വീടിന്റെ തെക്ക് ഭാഗത്താണ് എന്റെ മുത്തശ്ശിമരം. ഭൂമി ദേവിയുടെ മാറിലേക്ക് ആഴ്ന്നിറങ്ങുന്ന വേരുകളും വാനം നോക്കി നിലവിളിക്കുന്ന ശിഖരങ്ങളും മുത്തശ്ശി മരത്തെ കൂടുതല്‍ മനോഹരിയാക്കുന്നു. അനാഥമായി ഊരും പേരുമറിയാതെ പാറി വരുന്ന ദേശാടന പക്ഷികളെ തന്റെ ചില്ലകള്‍ക്കിടയില്‍ അമ്മകോഴി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് പോലെ ആര്‍ക്കും കൊടുക്കാതെ കാത്തു വച്ചും, ഊഞ്ഞാല് കെട്ടിയാടുന്ന വവ്വാലുകളെ നേര്‍ത്ത തലോടലായി ആട്ടിയുറക്കിയും പ്രകൃതിയോടു തന്റെ കര്‍ത്തവ്യം ഭംഗിയായി നിറവേറ്റി. തെക്ക് ഭാഗത്ത് നിന്നും വരുന്ന കാറിനെയും കോളിനെയും തടുത്തു നിറുത്തി വീടിനെ കാക്കുന്ന ഒരു ചെങ്കോട്ടയുടെ പ്രൌഡിയായിരുന്നു എന്റെ മുത്തശ്ശിമരത്തിന്.
ചെറുപ്പം തൊട്ടേ ഈ മരത്തിന് മനസ്സിലൊരു ദിവ്യപരിവേഷമായിരുന്നു. മുത്തശ്ശി പറഞ്ഞു തന്നിരുന്ന രാജകുമാരന്റെ കഥയില്‍, കാലം തുറങ്കല്ലില്‍ അടച്ചിരുന്ന ജീവന് തുല്യം സ്നേഹിച്ച രാജകുമാരിക്ക് വേണ്ടി മഞ്ചാടിമണി കൊണ്ട് കൊട്ടാരം തീര്‍ത്ത രാജകുമാരന്റെ കഥ. കാക്കതൊള്ളായിരം മഞ്ചാടിമണി കൂട്ടിവച്ച് ആ രാജകുമാരനെ മനസ്സില്‍ ധ്യാനിച്ചു എന്ത് പ്രാര്‍ഥിച്ചാലും അത് സാധിക്കുമെന്ന് മുത്തശ്ശിപറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ആ രാജകുമാരനോടുള്ള ആരാധനയോ കുഞ്ഞു മനസ്സിന്റെചാപല്യമോ - അന്നുമുതല്‍ എന്നും ഞാന്‍ അവിടെ വന്നു അതിന്റെ ചുവട്ടില്‍ കുത്തിയിരുന്നു വീണുകിടന്നിരുന്ന കരിയിലക്കിടയില്‍ നിന്നും മഞ്ചാടിമണി പെറുക്കിയെടുത്ത് അത് ചെപ്പില്‍ സൂക്ഷിക്കുമായിരുന്നു. പക്ഷെ രാത്രിയില്‍ എനിക്ക് മുത്തശ്ശിമരത്തെ നോക്കാന്‍ പേടിയായിരുന്നു. കാരണം, നീട്ടി വച്ച കാലില്‍ കുഴംബിട്ട് തിരുമ്മി കൊണ്ട് മുത്തശ്ശി പറഞ്ഞു തന്ന കഥയില്‍ യക്ഷികളുംപ്രേതങ്ങളും ഉണ്ടായിരുന്നു. പലപ്പോഴും അവര് വരുന്നതായി മുത്തശ്ശി ചൂണ്ടി കാണിച്ചിരുന്നത് എന്റെ മുത്തശ്ശിമരത്തിന്റെ ഇടയിലൂടെയായിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ മുത്തശ്ശിമരം എനിക്കൊരു ഭയമായിരുന്നു. മുത്തശ്ശിമരത്തിനു താഴെ യക്ഷികള്‍ പതുങ്ങി നിക്കറുണ്ടത്രെ, അപ്പോള്‍ പാലപ്പൂവിന്റെമണവും ഉണ്ടാകുമെന്നായിരുന്നു മുത്തശ്ശിയുടെ വാദം. ഇത്തരം കഥകള്‍ പറയുമ്പോള്‍ കോലായിലിരുന്നു അച്ഛന്‍ വിളിച്ചു പറയുമായിരുന്നു, എന്തിനാ അമ്മേ അവനെ പറഞ്ഞു പേടിപ്പിക്കുന്നത് എന്നും പറഞ്ഞു അച്ഛന്‍ ധൈര്യം തരുമായിരുന്നെങ്കിലും സന്ധ്യകഴിഞ്ഞാല്‍ മുത്തശ്ശിമരത്തെ നോക്കുന്ന പതിവേ എനിക്കില്ലായിരുന്നു.
അച്ഛന്‍ എനിക്കെന്നുമൊരു ധൈര്യമായിരുന്നു. എന്തിനും ഏതിനും എനിക്ക് അച്ഛന്‍ വേണമായിരുന്നു. അതുകൊണ്ട് തന്നെ മനസ്സില്‍ അച്ഛന്റെ സ്ഥാനം ദൈവങ്ങള്‍ക്കും മുകളിലായിരുന്നു. ഞാന്‍ ഓര്‍ക്കുന്നു, ആദ്യം സ്കൂളില്‍ പോയ ദിവസം. അന്നൊരു മഴക്കാലമായിരുന്നു. പുത്തനുടുപ്പിട്ട് പുതിയ കുടയുമെടുത്ത് അച്ഛന്റെ വിരലില്‍ തൂങ്ങി മഴയോട് കിന്നാരം പറഞ്ഞു പോയത്. മഴയെ ഇഷ്ടപെടാത്തവര്‍ ആരുമുണ്ടാകില്ല. ആകാശമാകെ കരുത്തിരണ്ട് വെളിച്ചം മങ്ങി ആര്‍ത്തിരമ്പി പെയ്യുന്ന മഴ. സൂര്യഭഗവാന്‍ ഭൂമി ദേവിയെ കാണാന്‍ കഴിയാതെ നിരാശനായി നില്‍ക്കുന്ന സമയം. കാറ്റിന്റെ വിരല്‍തുമ്പില്‍ തൂങ്ങി കണ്ണിമ ചിമ്മും നേരം കൊണ്ട് ദേഹത്ത് തളര്‍ന്നു വീഴുന്ന മഴത്തുള്ളികള്‍. അവയെ ഞാന്‍ അഗാധമായി പ്രണയിച്ചിരുന്നു. വീട്ടിന്റെ ഓടില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴത്തുള്ളികള്‍ സിമാന്റിടാത്ത മുറ്റത്ത് പതിക്കുമ്പോള്‍ അവിടം കുഴിയുന്നതും നോക്കി നില്‍ക്കാന്‍ നല്ല രസമാണ്. ആദ്യത്തെ മഴ കൊള്ളുമ്പോഴുള്ള അനുഭൂതി അതിന്റെ കൂടെ അമ്മയുടെ ശകാരവും. വീടിനു മുറ്റത്തെ ഇടവഴിയില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കടലാസ് തോണി ഒഴുക്കി വിടുമ്പോള്‍ അമ്മ വിളിച്ചു പറയും " പനി വരുത്തേണ്ട കുട്ടാ എന്ന്." അത് കേള്‍ക്കാത്തപാതി പ്രകൃതിയുടെ കൂടെ മഴ നനഞ്ഞുനിന്നു ഒടുവില്‍ അമ്മ വടി എടുക്കുന്നത് വരെ മഴ കൊള്ളും.
അന്ന് സ്കൂള്‍ കഴിയുന്നത് വരെ അച്ഛന്‍ അവിടെ തന്നെ നിന്നു. ഒരു പക്ഷെ അച്ഛന് അത്രപെട്ടെന്ന് എന്നെ തനിച്ചാക്കി പോരാന്‍ തോന്നിയിട്ടുണ്ടാവില്ല. അല്ലെങ്കില്‍ ഒരു പക്ഷെ ഞാന്‍ കരയുന്നത് അച്ഛന് സഹിക്കില്ലായിരിക്കും. അല്ലെങ്കിലും അച്ഛന് ഞാന്‍ കരയുന്നത് സഹിക്കില്ലയിരുന്നു, ധനുമാസത്തിലെ തിരുവാതിരയില്‍ മുക്കുത്തിക്കാവിലെ ഉത്സവത്തിന്റെ മൂന്നാം നാള്‍ കോഴിയെ അറുത്ത് ദേവിക്ക് നേദിക്കുന്ന ഒരു പ്രത്യേക പൂജയുണ്ട്. അന്ന് നല്ല തിരക്ക് കാണും, കിഴക്കേ നടയില്‍ വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി വാളെടുത്ത് തലയില്‍ ആഞ്ഞാഞ്ഞു വെട്ടുമ്പോള്‍ തലയില്‍ പൊത്തിയ മഞ്ഞള്‍പൊടി ചോരയില്‍ കലര്‍ന്നൊഴുകുന്നത് കാണുമ്പോള്‍ അച്ഛന്റെ മുണ്ടില്‍ മുഖം പൊത്തി കരഞ്ഞുകൊണ്ട് നിക്കുമായിരുന്നു ഞാന്‍. അച്ഛന്‍ അപ്പോള്‍ പറഞ്ഞു തരും വെളിച്ചപ്പാട് നമ്മുടെ സങ്കടങ്ങള്‍ ദേവിയോട് പറയുന്നതാണെന്ന്.
ഒരു ദിവസം ഓഫീസില്‍ പോയ അച്ഛനെ അന്ന് വൈകീട്ട് കാണുന്നത് വെള്ളയില്‍ പൊതിഞ്ഞ മൃതദേഹമായി വീട്ടിന്നു മുന്നില്‍ വന്നു നിന്ന ആംബുലന്സിലായിരുന്നു. അന്നൊന്നും ഹാര്‍ട്ട് അറ്റാക്കിനെകുറിച്ച് അറിയുവാനുള്ള പ്രായമായിരുന്നില്ല. മരണം എന്നാല്‍ ദൈവങ്ങളുടെ അടുത്തു പോകല്‍ എന്നതായിരുന്നു കുഞ്ഞു മനസ്സില്‍ മുത്തശ്ശി പതിപ്പിച്ച ചിത്രം. ദൈവങ്ങളുടെ അടുത്തു പോയ അച്ഛനെ തിരിച്ചു കൊണ്ട് വരാന്‍ രാജകുമാരനെ മനസ്സില്‍ ധ്യാനിച്ചു മഞ്ചാടി മണി കൂട്ടി വച്ചു ഞാനും പ്രാര്‍ഥിച്ചിരുന്നു. ആരും കേള്‍ക്കാത്ത ഒരു പ്രാര്‍ത്ഥന. എന്തോ എനിക്കേറ്റവും പ്രിയപെട്ടതുകൊണ്ടാകം, അച്ഛന്റെ അസ്ഥിതറയ്ക്ക് തണലേകാന്‍ എന്റെ മുത്തശ്ശിമരം തന്നെ നിമിത്തമായത്.
കാലചക്രം തിരിഞ്ഞു കൊണ്ടേ ഇരുന്നു അത് പ്രപഞ്ച സത്യം. ജീവിതവും കാലത്തോടൊപ്പം സഞ്ചരിക്കുക എന്നത് എവിടെയോ എഴുതിവച്ച മായാത്ത ലിപികള്‍. വിദ്യാഭ്യാസത്തിന്നു ശേഷം ഒരുജോലിക്കായി അലഞ്ഞപ്പോഴൊക്കെയും ഭാഗ്യം ഒരു വഴിമുടക്കിയായി മുന്നില്‍ വന്നു നിന്നു. അച്ഛന്റെ മരണവും അനുജന്റെ പഠിപ്പും വരുത്തിവച്ച കടബാധ്യതകള്‍ എന്നും എനിക്ക് മുന്നിലൊരു ചോദ്യച്ചിഹ്നമായിരുന്നു. വായനശാലയിലെ വാരികകളും പീടിക തിണ്ണയിലെ നാട്ടുവര്‍ത്തമാനങ്ങളുംഎല്ലാം ചെവിയില്‍ മൂളിപ്പറക്കുന്ന കടന്നലുകള്‍ പോലെ തോന്നി തുടങ്ങി. ഒരു ദിവസം കോലായിലെ അരഭിത്തിയില്‍ പ്രാരാബ്ദങ്ങള്‍ പുകച്ചുരുളായി ഊതി വിടുമ്പോള്‍, മുരടനക്കി പടിക്കെട്ടുകള്‍ കയറിവന്ന ശങ്കരന്‍മാമയുടെ കയ്യില്‍ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ഉണ്ടായിരുന്നു. ജാതക ദോഷംകാരണം വിവാഹം മുടങ്ങി നിന്ന വല്യേടത്തെ രാമനാഥന്റെ മകള്‍ അമ്മു, ആയിരവില്ലന്‍ക്ഷേത്രത്തിലെ കത്തുന്ന കല്‍വിളക്കിന്നു മുന്നില്‍ കൈ പിടിച്ചു ജീവിത സഖിയായി. യാഥാര്ത്യങ്ങള്‍ മാത്രം ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു സാദ നാട്ടിന്‍പുറത്തുകാരിയുടെ മനസ്സായിരുന്നുവെങ്കിലും, ഇടവഴിയിലും വാകച്ചുവട്ടിലും പൂത്തുലഞ്ഞ പ്രണയത്തിലെ നായിക നാണത്താല്‍ ചുവക്കുന്ന കവിളിണകളും പരല്‍ മീന്‍ പോലെ പിടയുന്ന മിഴികളും കാട്ടി മനസ്സില്‍ എന്നുമവള്‍ വസന്തംനിറച്ചിരുന്നു.
യാന്ത്രികമായി വികാരങ്ങള്‍ വേലിയേറ്റവും വേലിയിറക്കവും നടത്തിയ വിവാഹ ജീവിതത്തിനു തടയിട്ടുഒരു ട്രാവല്‍ ഏജന്‍സി മുഖേന ഗള്‍ഫിലൊരു ജോലി. വിട പറയലിന്റെ വേളയില്‍ മിഴികള്‍തുളുംബിയില്ല. പറയാന്‍ ഉള്ളതൊക്കെയും വാക്കുകള്‍ ആയി പുറത്തു വരാതെ തൊണ്ടയില്‍ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടേ ഇരുന്നു.
" കുട്ടാ, എന്നും എണ്ണ തേച്ചു കുളിക്കണം, രാസ്നാദി നെറുകില്‍ തിരുമ്മണം ", യാത്രയയക്കുന്ന വേളയില്‍അമ്മയുടെ ഉപദേശം. ഈറനണിഞ്ഞ അമ്മയുടെയും അനുജത്തിയുടെയും കണ്ണുകള്‍ കണ്ടില്ലെന്നുനടിച്ചു. വിരഹ താപം ഗ്രഹിച്ച അമ്മുവിന്‍റെ വേര്‍പാട് പൂണ്ട ചുണ്ടുകളുടെ വിതുമ്പല്‍ അവഗണിച്ചു യാത്രപുറപ്പെടുമ്പോള്‍ മുത്തശ്ശിമരത്തിന് താഴെ അച്ഛന്റെ കുഴിമാടത്തെ പൊതിഞ്ഞു വന്ന കാറ്റിനു പാലപ്പൂവിന്റെ ഗന്ധമുണ്ടായിരുന്നു. ഒരു പക്ഷെ എന്റെ അച്ഛന്‍ എന്നെ അനുഗ്രഹിക്കാന്‍വന്നതായിരിക്കാം.
***********************
കരുവാളിച്ച കണ്‍തടവും വെള്ളി വീണു തുടങ്ങിയ തലമുടിയും, പ്രവാസിയുടെ ദുരിത പര്‍വ്വങ്ങളിലൂടെനാളുകള്‍ കടന്നു പോയി. സ്നേഹിക്കാനും കഥ പറയാനും കരയാനും സ്വപ്നം കാണാനും മണ്ണപ്പം ചുട്ടും കണ്ണുപൊത്തി കളിച്ചും നെല്ലോലകള്‍ താരാട്ട് പാടി ഉറക്കിയിരുന്ന ബാല്യത്തിന്റെ മാധുര്യം. കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ അടുക്കി വച്ച ഓരോ ദിനരാത്രങ്ങളിലും നിറം മങ്ങിയതും നിറമുള്ളതുമായ ഒരുപാടു ഓര്‍മ്മകള്‍. മുത്തശ്ശിമരം സ്നേഹപൂര്‍വ്വം പൊഴിച്ച് തന്ന കുഞ്ഞു മഞ്ചാടി മണികള്‍. അതേ മുത്തശ്ശിമരം അതിന്റെ ഏതെങ്കിലും ഒരു കൊമ്പ് എനിക്കായി മാറ്റി വച്ചു കാത്തിരിക്കുന്നുണ്ടാകും, ഒടുവില്‍ ഞാന്‍ഉറങ്ങുമ്പോള്‍ എനിക്ക് തണലേകാന്‍, മഴ പെയ്യുമ്പോള്‍ എനിക്ക് കുട ചൂടാന്‍, എന്നെ ആശ്വസിപ്പിക്കാന്‍എന്നുമീ മുത്തശ്ശിമരം.