ ആരോ രാമായണ പാരായണംനടത്തുന്നു. പ്രാണന്റെ പുകച്ചിലില്‍ ഞാന്‍ അറിഞ്ഞു, എന്റെ മരണം.. അത് ഞാന്‍ അംഗീകരിച്ചേമതിയാവു.

അതേ മരണം അത് ഒരു സത്യം തന്നെ, ഏതിനെയും അതിജീവിക്കുന്ന സത്യം. സ്ഥിതിയോ സ്വപ്നമോ ആഗ്രഹങ്ങളോ ഒന്നും നോക്കാതെ കടന്നു വരുന്ന ഒന്ന്.

എന്തിനു വേണ്ടിയായിരുന്നു ഈ പേക്കൂത്തുകള്‍? ആരെ സംരക്ഷിക്കാന്‍?
ഒരു നിസ്സാര ജീവിതം, അതിന് വേണ്ടി കടി പിടി കൂടുന്നു, ജാതിക്കും മതത്തിന്നും വേണ്ടിയോ?...

നമ്മളെ സ്നേഹിക്കുന്നവരെയും നമ്മള്‍ സ്നേഹിക്കുന്നവരെയും ഉപേക്ഷിച്ചുള്ള യാത്ര അത് ആര്‍ക്കാണ്സന്തോഷം നല്‍കുക?

പക്ഷെ എനിക്ക് പോകണം കാരണം വേദനയോടെ കാത്തിരിക്കാന്‍ ഞാന്‍ മീരയല്ല, കണ്ണന്റെ രാധ...

ആരോ എന്നെ തൊട്ട് വിളിച്ചു... കണ്ണ് തുറന്നു നോക്കിയപ്പോള്‍ അവന്‍ മുന്നില്‍...

ഞാന്‍ പൊടുന്നനെ എഴുന്നേറ്റ് ചോദിച്ചു...
"നീ ഇവിടെ...?"

"അതേ ഞാന്‍ ഇവിടെ"
അവന്റെ മറുപടി.

"ആരെങ്കിലും കണ്ടാല്‍..?"
എന്റെ സംശയം..

"ആരും കാണില്ല... ഇവിടെ നമ്മളെ പോലെ ഒരുപാടു പേര്‍... നമ്മളെ എതിര്‍ക്കാന്‍ ആരും തന്നെവരില്ല, നമുക്ക് ജീവിക്കണം ഇവിടെ എങ്കിലും... ഇത് സ്വര്‍ഗം, ഈ താഴ്വരയില്‍ എന്നും സ്നേഹംമാത്രമേ ഉള്ളു, സ്നേഹിക്കുന്നവരും. നമ്മള്‍ വന്നയിടം അവിടെ നോക്കരുത്, അവിടെ നിറയെ അന്തതയാണ്. അവിടെ നമ്മളെ മനസ്സിലാക്കാന്‍ ആരും ഇല്ല. വരൂ നമുക്ക് ജീവിക്കാം.." അവന് എന്നെ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചു, മുഖത്ത് എന്നത്തെയും പോലെ പുഞ്ചിരി.

ഞാന്‍ അവന്റെ കൈ പിടിച്ചു നടന്നു...

പ്രണയത്തിനു മരണമില്ല എന്നറിയുന്ന നേരം. പ്രണയം പുഷ്പിക്കുന്നത് കൈ കോര്‍ത്തു പിടിച്ചു നടന്ന വഴിത്താരകളില്‍ അല്ല എന്ന്‍ ഞാന്‍ മനസ്സിലാക്കി.

Sunday, May 2, 2010

മുഖങ്ങള്‍

(24 മെയ്‌ 2010നു മലയാള മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച കഥ)

ചില ജന്മങ്ങള്‍ ഇങ്ങനെയാണ് എന്നും കരയാനായ്‌ വിധിക്കപ്പെട്ടവര്‍. നഷ്ടങ്ങള്‍ മാത്രം മുതല്‍ കൂട്ടായുള്ള ഇവര്‍ക്ക് മുന്നില്‍ കാലം എന്നുമൊരു ചോദ്യചിഹ്നമായി നില്‍ക്കും. അറിയാതെ കണ്ണ് നിറഞ്ഞു പോയി. ഇത് കുറെ കാലമായി ഇല്ലാത്തതായിരുന്നു. ഇന്നിപ്പോള്‍ വീണ്ടും...

"റിയാസേ അനക്ക് ഉമ്മ കഞ്ഞി കൊണ്ട് ബരട്ടാ... "

ഉമ്മയുടെ ചോദ്യം സ്ഥലകാല ബോധം വീണ്ടെടുക്കാന്‍ സഹായിച്ചു എന്ന് വേണം പറയാന്‍

"കുറച്ച് കഴിയട്ടുമ്മ ഞാന്‍ പറയാം" പെട്ടെന്ന് തന്നെ മറുപടി കൊടുത്തു..

എനിക്ക് കഞ്ഞി തന്നിട്ട് വേണം ഉമ്മയ്ക്കൊന്നു വിശ്രമിക്കാന്‍. ഈയിടെയായി വിശപ്പ് തീരെയില്ല. അതെങ്ങനാ ഉച്ചയ്ക്ക് കഴിച്ചത് ദാഹിച്ചാലല്ലേ രാത്രി വീണ്ടും കഴിക്കാന്‍ പറ്റു. സ്വയം പരാതി പറഞ്ഞു.

ഇങ്ങനെ ഒരേ കിടപ്പല്ലേ, പിന്നെ എങ്ങനെ ദഹിക്കാന്‍. ആരോടെന്നില്ലാതെ അരിശം തീര്‍ക്കാന്‍ രണ്ട് കാലും ഇട്ടടിച്ചു. തളര്‍ന്നു കിടന്നു കൊണ്ട് തല പൊക്കി നോക്കി. കാലിനു പകരം ചുരുട്ടി കൂട്ടിയ പുതപ്പു മാത്രം കാണാം. വേദനയോടെ തല താഴ്ത്തി കിടന്നു. മറവിയും ഓര്‍മ്മയും എന്തെന്നറിയാതെ ഈ കിടപ്പ് കിടക്കാന്‍ തുടങ്ങിയിട്ട് മാസം എട്ടു കഴിയുന്നു...

എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഉടല് മാറാതെ കിട്ടിയ രണ്ടാം ജന്മം ആശുപത്രി കിടക്കയില്‍ മൂന്നാം നാള്‍ ദുഖങ്ങളെ കൂട്ടുപിടിച്ച് ജനിച്ചു വന്നപ്പോള്‍ ശരീരത്തില്‍ നിന്നും അറ്റുപോയത് സ്വന്തം കാലുകള്‍. ഇന്ന് ആര്‍ക്കും വേണ്ടാതെ, ഇവിടെ ഒരു മൂലയില്‍.. പണ്ടൊക്കെ ഏവരും ഇവിടെ എത്തുന്നത് അനുകമ്പയോടുള്ള മിഴികളുമായി മാത്രം... പിന്നീട് ചോര കട്ട പിടിച്ച മുറിവുകള്‍ നക്കി തുടക്കുവാന്‍ ഈ പണി തീരാത്ത വീട്ടിലേക്ക് എനിക്ക് കൂട്ടായെത്തിയത് എവിടെ നിന്നോ വിളിക്കാതെ അതിഥിയായെത്തുന്ന ഒരുപറ്റം എലികള്‍ മാത്രമായിരുന്നു. അന്നൊക്കെ അവരെ ആട്ടിയോടിക്കാന്‍ ഞാന്‍ പാടു പെടുമായിരുന്നു. ഒടുവിലെന്നോ അതേ എലികളുടെ മിഴികളിലും ഞാന്‍ കണ്ടു ഒന്നിനും കൊള്ളാത്തവനോടുള്ള അനുകമ്പ.

ജനലിലൂടെ പുറത്തേക്ക് നോക്കി കിടന്നു. പുറത്ത് വെയില്‍ അകന്നിരിക്കുന്നു. പലപ്പോഴും തോന്നിയിട്ടുണ്ട്. പതിവായി ജനാലയ്ക്കപ്പുറം പൂക്കുന്ന വെയില് പോലും ഈ മരവിച്ച ശരീരം കണ്ടു ജനാലയോളമെത്തി പരിഹസിച്ച് പോകുന്നതായി. മരവിച്ച ഇന്നലെകള്‍ക്കും സ്വപ്‌നങ്ങള്‍ നിറച്ച നാളേക്കുമിടയില്‍ ഈ മുറിയില്‍ വിശ്രമിച്ച് സ്വയം നീറി നീറി ഒടുങ്ങാനാകും വിധി എന്ന് കരുതി സമാധാനിക്കാന്‍ ശ്രമിച്ചു. പക്ഷെ എത്ര നാള്‍?...

മുറിയില്‍ വീണ്ടും നിശബ്ദത പടര്‍ന്നുവോ? . ഈ നിശബ്ദതയെ ഞാന്‍ എന്ത് വിളിക്കണം..ഇന്ദ്രിയങ്ങള്‍ ഇല്ലാതാകുന്ന നിമിഷമെന്നോ? ഞാന്‍ കരയാറില്ല,, എന്റെ കണ്ണ് നിറയുന്നത് ഉമ്മയ്ക്ക് താങ്ങാനാവില്ല എന്നറിയാം. എന്നിട്ടും ഇന്ന് ഞാന്‍ എന്തെ കരഞ്ഞു? .

പാവം എന്റെ ഉമ്മ, എന്നോ ഒരിക്കല്‍ ഉമ്മയുടെ സ്നേഹത്തിനു വിലപറഞ്ഞ് , ബാപ്പ വീടുവിട്ടിറങ്ങിയ അന്ന് തുടങ്ങിയതാണ്‌ ഉമ്മയുടെ ഈ വിശ്രമമില്ലാത്ത നെട്ടോട്ടം. നാളത്തെ അന്നമെന്ന ചിന്തയില്‍ വീടുകള്‍ മാറി കയറി വൈകീട്ട് വീട്ടില്‍ കൊണ്ട് വരുന്ന മുഷിഞ്ഞു നാറിയ സഞ്ചിയിലെ ഒരു പിടി അന്നമായിരുന്നു ഈ രണ്ട് ജന്മങ്ങളെ ഇവിടെ വരെ എത്തിച്ചത്. അതിനപ്പുറമൊരു സമ്പാദ്യം എന്ന് പറയാന്‍ ഉമ്മയ്ക്ക് ഞാന്‍ മാത്രം. എന്നോ ഒരിക്കല്‍ ആരോ പറഞ്ഞറിഞ്ഞു താന്‍ ബാപ്പ എന്ന് വിളിച്ച ആ മനുഷ്യനെ കുറിച്ചും അദ്ധേഹത്തിന്റെ പുതിയ ഭാര്യയെ കുറിച്ചും കുടുംബത്തെ കുറിച്ചും. അന്നൊക്കെ ഉമ്മയുടെ നേര്‍ത്ത തേങ്ങല്‍ ഹൃദയസ്പര്‍ശിയായ നേര്‍ത്ത സംഗീതമാക്കി മാറ്റി ഞാന്‍ മുഖം പോത്തിയിട്ടുണ്ട് . ആരോടും ഒന്നും പറയാന്‍ കഴിയാതെ.

എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുവോ?


ഇരുട്ട് വീഴുന്ന മിഴികളില്‍ സ്വപ്‌നങ്ങള്‍ മുറിവേറ്റ പുഴുക്കളാല്‍ ഇഴഞ്ഞു നീങ്ങി എന്റെ കഴിഞ്ഞ കാലത്തേക്ക്, ആ നശിച്ച ദിവസത്തിലേക്ക്.


സ്കൂളില്‍ രാവിലേയും വൈകീട്ടും കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിനു മുന്നില്ലൂടെ പോകുമ്പോള്‍, ഗ്രൌണ്ടില്‍ ചുവന്ന ജേഴ്സി അണിഞ്ഞു ഇടതു വിങ്ങിലൂടെ കുതിരയെപ്പോലെ കുതിക്കുന്ന ഒരു ഫോര്‍വേര്‍ഡ് പ്ലയറായി ഞാന്‍ എന്നെ സ്വയം കാണുമായിരുന്നു. ആ കാലുകളുടെ കാന്തശക്തിയില്‍ നിന്നും തെറിച്ചു പോകാതെ ഒട്ടി നില്‍ക്കുന്ന ഫുട്ബാള്‍. എങ്ങിനെയും അതിനെ അടിച്ചു തെറിപ്പിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന എതിര്‍ കളിക്കാര്‍. പേരെടുത്ത കളിക്കാരുകള്‍ ബൂട്ടിട്ട അതേ മൈദാനിയില്‍ തന്നെ ആയിരുന്നു ഞാനും കളിച്ചു വളര്‍ന്നത്. മകനെ പഠിപ്പിച്ചു ഒരു വലിയ ഉദ്യോഗസ്ഥനാക്കണം എന്നാഗ്രഹിച്ച പാവം ഉമ്മ, പഠിപ്പിനെക്കാളും മകന്‍ ആരാധിച്ചത് ഫുട്ബാളിനെ ആണെന്നറിഞ്ഞിട്ടും ആ പാവം ഉമ്മ എന്റെ മോഹങ്ങള്‍ക്ക് എതിരുനിന്നില്ല. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍, ആരോ പറഞ്ഞറിഞ്ഞു കോഴിക്കോട്ട് നടക്കുന്ന കേരള ഫുട്ബാള്‍ ടീം സെലക്ഷനെ കുറിച്ച്. എന്നെങ്കിലുമൊരുനാള്‍ മകന്‍ കളിച്ചു വലിയ നിലയില്‍ എത്തുമെന്ന് കരുതിയ ഉമ്മ എതിരുനിന്നില്ല.


ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു അന്ന്, ഒരുപാടു പ്രതീക്ഷകള്‍ മനസ്സില്‍ ഏറ്റി ഫുട്ബാള്‍ സെലെക്ഷന് വേണ്ടി കോഴിക്കോട്ട് ബസ്സ്‌ സ്റ്റാന്‍ഡില്‍ ബസ്സിറങ്ങിയ നിമിഷം, എതിരെ ഓടിവന്ന ആരോ ഒരാള്‍, എന്നെ ഇടിച്ചു താഴെയിട്ടു. ഒടുക്കം രണ്ട് പേരും എഴുന്നെറ്റയുടന്‍ അയാള്‍ എന്നോടായി ചോദിച്ചത് ആദ്യം എന്റെ പേരായിരുന്നു. റിയാസെന്നു പറഞ്ഞ എന്നോട് അയാള്‍ പറഞ്ഞത് ഇന്നും
ഞാന്‍ ഓര്‍ക്കുന്നു. അഞ്ച് നേരം നിസ്ക്കരിക്കുന്ന ഇസ്ലാമു തന്നെയാണ് ഞാനും അതുകൊണ്ട് ഇവിടെ അതികം നില്‍ക്കേണ്ട ഓടിക്കോ.. അയാള്‍ എന്നില്‍ നിന്നും ഓടി മറഞ്ഞു.

ഒന്നും മനസ്സിലാകാതെ ഞാന്‍ അവിടെ നിന്നു, നിമിഷങ്ങള്‍ക്കകം ഒരു വലിയ ശബ്ദവും നിലവിളിയും പുകയും മാത്രമായിരുന്നു എന്റെ മുന്നില്‍. ആളുകള്‍ എനിക്ക് മുകളിലൂടെ ജീവന് വേണ്ടി പരക്കം പാഞ്ഞു. ജീവന്‍ തിരിച്ചു പിടിക്കുവാനുള്ള ഓട്ടത്തില്‍ എന്റെ നിലവിളി ആരും കേട്ടില്ല. ചോരയും മണ്ണും നിറഞ്ഞ വിരൂപമായ മുഖങ്ങള്‍ എനിക്ക് ചുറ്റും കിടന്നു. ഒരു ഭാഗം തകര്‍ന്നു പോയ മുഖത്ത് നിന്നും മണ്ണ് തുടച്ചു മാറ്റാനായി ശ്രമിക്കുന്ന അവരുടെ നിലവിളി എനിക്കിപ്പോഴും കേള്‍ക്കാം. എവിടെ നിന്നോ തെറിച്ചു വന്ന കൈകള്‍ എനിക്കുമേല്‍ പതിച്ചതിന് ശേഷം ഞാന്‍ പിന്നീട് ഉണരുന്നത് ആശുപത്രിയിലെ ഒരുപാടു നിലവിളികള്‍ക്കു ചുറ്റുമായിരുന്നു.


"റിയാസേ, ഇതാ ഈ കഞ്ഞി കുടിക്ക് മോനെ..." ഉമ്മയുടെ സ്വരം.


ഞാന്‍ ഞെട്ടി ഉണര്‍ന്നു. ഉമ്മ മുന്നില്‍ ഒരു കോപ്പയില്‍ കഞ്ഞിയുമായി നില്‍ക്കുന്നു. ഉമ്മയുടെ ശബ്ദം ഇടറിയിരിക്കുന്നു.


എനിക്ക് നേരെ നീട്ടിയ കോപ്പ ഞാന്‍ ചുണ്ടോടടുപ്പിച്ചു.


നെറുകയില്‍ തലോടി ഉമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു.


"എന്നോടു ക്ഷെമിക്കു മോനെ..., ഈ ഉമ്മയ്ക്ക് മുന്നില്‍ വേറെ വഴിയില്ല, നാളെയൊരുനാള്‍ ഞാന്‍ ഇല്ലാതായാല്‍ ഈ നശിച്ച ലോകത്ത് എന്റെ മോന്‍ തനിച്ച്, ആരും തുണയില്ലാതെ..." പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പേ ഉമ്മ എന്റെ മടിയിലേക്ക്‌ ചെരിഞ്ഞു. മരണം കാത്ത നിശയുടെ നൊമ്പരം നിറച്ച മിഴികളുമായി ഉമ്മ എന്നെ നോക്കി. ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. പതിവിനു വിപരീതമായി എനിക്ക് നേരത്തെ കുടിച്ച കഞ്ഞിയില്‍ ചേര്‍ത്ത ഫുരിടാന്‍ ശരീരം പുറംതള്ളവേ ചോരയൊഴുകിയ ഉമ്മയുടെ ചുണ്ടിലുമുണ്ടായിരുന്നു അനുകമ്പയുടെ പുഞ്ചിരി.


പിന്നീട് ആര്‍ത്തിയോടെ കഞ്ഞി വലിച്ചു കുടിച്ചു. കണ്ണുനീരിന്റെ ഉപ്പുരസമോ, അതോ ഫ്യൂരിടാന്റെ അമ്ലരസമോ അറിയില്ല, അന്ന് ഉമ്മ എനിക്ക് നല്‍കിയ കഞ്ഞിക്ക് പതിവിലേറെ ഉപ്പുരസമുണ്ടായിരുന്നു. എന്റെ നെഞ്ഞിടിപ്പ്‌ വല്ലാതെ കൂടിയതായി തോന്നുന്നു. കണ്ണുകളില്‍ ഇരുട്ട് മൂടുന്നത് പോലെ, ആ നശിച്ച ദിവസം എന്റെ മുന്നിലൂടെ കടന്നുപോയ മുഖങ്ങള്‍ എനിക്ക് മുന്നില്‍ പൊട്ടി ചിരിച്ചുകൊണ്ട് മിന്നി മറയുന്നു. എന്തിനു വേണ്ടിയായിരുന്നു അവര്‍ ഇതൊക്കെ ചെയ്തത്? മരിച്ചു വീഴുന്ന ദുഃഖകണങ്ങള്‍ പെറുക്കിയെടുത്ത് ആവര്‍ത്തനചരിതമെഴുതാന്‍ അവതാരങ്ങള്‍ പോലും മറന്നു പോകുന്ന കാലം. മൂല്യം നിര്‍ണയിക്കുന്നത് താണ്ടിയ വഴികളോ ചെയ്തു തീര്‍ത്ത പ്രവര്‍ത്തികളോ അല്ലെന്നു അവര്‍ അറിയുന്നുണ്ടോ? എന്നെയോര്‍ത്ത് നെടുവീര്‍പ്പിടാന്‍ ആ മുഖങ്ങള്‍ക്കാകുമോ? കണ്ണുകള്‍ തുടച്ച് ഉമ്മയോട് ചേര്‍ന്ന് കിടന്നു. ഉമ്മ നല്ല ഉറക്കത്തിലായിരുന്നു. ഒരിക്കലും ഉണരാത്ത ഉറക്കം. ആ നീണ്ട നിദ്രയുടെ സുഖമറിയാന്‍, ഞാന്‍ ഉമ്മയെ കെട്ടിപിടിച്ചു കിടന്നു.