Friday, April 23, 2010

ഞാന്‍ കണ്ട നീലാംബരി

ഞാന്‍ കണ്ട നീലാംബരി
(ഓര്‍മ്മക്കുറിപ്പ്‌ - മാധവിക്കുട്ടി)

എന്നും പോകുന്ന അതേ വഴികള്‍, അതേ കാഴ്ചകള്‍, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഒരു ട്രെയിന്‍ യാത്രയില്‍ സ്ഥിരം കാഴ്ചകള്‍ മനം മടുപ്പിച്ചപ്പോള്‍ അപ്രതീക്ഷിതമായി എന്റെ മുന്നിലേക്ക്‌ ഒരു കെട്ട് ബുക്കുമായ്‌ കടന്നു വന്ന ചെറുപ്പക്കാരന്‍ നീട്ടിയ ബുക്കിന്റെ കവറില്‍ കണ്ട സുന്ദരിയായ യുവതിയുടെ മുഖചിത്രം എന്നെ വല്ലാതെ ആകര്‍ഷിച്ചു.
അനന്തരഫലമായി നൂറ്റിഅമ്പതില്‍ തുടങ്ങിയ വിലപേശല്‍ നൂറ്റി ഇരുപതില്‍ അവസാനിച്ചു. അങ്ങനെ ആ ബുക്ക്‌ എനിക്ക് സ്വന്തം. ആദ്യമായി പ്രണയിനിയുടെ ഫോട്ടോ കൈക്കലാക്കിയ ഒരു കൌമാരക്കാരന്റെ ആവേശമായിരുന്നു എന്നിലപ്പോള്‍. ഒരുപാട് നേരം ആ മുഖചിത്രം നോക്കിയിരുന്ന ഞാന്‍, കുറച്ചു നേരം എടുത്തു അതൊന്നു തുറന്നു നോക്കാന്‍. ധീരമായ തുറന്നു പറച്ചിലുകള്‍ കൊണ്ട് വിവാദം സൃഷ്ടിച്ച ലോകപ്രശസ്ത സാഹിത്യകാരി ഡോ: കമല ദാസ് എന്ന മാധവിക്കുട്ടിയുടെ "എന്റെ കഥ" എന്ന ആത്മകഥ ആയിരുന്നു എന്റെ കൈയ്യില്‍. മാധവിക്കുട്ടി എന്ന എഴുത്തുകാരിയെക്കുറിച്ച് അന്നേവരെ വെറും കേട്ടറിവ് മാത്രമായിരുന്നു എനിക്ക്. അവര്‍ ഇത്രയും സുന്ദരിയായിരുന്നു എന്ന് ആ മുഖചിത്രം കണ്ടപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്‌. അതുകൊണ്ട് തന്നെ ഈ ട്രെയിന്‍ യാത്രയില്‍ സുന്ദരിയായ ആ യുവതിയുടെ സാമിപ്യം തനിക്ക്‌ കൂട്ടായിരിക്കണം എന്ന ആഗ്രഹത്തോടെ ഞാന്‍ അതിന്റെ താളുകള്‍ മറിച്ച് നോക്കി.

ഒരേ സമയം ഭാര്യയും അമ്മയും വീട്ടുജോലിക്കാരിയും മറ്റെല്ലാവേഷങ്ങള്‍ക്കുമായ് സ്വയം പങ്കുവെചൊഴിയാതെ വന്ന, പ്രതിസന്ധിയില്‍ ആശ്വാസകേന്ദ്രങ്ങളായി പല അപരിചിത മുഖങ്ങളെയും, സ്ത്രീയുടെ ഇടങ്ങളെ അനുഭവിക്കുകയും അവള്‍ക്ക്‌ ചുറ്റുമുള്ള വ്യക്തി ബന്ധങ്ങളെ നിര്‍വചിക്കുകയും ചെയ്യുന്ന എതിര്‍പ്പിന്റെ കഥയായിരുന്നു "എന്റെ കഥ". സ്വയം കഥാപാത്രമായും ഒപ്പമുള്ളവരെ കഥാപാത്രങ്ങളാക്കിയും ആഗ്രഹിച്ചത്‌ കിട്ടാതിരിക്കുകയും കിട്ടിയതൊന്നും ആഗ്രഹിക്കാതിരിക്കുകയും പരസ്യമായി തുറന്നു പറഞ്ഞ ധീരയായ ആ എഴുതുകാരിയോട് എനിക്ക് തോന്നിയ എന്തെന്നില്ലാത്ത ആരാധനയുടെ തുടക്കമായിരുന്നു അവിടം. ട്രെയിനില്‍ നിന്നുമിറങ്ങുമ്പോള്‍ ഒരു മികച്ച സൃഷ്ടി ഹൃദിസ്തമാക്കിയതിന്റെ ആവേശമായിരുന്നു എന്റെ മനസ്സില്‍, ഒപ്പം ആ കഥ തന്ന പൂര്‍ണ്ണതയില്‍ എഴുതുകാരിയോടുള്ള ആഘാത പ്രണയവും. അതിന് ശേഷം നീര്‍മാതളം പൂത്തകാലവും നഷ്ടപ്പെട്ട നീലംബരിയും തന്നത് വ്യത്യസ്ത അനുഭവങ്ങളായിരുന്നു.

ഇന്ത്യയിലെ സ്ത്രീയുടെ ലൈംഗീക അഭിലാഷകളെക്കുറിച്ച് പച്ചയായി സംസാരിച്ച ആദ്യത്തെ വനിതാ എഴുത്ത്കാരിയായിരുന്നു മാധവിക്കുട്ടി. സ്നേഹാന്വേഷണത്തിന്റെ ഭാഗമായി മാധവിക്കുട്ടി അവതരിപ്പിച്ച കാവ്യാത്മഭാവനകള്‍ ഏറെ അവമതിക്കപ്പെട്ടു. കൃഷ്ണന്‍ തനിക്ക് കാമുകനോ ഭര്‍ത്താവോ ഒക്കെയാണെന്ന് പറയാന്‍ മടിക്കാതിരുന്ന, ജീവിത യാഥാര്ത്യങ്ങളെ പച്ചയായി വിളിച്ചു പറഞ്ഞ എഴുത്തുകാരി. അടുത്ത ഒരു ജന്മമുണ്ടെങ്കില്‍ യാതൊരു കെട്ടുപാടുകള്മില്ലാതെ ഒരു പറവയായി പാറി പറക്കാനാഗ്രഹിച്ച അവര്‍, ഒരിക്കലും ഒരു മനുഷ്യ സ്ത്രീ ആകരുതെന്ന് ആഗ്രഹിച്ചു.. സ്വന്തം ജീവിതവും എഴുത്തുമായിരുന്നു അവരുടെ ആയുധങ്ങള്‍

രണ്ട് വര്‍ഷത്തിനു ശേഷം എറണാകുളത്തെ ടൌണ്‍ഹാളില്‍ നടക്കുന്ന ഒരു സിമ്പോസിയത്തില്‍ കമലാ സുരയ്യ പങ്കെടുക്കുന്നു എന്ന വാര്‍ത്ത, ഒരു ജീവിതം മുഴുവന്‍ സ്നേഹത്തിന്നും സ്ത്രീ സ്വാതന്ത്ര്യത്തിന്നും വേണ്ടി പോരാടിയ മലയാളികളുടെ സ്വന്തം നീലാംബരിയെ കാണുവാനുള്ള അതിയായ ആഗ്രഹം എന്റെയുള്ളില്‍ ജനിച്ചു. അന്നേദിവസം ബാക്കി എല്ലാ കാര്യങ്ങളും മാറ്റിവച്ച് അവിടേക്ക്‌ ചെന്നു. വിചാരിച്ചത്രയും ജനക്കൂട്ടം ഇല്ലെങ്കിലും, ഇരിക്കാനുള്ള സ്ഥലത്തിനായി ബുദ്ധിമുട്ടി. മലയാള സാഹിത്യത്തിലെ പേരെടുത്ത സാഹിത്യകാരും എഴുത്തുകാരും അവിടെ സന്നിഹിതരായിരുന്നു. ആരുടെയും മുഖമത്ര പരിചയമില്ലെങ്കിലും പേരുകള്‍ കേട്ടപ്പോള്‍ ആളുകളെ തിരിച്ചറിഞ്ഞു. അപ്പോഴൊക്കെയും എന്റെ കണ്ണുകള്‍ നീലാംബരിയെ പരതുകയായിരുന്നു. ഏറെ നേരം പരതിയിട്ടും കാണാതെ വന്നപ്പോള്‍ അടുത്തിരുന്നയാളോടായി ചോദിച്ചു. കമലാ സുരയ്യ ദേഹാസ്വാസ്ഥ്യം കാരണം വന്നില്ല എന്ന അയാളുടെ മറുപടി എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒടുവില്‍ വിഷാദനായി ആ ഹാള്‍ വിട്ടു പോകുമ്പോള്‍ എന്റെ മനസ്സ്‌ നിറയെ ട്രെയിനില്‍ നിന്നും വാങ്ങിയ ബുക്കിന്റെ മുഖചിത്രത്തിലെ സുന്ദരിയായ യുവതിയുടെ മുഖമായിരുന്നു. ആ മുഖം അതിന് ശേഷം ഞാന്‍ പല വേദികളിലും തേടിയലഞ്ഞു. സുന്ദരിയായ സാഹിത്യ കാരിയെ ഒരുനോക്കു കാണാന്‍. പക്ഷെ എന്റെ മോഹങ്ങള്‍ക്ക് കാമ്പില്ലെന്നു തോന്നുന്നു. നീലാംബരി നമ്മെ വിട്ട് യാത്രയായി. എന്റെയുള്ളില്‍ ഞാന്‍ കണ്ട നീലംബരിയുടെ മുഖം ഇന്നും അതുപോലെ തന്നെ.

"ഇന്നും

നീര്‍മാതളം പോകുമ്പോള്‍,
ഞാന്‍ അവിടെ എത്താറില്ല"

മാധവിക്കുട്ടിയുടെ ഈ വാക്കുകള്‍ ഞാനിവിടെ കടമെടുക്കുന്നു.


***********

2 comments:

  1. You described about Madhavikutty very well. You have written about her in brief. To summarise her is very difficult. You are very talented writer. I really appreicate you.

    ReplyDelete
  2. kollam.. Saij..
    madhavikkutti enteyum priyapetta ezhuthukari anu..
    keep going saij

    ReplyDelete