Friday, April 23, 2010

വേശ്യ

നക്ഷത്രങ്ങള്‍ വാശിപിടിച്ച് കരഞ്ഞ കൌമാരത്തില്‍ അവള്‍ എല്ലാം വലിച്ചെറിഞ്ഞു. വലിച്ചെറിയാന്‍ മാത്രം അവള്‍ക്ക് ബന്ധങ്ങളില്ല. ബന്ധനങ്ങളും. ഉള്ളത്‌ ശരീരത്തെ ചുറ്റിയ ചേലകള്‍ മാത്രം. അഴുകിയ ജഡങ്ങളായി മെത്തയില്‍ തൊട്ടടുത്ത്‌ കിടന്ന്‍ നെറ്റിയില്‍ ചുണ്ടുകള്‍ ചേര്‍ത്ത് പലരും അവളോട്‌ പറഞ്ഞു "നീ സുന്ദരിയാണ്". ആദ്യമായി ആര്‍ത്തിയോടും ആസക്തിയോടും തന്റെ ശരീരത്തെ നോക്കിയ രണ്ടാനച്ഛനു മുന്നില്‍ എല്ലാം നഷ്ട്ടപ്പെട്ട അവള്‍ക്കിന്ന്‍ അജ്ന്താതമായ നേര്‍വഴികളിലൂടെ യാത്ര പോകാന്‍ ആത്മബന്ധങ്ങളില്ല. ദ്രവിച്ച സ്വപ്നങ്ങളുടെ കറുത്ത ഛായയില്‍ മുഖം നോക്കി നില്ക്കാന്‍ അവള്‍ കാത്തു നിന്നില്ല. സാന്നിദ്യമില്ലാതെയും സാമിപ്യമില്ലതെയും ജീവിതം ജീവിച്ചു തീര്‍ക്കാം പക്ഷെ പണമില്ലാതെ - പണത്തോടൊപ്പം ഇത് രണ്ടും ഉണ്ടായാല്‍ എന്ന ചിന്ത അവളെ ഒരു വേശ്യയാക്കി.

ഈയൊരു സമ്പന്നതയില്‍ ഒരുപാട് വിയര്‍പ്പിന്റെ ഗന്ധവും ഒപ്പം ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫ്ലാറ്റും കോടികളുടെ ബാങ്ക് ബാലന്‍സും ഇന്നവള്‍ക്ക്‌ സ്വന്തം. മനസ്സില്‍ കരിമ്പടം പുതപ്പിക്കുന്ന അദൃശ്യ ചിന്തകളൊന്നുമില്ല. ഒപ്പം കുറ്റബോധവും. ഗര്‍ഭപാത്രത്തില്‍ അണ്‍ഡഡ്ങ്ങള്‍ കരഞ്ഞു തുടങ്ങിയപ്പോഴും മരവിച്ച ശരീരത്തില്‍ നിന്നും സ്വപ്‌നങ്ങള്‍ കീറിമുറിച്ച് ഗര്‍ഭ പാത്രം അറുത്തു മാറ്റിയപ്പോഴും, അറുത്തു മാറ്റിയ സ്ത്രീത്വം അവള്‍ക്ക്‌ വേദനയായില്ല. ചോര കട്ടപിടിച്ച മുറിവുകളില്‍ പണതിനോടുള്ള അമിതമായ ആസക്തി മാത്രമായിരുന്നു അവളുടെ മുന്നില്‍. കൂടെ എന്തിനേയും നേരിടാനുള്ള കരുത്തും. വിലകൂടിയ വസ്ത്രങ്ങളും ലിപ്സ്ടിക്കും ആഭരണങ്ങളും സുഗന്ധദ്രവ്യങ്ങളോടുമായിരുന്നു അവളുടെ ഓമനത്വം. ദുഷിച്ച രക്തത്തില്‍ സമ്പന്നതയുടെ ഹിമശൈലങ്ങള്‍ അവളെ കീഴ്പ്പെടുത്തുകയായിരുന്നു.

തെറ്റുകള്‍ അവളുടെ മുറികള്‍ക്കലങ്കാരമായിരുന്നു. നഗ്നതയുടെ ഊട്ടുപുരയില്‍ ഓരോ ദിവസവും അവള്‍ ആദ്യരാത്രിയിലെ മണവാട്ടിയായി ഒരുങ്ങി നിന്നു. കൂടെ കിടന്നവരില്‍ പലരിലും അവള്‍ തന്റെ ആദമിനെ കണ്ടു. ചുണ്ടില്‍ ദന്തക്ഷതങ്ങളും മുടിക്കെട്ടില്‍ വിരലഴിഞ്ഞ പാടുകളും അവള്‍ക്കു ഹരമായി. കരുണ വറ്റിയ മിഴികളിലെ കാമം നഗ്നശരീരത്തില്‍ കുത്തിയിറക്കിയപ്പോഴും നനഞ്ഞ നഗ്നതയില്‍ ആസക്തിയുടെ വിയര്‍പ്പു പുരണ്ട നോട്ടുകെട്ടുകളോടായിരുന്നു അവള്‍ക്ക്‌ പ്രണയം. നഗ്നതയില്‍ പുരണ്ട മാലിന്യം ഷവറില്‍ നിന്നും വരുന്ന പുണ്യാഹം തെളിച്ച് ശുദ്ധമാക്കിയപ്പോള്‍ വിശപ്പടക്കിയ നിര്‍വൃത്തിയോടെ ഇറങ്ങിപ്പോയവരില്‍ മനസ്സ്‌ കട്ടെടുക്കാന്‍ വന്ന അധിനിവേശപക്ഷികളും ഉണ്ടായിരുന്നു. അവരുടെ കൂട്ടത്തില്‍ ഒരുപിടി ചോറ് നല്‍കി യാചകബാലികയെ പ്രാപിച്ചവരും സ്വന്തം പത്നിയില്‍ പരസ്ത്രീകളെ കണ്ട് സംതൃപ്തരായവരും തെരുവിലെ ഭ്രാന്തിയുടെ ശോഷിച്ച ശരീരത്തില്‍ കാമം കണ്ടെത്തിയവരും പെടുന്നു.

സ്വന്തം ചോരനല്‍കി ജീവന്‍ രക്ഷിച്ചവന്റെ വാക്കുകളെക്കാളും അവളുടെ വാക്കുകള്‍ക്ക്‌ വിലകൊടുക്കുന്ന സമൂഹം. ഇരുളും പകലുമെന്നില്ലാതെ കൊടികളുടെ നിറഭേദ മില്ലാതെ, ഭരണചക്രം തിരിക്കാനും വ്യാപാരങ്ങള്‍ ഊട്ടി ഉറപ്പിക്കാനുമായി അവളെ ഭോഗിക്കാനും ചൂതാട്ടത്തിന് കളത്തില്‍ വെക്കുവാനുമായി മത്സരിക്കുന്നവര്‍. അവളിലെ കണ്മഷി പടര്‍ന്ന മിഴികളും നീല ഞെരമ്പുകളും വിറയലും കാണാന്‍ കൊതിക്കുന്നവര്‍ ഏറെ. ഇന്നവളുടെ പടിപ്പുരയ്ക്ക് മറ്റേതു വീട്ടിനെക്കളും ഉറപ്പുണ്ട്. കാരണം അവള്‍ക്ക്‌ നഷ്ടപ്പെടുവാന്‍ ഒന്നുമില്ല. നഷ്ടപ്പെടുത്താനായി കാത്തിരിക്കുന്നവര്‍ തന്നെ അതിന് കാവലിരിക്കുന്നു.

നാളെയൊരുപക്ഷെ പ്രായം ശരീരത്തിനൊരു വിലങ്ങുതടിയായാല്‍ അവളും തെരുവിലേക്ക് വലിചെറിയപ്പെട്ടെക്കം. അല്ലെങ്കില്‍ ഒരുപക്ഷെ മരണമണി മുഴങ്ങുമ്പോഴും ഏതെങ്കിലുമൊരു പുരുഷത്വത്തിന് മുന്നില്‍ തളര്‍ന്നു വീണേക്കാം. ഒടുവില്‍ അവളെക്കുറിചോര്‍ത്ത് കരയാന്‍ ആരോരുമില്ലാതെ, മുനിസിപ്പാലിറ്റിയുടെ കാരുണ്യത്തോടെ ഏതെങ്കിലുമൊരു വൈദ്യുതീകരിച്ച ശ്മശാനത്തില്‍ ഭൂമീദേവിയെ സ്പര്‍ശിക്കാന്‍ കഴിയാതെ ഒരുപിടി ചാരമായ് അവളുടെ ശരീരം അനാഥമായി എരിഞ്ഞടങ്ങും. പക്ഷെ അവള്‍ അതിനെയോന്നിനെയും ഭയക്കുന്നില്ല. അവള്‍ കാത്തിരിക്കുന്നു, വീണ്ടും ഒരു അസ്തമയം. മൊബൈല്‍ ഫോണിന്റെ വിലാപത്തിന് കാതോര്‍ത്ത്‌, കഴുകന്റെ ആത്മരോഷത്തിനു തയ്യാറായ്...
-------------------

No comments:

Post a Comment