Thursday, April 18, 2013

കോളിംഗ്‌ ഫ്രം ...


കൊല്ലവർഷം 1188 കാലപുരിയിൽ 
പതിവുപോലെ ഒരു ദിവസം.

ദേഹമാസകലം കുഴമ്പ്  പുരട്ടി തടവി കൊണ്ടിരിക്കുന്ന കാലൻ .

കാലൻ (ഉറക്കെ വിളിക്കുന്നു)
"എടോ    ചിത്രഗുപ്താ ... ഇയാളിതെവിടെ പോയി കിടക്കുന്നു" (പിറു പിറുക്കുന്നു)

ചിത്രഗുപ്തൻ: ദീപം .... ദീപം. .. ദീപം. ..
(കൈയ്യിൽ കത്തിച്ചു പിടിച്ച മെഴുകുതിരിയുമായി കടന്നു വരുന്ന ചിത്രഗുപ്തൻ)

കാലൻ: താനെന്താടോ ഈ കാണിച്ചു വെക്കുന്നത്??? (അതിശയത്തോടെ ചിത്രഗുപ്തനെ നോക്കുന്ന കാലൻ)

ചിത്രഗുപ്തൻ: നിങ്ങൾക്ക് ഇത് വല്ലതും അറിയണോ? ഇപ്പൊ പഴയത് പോലെ ഒന്നുമല്ല . ദിവസവും എത്രയാണെന്നു വച്ചാണ് ആൾക്കാര് വരുന്നത്. അതിന് കണക്കായി വരുമാനം വല്ലതുമുണ്ടോ ഇവിടെ? ചിലവോട് ചെലവ് തന്നെ. കൂടാതെ വിലക്കയറ്റവും. അങ്ങ് തന്നെയല്ലേ കഴിഞ്ഞ മീറ്റിംഗിൽ ചെലവ് ചുരുക്കാൻ വേണ്ടി കൽപിച്ചത്‌. എന്തിനേറെ പലിശ അടക്കാത്തതിന്റെ പേരിൽ അങ്ങയുടെ പോത്ത് പോലും പണയത്തിലാണ്, അതിനെയെങ്കിലും തിരിച്ചെടുക്കേണ്ടുന്ന വിചാരം അങ്ങേയ്ക്കുണ്ടോ!!! (ചിത്രഗുപ്തൻ നിന്ന് കിതച്ചു)

കാലൻ (താടി ചൊറിഞ്ഞു കൊണ്ടു പറഞ്ഞു): അതെ...പക്ഷെ ഇത് ?

ചിത്രഗുപ്തൻ: ഇതൊക്കെ ചെലവ് ചുരുക്കലിന്റെ ഭാഗമായി വരും. ഏതായാലും വിളക്കുവെക്കുന്ന നേരം ഇതാ  ഈ മെഴുകുതിരി കത്തിച്ചു വെക്കണം അപ്പോൾ പിന്നെ ഏതെങ്കിലും ഒന്ന് പോരെ ?ചെലവ് അത്രയും ചുരുങ്ങിയില്ലേ. എങ്ങനെയുണ്ട് എന്റെ ബുദ്ധി?

കാലൻ: ഓ സമ്മതിച്ചു താനൊരു ബുദ്ധിശാലി തന്നെ.

ചിത്രഗുപ്തൻ:  ഡമോക്രസിക്കു വേണ്ടി മുറവിളി കൂട്ടുന്നവരാണ് എവിടെയും, അതോർത്താൽ നന്ന്.

കാലൻ:  പക്ഷെ നാം ചെയ്യുന്നതൊക്കെയും ഇവിടെയുള്ള നമ്മുടെ ജനങ്ങൾക്ക്‌ വേണ്ടിയല്ലേ. അവരുടെ അടിസ്ഥാന സൌകര്യങ്ങൾ മെച്ചപെടുത്താൻ വേണ്ടിയല്ലേ. ഗുപ്താ, താനൊരുമാതിരി സോഷ്യലിസ്റ്റ് വർത്താനം പറയരുത്.

ചിത്രഗുപ്തൻ: ഞാൻ ഈയിടെയായി ഇവിടെ ജനങ്ങൾക്കിടയിൽ കേട്ടുവരുന്ന അടക്കം പറച്ചിലിന്റെ വ്യക്തമായ രൂപം ധരിപിച്ചുവെന്നു മാത്രമേയുള്ളൂ. പൊറുക്കണം.

കാലൻ:  താനെന്താടോ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?

ചിത്രഗുപ്തൻ: ഏയ് വെറുതെ, ഒന്ന് ഇന്റലക്ച്വൽ ആകുവാനുള്ള ഒരു ശ്രമം.

കാലൻ: ആ അതൊക്കെ പോട്ടെ, ഇനിയിപ്പോൾ എത്ര മിനിറ്റ് ഉണ്ടെന്ന് പറ.

ചിത്രഗുപ്തൻ: ആയി, ദെ വെറും അഞ്ച് മിനിറ്റ് കൂടെ.

കാലൻ: ഈ പവർകട്ട് തുടങ്ങിയതിനു ശേഷം കൃത്യമായി കുഴമ്പ് തേച്ചു കുളിക്കാൻ സമയം കിട്ടുന്നുണ്ട്.

(പറഞ്ഞു കൊണ്ട് കാലൻ ഒന്നുടെ അമർത്തി കുഴമ്പ് തടവി )

(പറഞ്ഞു തീര്ന്നതും കറന്റ് വന്നു.)

കാലൻ: ചിത്രഗുപ്ത, ഞാൻ പോയി ഒന്ന് കുളിച്ചു വരാം. ഞാൻ വരുമ്പോഴേക്കും താനൊന്നു ആ ലാപ്ടോപ് ഓണ്‍ ചെയ്തുവെക്ക്.
(കാലൻ ഇരുന്ന സിംഹാസനവും തലയിൽ ചുമന്നോണ്ട് പോകുന്നു)

ചിത്രഗുപ്തൻ: വന്നു വന്നു അങ്ങേയ്ക്ക് എന്നെയും വിശ്വാസമില്ലാതായിരിക്കുന്നു.

കാലൻ: യു സീ മിസ്റ്റർ ഗുപ്തൻ, പറയുന്നത് കൊണ്ട്ട് വേറെ ഒന്നും തോന്നരുത്. ചില രാഷ്ട്രീയ പാര്ട്ടികാരുടെ കൂടെയുള്ള തന്റെ സമ്പർക്കം കാരണം തന്നെയും എനിക്ക് വിശ്വാസം ഇല്ലാതായിരിക്കുന്നു. ഈ കസേര ഒന്ന് ഒഴിഞ്ഞു കിട്ടാൻ നോക്കി ഇരിക്കുവല്ലേ ഇവിടെ അവർ. എന്നെ വലിച്ചു താഴെയിട്ടു ഇതിൽ കയറി ഇരിക്കാൻ. വേണ്ട എന്നെകൊന്റ്റ് ഒന്നും പറയിക്കണ്ട. 
(കാലൻ ഒന്നും രണ്ടും പറഞ്ഞുകൊണ്ട് ബാത്ത്റൂമിന്റെ കതകടച്ചു)

**************

കുളിച് കുട്ടപ്പനായി സിംഹാസനത്തിൽ മടിയിലൊരു ലാപ്ടോപും അതിലെ എക്സൽ ഷീറ്റും നോക്കി ചിന്താമഗ്നനായിരിക്കുന്ന കാലനും ഇമചിമ്മാതെ കാലനെ തന്നെ നോക്കി നില്ക്കുന്ന ചിത്രഗുപ്തനും.

കാലൻ: ഇതെന്തു പറ്റി ? ഈ വര്ഷം ഡിസംബർ 18നു മരിക്കേന്ടുന്ന ഇയാളുടെ cause of death എന്ന കോളം താൻ  എന്തുകൊണ്ട് ഫിൽ ചെയ്തില്ല മിസ്റ്റർ ഗുപ്തൻ?

ചിത്രഗുപ്തൻ: അത് പിന്നെ മിസ്റ്റർ കാലേഷ്....

കാലൻ: വാട്ട്‌?

ചിത്രഗുപ്തൻ: ഓ സോറി... കാലൻ സർ. അത് പിന്നെ അതിൽ പറയുന്ന വിനയൻ എന്ന വ്യക്തി പരമസാത്വികനും സത്യസന്ധനും ശാന്തനും ഒക്കെ ആയതുകൊണ്ട്. അദ്ദേഹത്തിന്റെ മരണം ഏതു രീതിയിൽ ആകണം എന്നതിനെ കുറിച്ചൊരു സംശയം.

കാലൻ: പക്ഷെ ഗുപ്താ അയാളുടെ മരണം നേരത്തേ നിശ്ചയിച്ചുവച്ചിട്ടുള്ളതാണ്‌. നമ്മൾ അത് നടപ്പിലാക്കുന്നു എന്ന് മാത്രം. പ്രസ്തുത തീയ്യതിക്ക് ശേഷം അയാള്ക്ക് ഭൂമിയിൽ ജീവിക്കുവാനുള്ള അവകാശമില്ല അതൊരു സത്യമാണ്. നമുക്ക് മാത്രം അറിയാവുന്ന സത്യം. താൻ വല്ല ഹൃദയാഘാതമോ മറ്റോ രേഖപെടുത്തിയേക്ക്.

ചിത്രഗുപ്തൻ: പക്ഷെ പ്രഭോ, അതിലൊരു പ്രശ്നമുണ്ട് അന്നേ ദിവസം മറ്റു മൂന്നു പേര് കൂടെയുണ്ട് അതും അയാളുടെ കുടുംബത്തിൽ നിന്ന് തന്നെ. അപ്പോൾ ഹൃദയാഘാതം സാധ്യമല്ല.


കാലൻ: അതാരടോ അയാളുടെ കൂടെ വരുന്നവർ?

ചിത്രഗുപ്തൻ: അതെ,  ഫീമയിൽ ലിസ്റ്റിലും ചിൽഡ്രൻസ് ലിസ്റ്റിലും രേഖപെടുത്തിയിട്ടുണ്ട്‌. ഒന്ന് അയാളുടെ ഭാര്യയും മറ്റു രണ്ട്  പേര് അയാളുടെ കുട്ടികളും. 

കാലൻ: എടോ,  എന്നാൽ പിന്നെ എളുപ്പമല്ലേ. വല്ല ആക്സിടന്ടോ മറ്റോ പോരെ. ഇതിൽ ഇത്ര ചിന്തിക്കാൻ എന്തിരിക്കുന്നു. ഇതൊന്നും പുതുതായി നടക്കുന്ന കാര്യമല്ലല്ലോ. ഒരുമിച്ചൊരു യാത്ര പോയി വരുമ്പോൾ അവർ സഞ്ചരിച്ച വാഹനം ലോറിയിലോ ബസ്സിലോ ഇടിച് മരിക്കുന്നു.

ചിത്രഗുപ്തൻ: പക്ഷെ അദ്ദേഹത്തിനാണെങ്കിൽ സ്വന്തമായൊരു കാറോ ലൈസൻസൊ ഇല്ലല്ലോ  ഒരു  ആക്സിഡന്റോ  മറ്റോ നടത്താൻ.

കാലൻ: ശുംഭൻ,അതിനെന്തിനാ എന്നാൽ ലൈസന്സും കാറുമൊക്കെ ഒരു ബസ്സ് യാത്ര പോരെ? അല്ലെങ്കിൽ ഒരു ട്രെയിന യാത്ര അതുമല്ലെങ്കിൽ ഒരു പ്ലെയിൻ ക്രാഷ്. സോ സിമ്പിൾ ... യൂ നോ.

ചിത്രഗുപ്തൻ: പക്ഷെ പ്രഭോ അതിനും തരമില്ല. അന്നേയ്ക്കു  ഡാറ്റാബേസിൽ വേറെ ആരുടേയും പേര് രേഖപ്പെടുത്തിയിട്ടില്ല.

കാലൻ (കുറച്ചു ചിന്തിച്ച ശേഷം): ആണോ? ഈ പറഞ്ഞ വ്യക്തി ഇപ്പോൾ എവിടെയാണ് താമസം?

ചിത്രഗുപ്തൻ: അങ്ങ് പേർഷ്യയിൽ...

കാലൻ: പേർഷ്യയിലൊ?

അതെ, ഇന്നത്തെ ദുബായി ചിത്രഗുപ്തൻ മൊഴിഞ്ഞു.

കാലൻ: അങ്ങനെയെങ്കിൽ ഗ്യാസ് സ്റ്റവ് പൊട്ടിതെറിച്ചോ മറ്റോ കൂട്ടത്തോടെ ഒരു മരണം അത് പോരെ?

ചിത്രഗുപ്തൻ: പക്ഷെ അത് പ്രഭോ, ഇത്രയും നല്ലൊരു മനുഷ്യന് ഇത്തരത്തിലൊരു മരണം. നമുക്ക്‌ കുറച്ച്‌ നാൾകൂടെ അയാളുടെ ജീവൻ നീട്ടി കൊടുക്കാൻ കഴിഞ്ഞെങ്കിൽ.

കാലൻ: മിസ്റ്റർ ഗുപ്തൻ,  തന്റെ ഇതുപോലുള്ള സ്വഭാവം ഈ പണിക്ക് ചേര്ന്നതല്ല എന്ന് തന്നോട് നൂറു പ്രാവശ്യം പറഞ്ഞതാണ്.

ചിത്രഗുപ്തൻ:  (ശബ്ദം താഴ്ത്തി) കാലാ.... ഇതൊരുമാതിരി കോപ്പിലെ പണിയായി പോയി.

കാലൻ (ഒരു നിമിഷം ആലോചിച്ചു കൊണ്ട്): ആക്സിഡന്റ് ... കൂട്ട മരണം.... വാഹനം പാടില്ല... വേറെ ആരും കൂടെ പാടില്ല... ഇവര്ക്ക് മാത്രമായി വല്ല ഡങ്കി പനിയോ പക്ഷി പനിയോ അങ്ങനെ വല്ലതുമോ... അങ്ങനെ വല്ലതുമായാലോ ഗുപ്താ?

ചിത്രഗുപ്തൻ: ഐഡിയ ഒക്കെ കൊള്ളാം പക്ഷെ ഗൾഫിൽ ഇവര്ക്ക് മാത്രമായി ഇത്തരം പനിയും ഇവര് വന്ന ഉടനെ അവിടെ അതൊക്കെ മാറി. ശ്ശെ... ശ്ശെ...ഇതൊന്നും നടക്കുന്നതല്ല. ഐ കാൺട്‌ ഇവൻ തിങ്ക്‌ ഓഫ് എനിതിങ്ങ്‌ വേർസ്സ്‌ ലൈക്‌ ദിസ്‌. അതുമാത്രമല്ല അപ്പോൾ കൂടുതല് ആൾക്കാരെ ഇതേ കാരണം വച്ച് കൊണ്ടുവരേണ്ടിയിരിക്കുന്നു. അങ്ങനെ വരുമ്പോൾ ഈ മൊത്തം  ഡാറ്റാബേസ്സ്‌ തന്നെ മാറ്റി എഴുതണം. അതൊക്കെ വലിയ മെനക്കെടാന്. ഇയർ എൻഡ്‌ ആണ് കൂട്ടത്തോടെ ആൾക്കാരു വന്നാൽ എല്ലാവരെയും അക്കോമഡേറ്റ്‌ ചെയ്യാനുള്ള ബുദ്ധിമുട്ട് വേറെയും. ഇതൊക്കെ ഓടിചാടി പണിയെടുക്കാൻ ഞാൻ ഒരുത്തനെയുള്ളു എന്ന കാര്യം താങ്കൾ മറക്കുന്നു പ്രഭോ. കൈയ്യാളായി
രണ്ട്പേരെ സഹായത്തിനെടുക്കാൻ പറഞ്ഞാൽ അപ്പോൾ മാത്രം ദാരിദ്ര്യം വിളമ്പും.

കാലൻ: യു സീ മിസ്റ്റർ ഗുപ്തൻ, ഐ വാണ്ട്‌ യു ടൂ ഡവലപ്പ് എ കൾചേർഡ്‌ ആൻറ് സോഫിസ്റ്റിക്കേറ്റഡ്‌ ഇമേജ് വിച്ച് വിൽ ഹെൽപ്  യു ടു എക്സ്പാന്റ് ഔവർ നെറ്റ് വർക്ക്, ആൻറ് മൂവ് അഹെഡ് തിങ്ങ്സ്‌ പ്രൊഫെഷനലി ആൻറ്  ടു മേയ്ക്ക് എ പോസിറ്റീവ്‌ സോഷ്യൽ ഇമ്പ്രഷൻ അമങ്ങ്  പീപ്പിൾ യൂ നോ.

ചിത്രഗുപ്തൻ: സോഫിസ്റ്റിക്കേറ്റഡ്‌ ഇമേജ് മണ്ണാങ്കട്ട. മടുത്തു ഈ കണക്കപിള്ളയുടെ പണി. ടൈപ് റൈറ്റർ വന്നപ്പോൾ കുറെ കാലം അതിൽ കുത്തി. പിന്നെ ദെ കമ്പ്യൂട്ടർ വന്നപ്പോൾ ഈവിനിങ്ങ് ക്ലാസ്സിനു പോയി മെനക്കെട്ട് അതും പഠിച്ചു. ഇപ്പൊ ഇതാ ലാപ്ടോപും ഐപാടും വരെയായി അതോടെ എന്റെ ഊപ്പാടും പോയി.

കാലൻ: എന്താടോ എന്നാൽ തനിക്കു പകരം ഞാൻ വേറെ ഒരു ആളെ എടുക്കട്ടെ. തന്റെ പേരും ഈ ലിസ്റ്റിൽ ചേർക്കാം എന്തേ?

ചിത്രഗുപ്തൻ: ദാ, അപ്പോഴേക്കും പിണങ്ങിയാ. എൻറെ ആവലാതിയും വേവലാതിയും ഞാൻ പിന്നെ ആരോടു പറയാനാ എൻറെ പോന്നു തമ്പുരാനെ... അങ്ങേയ്ക്ക് അവിടെ ഇരുന്നും കൊണ്ട്‌ ഓരോരുത്തരുടെ നേരെ വിരൽ ചൂണ്ടി കാണിച്ചാൽ പോരെ. ഇതൊക്കെയും സ്കെഡ്യൂൾ ചെയ്യുന്നതിന്റെ ഒരു ബുദ്ധിമുട്ട് എനിക്കല്ലേ അറിയൂ.

കാലൻ: അങ്ങനെ വഴിക്ക് വാ,  താൻ അതൊക്കെ വിട്ട് കാര്യത്തിലേക്ക് കടക്ക്‌.  ആ ലൊക്കേഷൻ ഫൈന്റർ  വച്ച് ഈ പറയുന്ന വ്യക്തിയെ ഒന്ന് കണക്റ്റ് ചെയ്യ്. നമുക്ക് നോക്കാം ഇയാളുടെ കറന്റ്‌ സ്റ്റാറ്റസ് എന്താണെന്ന്.

ചിത്രഗുപ്തൻ: ശരി പ്രഭോ, ഇതാ അയാളിപ്പോൾ അയാളുടെ ഓഫീസിൽ ഇരിക്കുന്നു. ചിത്രഗുപ്തൻ മോണിറ്റർ കാലന്  നേരെ തിരിച്ചു കാണിച്ചു കൊടുക്കുന്നു.

ഭൂമിയിൽ വളരെ ശാന്തനായി ജോലി ചെയ്തു കൊണ്ടിരിക്കുന്ന വിനയന്റെ ഫോണ്‍ റിംഗ് ചെയ്യുകയായിരുന്നു അപ്പോൾ.  അയാള് ഫോണിൽ കാൾ അറ്റന്റ്‌ ബട്ടൺ അമർത്തി.

"ഹല്ലോ മിസ്റ്റർ വിനയൻ" മറുതലയിൽ സൌമ്യനായ ഒരു വ്യക്തിയുടെ ശബ്ദം. 

"യെസ്" വിനയൻ മറുപടി പറഞ്ഞു.


"സർ ഐ ആം നവീൻ കാളിങ്ങ് ഫ്രം ഗൾഫ്‌ ഇന്റർനാഷണൽ ബാങ്ക് സർ . വുഡ് യു ലൈക് ടു ഗോ ഫോര് എ ക്രഡിറ്റ് കാര്ഡ് സർ ?"

ഇത് കണ്ടു കൊണ്ടിരിക്കുന്ന കാലൻ ഉറക്കെ ചിരിക്കുന്നു.

കാലൻ: കണ്ടോ ഗുപ്താ അയാളിപ്പോൾ യെസ് പറയും.

ചിത്രഗുപ്തൻ: ഏയ് അയാള് നോ പറയും.

കാലൻ: എന്നാൽ അടി ബെറ്റ്. ഒരു ഫുൾബോട്ടൽ .

ചിത്രഗുപ്തൻ: ഓക്കേ ബെറ്റ്...
(അവർ വീണ്ടും മോണിട്ടറിലേക്ക്‌ നോക്കി)

ബാങ്ക് ഇടപാട്കാരൻ വായതോരാതെ സംസാരിക്കുന്നു. വിനയൻ ശാന്തനായി കേട്ടിരിക്കുന്നു.

ചിത്രഗുപ്തൻ: കണ്ടോ കണ്ടോ അയാള് ഇതിലൊന്നും വീഴുന്നയാളല്ല.

കാലൻ: എന്റെ ഒരു ഫുൾബോട്ടൽ പോയാ?

ചിത്രഗുപ്തൻ: അയാള് വിവേകമുള്ള ഒരു ചെറുപ്പക്കാരനാണ്

കാലൻ: ഹും, എന്ത് വിവേകം? സാഹചര്യങ്ങൾക്ക്‌ മുന്നിൽ ബുദ്ധിയും വിവേകവും ചിലപ്പോളൊക്കെ അടിയറവു വെക്കേണ്ടി വരുമെടോ ഗുപ്താ.

ബാങ്ക് ഇടപാടുകാരൻ ഇടതടവില്ലാതെ സംസാരിച്ചു കൊണ്ടെയിരുന്നു.

ഒടുവിൽ "വാട്ട് ആര് ദ ഡൊക്ക്യുമെന്റ്സ് യൂ റിക്ക്യൊയേർഡ്‌ ?" വിനയനിൽ നിന്നുമായിരുന്നു ചോദ്യം.

കാലൻ പൊട്ടി ചിരിച്ചു.

കാലൻ: കണ്ടോടോ ഗുപ്താ ഇതാണ് ഞാൻ പറഞ്ഞത്. ചേർക്കേണ്ടുന്ന തന്റെ വിട്ടു പോയ കോളം കോസ് ഓഫ് ഡത്ത്,  സൂയിസൈഡ്‌ അതെ ആത്മഹത്യ...ഒരു കൂട്ട ആത്മഹത്യ. കാലന് തെറ്റു പറ്റില്ലടോ...  

ചിത്രഗുപ്തൻ: പക്ഷെ ഇത്?

കാലൻ: അതേടോ ഗുപ്താ, ഇത് ഒരു തരാം ലഹരിയാണ്. മനുഷ്യന്റെ വിവേകം നഷ്ടപെടുത്തുന്ന ലഹരി. കണ്ടില്ലേ ഇന്ന് ഒന്ന്, നാളെ രണ്ട്,  മറ്റന്നാള് മൂന്ന് കാർഡുകളുടെ എണ്ണം കൂടി വരും ജീവിതത്തിലെ സ്വസ്ഥത കുറഞ്ഞും. ഇത്രയൊക്കെ പോരെ ഗുപ്താ തനിക്ക് തന്റെ വിട്ടു പോയ കോളം നിറക്കാൻ.

കാലൻ പൊട്ടി ചിരിച്ചു കൊണ്ട്‌ പറഞ്ഞു, "ഹ ഹ ഹ യസ് ഇറ്റ്‌സ് ദ കാൾ ... കാൾ ഫ്രം ദ ഹെവൻ..."

4 comments:

  1. യമാലോകത്തു വരെ കമ്പ്യൂട്ടര്‍വല്‍ക്കരണം ആയി . ഇനി ഇപ്പൊ എന്താ ചെയ്ക. നല്ല കഥ . ഒരുപാട് ഇഷ്ടായി.

    ReplyDelete
  2. നാടകം കൊള്ളാം കേട്ടോ

    ReplyDelete
  3. നന്ദി ഉദയപ്രഭൻ, അജിത്ത്‌

    ReplyDelete