Friday, April 23, 2010

സ്വയംതൊഴില്‍

[ഡിസംബര്‍ 28, 2010ന് മലയാള മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചുവന്ന കഥ]
അമ്പലത്തിലെ ഉച്ചഭാഷിണിയുടെ ശബ്ദം കുളിമുറിയില്‍ കേള്‍ക്കാം. ഒരു കാലത്ത്‌ അസഹ്യമായി തോന്നിയിരുന്ന ഈ പാട്ടുകള്‍ ഇന്ന് ഞാന്‍ കൂടെ പാടി ആസ്വദിക്കുന്നു. തല തോര്‍ത്തിക്കൊണ്ട് നിക്കുമ്പോള്‍ അനുജത്തി സുമ വിളിച്ചു ചോദിച്ചു. "ചേട്ടാ ഇന്ന് ഏതു ഷര്‍ട്ട് ആണ് തെയ്ക്കെണ്ടത്?" ഇന്നലെ ബൂകിംഗ് ഒന്നും ഇല്ലാത്തതിനാല്‍ അതിനുത്തരം കൊടുത്തില്ല. കവലയില്‍ ചെന്നു നിന്നാല്‍ കാര്യത്തിനോക്കെയും ഒരു തീരുമാനം ആകും. അതുകൊണ്ട് ഇന്നോരല്പം നേരത്തെ തന്നെ ഇറങ്ങാന്‍ തീരുമാനിച്ചു. മേശപ്പുറത്ത്‌ ചായയും പുട്ടും പഴവും നിരത്തിയിരിക്കുന്നു. അടുക്കളയില്‍ അമ്മയും അനുജത്തിയും തിരക്കിട്ട പണിയിലാണ്. ഇന്ന് ജീവിതത്തിന്നു ഒരുപാട്‌ മാറ്റം വന്നിരിക്കുന്നു. കുറച്ച് നാള്‍ മുമ്പ് വരെ പച്ചവെള്ളം കുടിച്ചിട്ടായിരുന്നു വീട്ടില്‍ നിന്നും ഇറങ്ങുന്നത് ഒപ്പം കൂട്ടിനായി അമ്മയുടെ ആവലാതിയും വേലലാതിയും പൊതിചോറായി ഉണ്ടാകും. അമ്മയെ പറഞ്ഞിട്ട് കാര്യമില്ല സ്വന്തം മോനെ ശപിക്കാന്‍ ഏത് അമ്മയ്ക്കാണ് പറ്റുക, ഉള്ളിലെ വിഷമം പറഞ്ഞു തീര്‍ക്കുകയല്ലാതെ വേറെ എന്തു ചെയ്യാന്‍ കഴിയും ആ പാവത്തിന്. കോലായിലെ അരഭിത്തിയുടെ ഒരു കോണില്‍ പാട്ടി ഇരുന്നു ചെറുമകന് നല്ലത് വരാന്‍ നെഞ്ചുരുകി പ്രാര്‍ത്തിക്കുകയാണ്. നേരത്തെ മറിച്ചായിരുന്നു പതിവ്, ആരുടെയെങ്കിലും ജീവിതം കൂട്ട് പിടിച്ചു സദാ സമയവും എന്തെങ്കിലുമൊക്കെ ദുഷിച്ചു കൊണ്ടിരുന്ന പാട്ടിയും ഇന്നത്തെ മാറ്റത്തിന്റെ നിറമുള്ള കാഴ്ചകളില്‍ ഒന്ന് തന്നെ.
ഒരുഭാഗത്ത്‌ അച്ഛനപ്പുപ്പന്മാരായി ഉണ്ടാക്കിയ കടങ്ങളും ബാധ്യതകളും മറുഭാഗത്ത് പട്ടിണിയും പ്രാരബ്ദങ്ങളും ഏതു നിമിഷവും താഴേക്ക്‌ പതിക്കാവുന്ന ടെമോക്ലസ്സിന്റെ വാല്‍ പോലെ തലയ്ക്കു മുകളില്‍ തൂങ്ങി കിടന്നു. ഒരു ബിരുദത്തിന്നപ്പുറത്തേക്ക് മകന്റെ പഠിപ്പിനെക്കുറിച്ച് ചിന്തിക്കുവാനുള്ള ഖനമോന്നും അമ്പലത്തിലെ പൂജാരിയുടെ മടിശീലയ്ക്ക് ഉണ്ടായിരുന്നില്ല. വെറും ഒരു ബിരുദധാരിക്ക് ഇക്കാലത്ത്‌ ആര് എന്ത് ജോലി തരാന്‍. മറ്റുള്ളവരുടെ വേദനകള്‍ എരിഞ്ഞു തീരാറായ കര്‍പ്പൂരം ചുറ്റി തെവരോടു പറഞ്ഞു പ്രാര്‍ത്തിച്ചിരുന്ന അച്ഛന്‍ സ്വന്തം കുടുംബത്തിന്റെയും മക്കളുടെയും കാര്യം പറയാന്‍ മറന്നു കാണും എന്ന് കരുതി വേദനയോടെ കാലം കഴിച്ചു കൂട്ടി. തേവരേ പൂജിച്ചു കിട്ടുന്ന ഓട്ട കാലണയും അമ്പലത്തിലെ നിവേദ്യചോറും എത്രനാള്‍ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഒരു തമാശയ്ക്കെങ്കിലും അടുത്ത വീട്ടിലെ രാഘവേട്ടന്‍ പറഞ്ഞ ഈ ജോലി സ്വീകരിച്ചത്‌. അതുകൊണ്ടിപ്പോള്‍ അല്ലലില്ലാതെ ചിലവുകള്‍ ഒക്കെ നടന്നു പോകുന്നു. ഓരോന്ന് ചിന്തിച്ച് കവലയില്‍ എത്തിയതറിഞ്ഞില്ല. കവലയില്‍ ഇരുവശവും അന്നദാതാക്കളുടെ കളര്‍ ചിത്രങ്ങള്‍ പതിച്ചത് കാണാം. എന്നെ പോലെ നാല് അഞ്ച് ചെറുപ്പക്കാര്‍ വളരെ പ്രതീക്ഷയോടെ ആരെയോ കാത്തിരിക്കുകയാണ്. ഒരു ദിവസം മുന്നൂറു രൂപ മുതല്‍ അഞ്ഞൂറ് രൂപ വരെ കിട്ടും, കൂടെ ഭക്ഷണവും. ചില ദിവസങ്ങളില്‍ അതില്‍ കൂടുതലും. ഇന്റര്‍വ്യുവോ ടെസ്റ്റോ മുന്‍പരിചയമോ അല്ലെങ്കില്‍ ഒരു രാഷ്ട്രീയകാരന്റെയും ഒത്താശയോ ഈ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യമില്ല എന്നത് തൊഴിലില്ലാത്ത ചെറുപ്പക്കാരെ ഇതിലേക്ക് അടുപ്പിക്കുന്ന ഒരു വസ്തുതയാണ്. ഒരു ജോലിയില്‍ പ്രവേശിക്കാന്‍ ലക്ഷങ്ങള്‍ കോഴ കൊടുക്കേണ്ടുന്ന ഈ കാലത്ത്‌ ഇങ്ങനെയുള്ള ഒരു ജോലി എന്നെ പോലുള്ള നിര്‍ധനരായ ചെറുപ്പകാര്‍ക്ക് ശെരിക്കും ഒരു അനുഗ്രഹം തന്നെയാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ ജോലി സാധ്യത ഏറെയാണ് ഇതിന്.
കവലയിലെ കടയില്‍ നിന്നും സിഗരറ്റ് വാങ്ങി കത്തിച്ചു പ്രാരാബ്ദങ്ങള്‍ പുകച്ചുരുളായി ഊതി വിടുമ്പോള്‍ കേരളത്തിലെ യുവാക്കളുടെ കാര്യം ഒരു നിമിഷം ആലോചിച്ചു പോയി. ഇങ്ങനെ പോയാല്‍ ഈ നാടിന്റെ കാര്യം എന്താകും എന്നായിരുന്നു ചിന്ത മുഴുവനും. ആര്‍ക്കും ആരോടും കടപ്പാട്കളില്ല , ഒടുക്കം ആറടി മണ്ണിനെന്നറിഞ്ഞിട്ടും എവിടെയും എന്തിനോ വേണ്ടി കടിപിടി കൂടുന്ന ജനങ്ങള്‍ . ചിന്തകള്‍ കയ്യില്‍ നിന്നും വിട്ടുപോകുന്നുവെന്നു തോന്നി, ആവശ്യമില്ലാത്ത ഒരു വ്യവസ്ഥയും ഇല്ലാത്ത വ്യര്‍ഥമായ ചിന്തകള്‍. ചിന്തകള്‍ക്ക് കേടുപാടു വരുത്തി ഒരു ജീപ്പ് വന്നു മുന്നില്‍ നിന്നു. ജീപ്പില്‍ നിന്നും തികച്ചും അപരിചിതനായ ഒരാള്‍, കൂടി നിന്നവരോടായി പറഞ്ഞു. "ഇന്ന് കോട്ട മൈദാനിയിലാ" ജീപ്പിന്നു മുന്നിലെ ത്രിവര്‍ണ്ണ പതാകയിലെ കൈപ്പത്തി അടയാളം കണ്ടമാത്രയില്‍ തന്നെ വന്ന ആള്‍കാരെ തിരിച്ചറിഞ്ഞു. ചുണ്ടിലെ സിഗരറ്റ് ആഞ്ഞു വലിച്ച് ദൃതിയില്‍ നിലത്തിട്ടു ചവിട്ടി കെടുത്തി. പിന്നീടോട്ടും സമയം കളയാതെ ജീപ്പിനുള്ളിലേക്ക് വലിഞ്ഞു കയറി. കാരണം ഇലക്ഷന്‍ കാലമാണ്, ചിലപ്പോള്‍ ഓവര്‍ ടൈം വരെ ഒത്തു വരും. കയ്യിലിരുന്ന പ്ലാസ്റ്റിക്‌ സഞ്ചിയില്‍ നിന്നും കദറി ന്റെ ഒരു ഷര്‍ട്ട് വലിച്ചു പുറത്തെടുത്ത് ഉടനെ തന്നെ മാറി.
ജീപ്പിന്റെ വേഗത കൂടുന്നതിനനുസരിച്ച് നിരത്തില്‍ നടന്നു നീങ്ങുന്ന ആള്‍ക്കാരും അതിവേഗം പുറകോട്ടു പോയി. ഒരുപക്ഷെ ഇതിലും വേഗത്തില്‍ കാലവും കടന്നു പോയേക്കാം. നാട്ടില്‍ രാഷ്ട്രീയവും രാഷ്ട്രീയക്കാരും ആളെണ്ണം രാഷ്ട്രീയ പാര്‍ട്ടികളും ഉള്ളെടുത്തോളം കാലം ഞാനും എന്നെ പോലുള്ള യുവാക്കളും ഇതുപോലെ ജീവിച്ചു പോകും. ഒരു ഇലക്ഷന്‍ കഴിഞ്ഞാല്‍, മീറ്റിങ്ങും സമ്മേളനവും ധര്‍ണ്ണയുമോക്കെയായി ഒരുപാടു പാര്‍ട്ടി പരിപാടികള്‍. കേരളത്തിലെ യുവാക്കള്‍ പട്ടിണി കിടക്കേണ്ടി വരില്ല, തീര്‍ച്ച. മനസ്സില്‍ ഉറപ്പിച്ചു. ജീപ്പിന്റെ വേഗതയില്‍ മുഖത്തേയ്ക്ക് വന്നടിക്കുന്ന കാറ്റ് തന്ന തലോടലും ഒപ്പം മനസ്സില്‍ സ്വയംതൊഴില്‍ കണ്ടെത്തിയതിന്റെ സന്തോഷവും, ആഹ്ലാദത്തിന്റെ അങ്ങേയറ്റത്തെ നിര്‍വ്രുതിയിലായിരുന്നു ഞാന്‍.
------------------------------

1 comment:

  1. Really nice work.........keep doing and waiting for more from you...

    ReplyDelete