Tuesday, April 23, 2013

12 AM


ചിരിച്ചും കളിച്ചും (പഠിച്ചും എന്ന് പറയുന്നതിനു പ്രസക്തിയില്ല) കഴിഞ്ഞു പോയ മൂന്നു വര്‍ഷം. എന്നും ഓര്ക്കുവാന്‍ ഇഷ്ടപ്പെടുന്ന നല്ല കുറേ ഓര്‍മ്മകള്‍.. എല്ലാം ഇന്നലത്തേതു പോലെ. മുന്‍ വിധികള്‍ ഒന്നും തന്നെയില്ലാത്ത , യാതൊന്നിനെ കുറിച്ചും ചിന്തകളോ, വിചാര വികാരങ്ങളോ ഇല്ലാതെ വെറുതേ കടന്നു പോയ കുറേ ദിവസങ്ങൾ. മൂന്നു വർഷം കൂടെ ഒരുമിച്ചിരുന്നവർ, ഒരുമിച്ചു നടന്നവർ, ഒരേ പോലെ ചിന്തിച്ചവർ അന്യോന്യം വിട പറയുവാൻ ഒരുങ്ങുന്നു. ആരുടേയും മുഖത്ത്‌ സന്തോഷമില്ലെങ്കിലും എല്ലാവരും എന്തിനൊക്കെയോ വേണ്ടി ഓടിനടക്കുന്നു. കാലം ആർക്കുവേണ്ടിയും കാത്തുനിൽക്കുന്നില്ല എന്ന സത്യം അംഗീകരിക്കുവാൻ ഇന്ന് ഞാൻ നിർബന്ധിതനാകുന്നു.

വെറുതെ ഒരു നേരം പോക്കിനോ, അതോ മറ്റുള്ളവരെ പിരിഞ്ഞു പോകുന്നതിലുള്ള വിഷമമാണോ എന്നറിയില്ല, കോളേജ്‌ ഹോസ്റ്റലിലെ വറാന്തയുടെ ഒരു മൂലയിൽ ഞാൻ എല്ലാവരേയും നോക്കിയിരുന്നു.  ഇവിടെ ഈ വറാന്തയിലിരുന്നാൽ മുന്നിലെ കോളേജ്‌ വ്യക്തമായി കാണാം.  ചിലരൊക്കെ ഓട്ടോഗ്രാഫുകൾ കൈമാറുന്നു, മറ്റുചിലർ അന്യോന്യം കൈകൊടുത്തും കെട്ടിപിടിച്ചും വിടപറയൽ ആഘോഷിക്കുന്നു.

"നീ എന്താടാ ഇവിടെ തനിച്ചിരിക്കുന്നത്‌ ?" ശ്യാം എന്റെ പിറകിൽ വന്ന് ചോദിച്ചു.

മൂന്നു വർഷം എന്റെ റൂം മേറ്റ്‌ ആയിരുന്നു ശ്യാം. ഒരുമിച്ച്‌ ഒരുപാട്‌ കുസ്രുതികൾ ഒപ്പിച്ചിട്ടുണ്ട്‌ നമ്മൾ. അന്യോന്യം പറയാത്തതും അറിയാത്തതുമായ കാര്യങ്ങൾ ഒന്നും തന്നെയില്ല നമുക്കിടയിൽ. എന്നത്തേയും നല്ല കൂട്ടുകാരൻ അവൻ മാത്രമായിരുന്നു എനിക്ക്‌..

"ഏയ്‌, ഒന്നുമില്ല" ഞാൻ പെട്ടെന്ന് പറഞ്ഞൊപ്പിച്ചു.

"പിന്നേ... അതു വെറുതെ, എന്താടാ നിനക്ക്‌ വിഷമമുണ്ടോ?" അവൻ കളിയാക്കി.

"ഏയ്‌, ഞാൻ വെറുതെ." ഞാൻ തലകുനിച്ചു.

"നിനക്കെന്താടാ, എന്നെങ്കിലുമൊരുനാൾ വേർ പിരിഞ്ഞു പോകേണ്ടവരല്ലെ എല്ലാരും, ചില നല്ല സൗഹ്യദങ്ങൾ അത്‌ എല്ലാകാലവും നിലനിൽക്കും, ചിലതൊക്കെ ഇതാ ഇതോടെ വേരറ്റു പോകും. അല്ലെങ്കിലും ബന്ധങ്ങൾക്കൊന്നു പഴയതുപോലെ കെട്ടുറപ്പില്ല ഇന്ന്, ചിലതൊക്കെ വെറും ഹായ്‌ ബൈയിൽ ഒതുങ്ങും മറ്റ്‌ ചിലത്‌ ചിലപ്പോൾ കുറച്ചുനാൾ ഫോൺ വിളിയിലും ചിലപ്പോൾ വല്ലപ്പോഴും കുത്തിക്കുറിക്കുന്ന രണ്ട്‌ വരി കത്തിലുമായി ഒതുങ്ങുന്നു. കുറെ കഴിയുംബോൾ അതും നിലക്കുന്നു." ഇത്രയും പറഞ്ഞ്‌ ശ്യാം മിണ്ടാതെ നിന്നു.

" നീ പറഞ്ഞു വരുന്നത്‌, നീയും അതുപൊലെ ഒക്കെ തന്നെ ആകും എന്നാണൊ? എന്റെ ചോദ്യം അവനെ ചൊടിപ്പിച്ചു.

"ഒന്ന് പോടാ", നീ ഒന്ന് കോളേജിലെക്ക്‌ പോയി എല്ലാവരേയും കണ്ട്‌ വരു, ഈ മൂഡ്‌ ഔട്ടൊക്കെ മാറു, ഹും, പോ." അവൻ എന്നെ നിർബന്ധിച്ചു.

"അപ്പോൾ നീയ്യോ?, നീ വരുന്നില്ലേ? വാ നമുക്ക്‌ ഒരുമിച്ച്‌ പോയി വരാം." ഞാൻ അവനെ കൂട്ടിനു വിളിച്ചു.

"ഇല്ലടാ, ഞാനില്ല, എന്തൊ ഒരു വല്ലായ്ക്‌, പനി വരുന്നത്‌ പോലെയുണ്ട്‌, നീ പോയി കറങ്ങി വാ, നമ്മുടെ പുഷ്പൻ പെൺകുട്ടികൾക്കിടയിൽ മേഞ്ഞ്‌ നടക്കുന്നു എന്നാണു കേട്ടത്‌. നീ അവനേയും കൂട്ടി വരു." ഇത്രയും പറഞ്ഞപ്പോഴേക്കും അവൻ വല്ലാതെ കിതച്ചു.

ഞാൻ അവന്റെ നെറ്റിയിൽ കൈ വച്ചു നോക്കി, നല്ല പൊള്ളുന്ന പനി.

"ടാ ശ്യാമേ, നല്ല പനിയുണ്ടല്ലോ? വാ നമുക്ക്‌ വല്ല ഡോക്ടറിന്റെ അടുത്തും പോകാം" ഞാൻ വേവലാതി പെട്ടു.

"ഓ, അതൊന്നും സാരമില്ലട. നല്ല ചൂടുവെള്ളം കുടിച്ച്‌ പുതച്ചു മൂടി കിടന്നാൽ എല്ലാം ശെരിയാകും. അല്ലെങ്കിലും പനിയെന്നൊക്കെ പറഞ്ഞു കിടന്നാൽ കാര്യങ്ങൾ ഒന്നും നടക്കില്ല. മൂന്നാഴ്ച കഴിഞ്ഞാൽ പരീക്ഷയുമായി. നിനക്കങ്ങനെ വല്ല ചിന്തയുമുണ്ടോ?" അവൻ ഉപദേശ സ്വരത്തിൽ പറഞ്ഞു.

ഇത്‌ കേട്ട്‌ കൊണ്ട്‌ ബിനു അതുവഴി വന്നു.
"ഇവൻ തുടങ്ങിയോ ഉപദേശം?" ബിനു കളിയാക്കി.

"അതെ അതെ, നിനക്കൊക്കെ അങ്ങനെ പറയാം. നിന്റപ്പന്റെ റബ്ബർ തോട്ടത്തിലെ റബ്ബറു തൂക്കി വിറ്റാൽ നിനക്ക്‌ ജീവിതകാലം മുഴുക്കെ ജീവിക്കുവാനുള്ള വക കിട്ടും. വായിൽ സ്വർണ്ണ കരണ്ടിയുമായി ജനിച്ച ഏക സന്തതി. എന്റെ സ്ഥിതി അതാണോ, എനിക്ക്‌ താഴെ ഞാനോ നീയോ എന്നും നോക്കി വളരുന്ന മൂന്ന് പെങ്ങന്മാരാടാ, അപ്പനുള്ളത്‌ ഒന്നര സെന്റിൽ ഒരു ചെറിയ സൈക്കിൽ ഷോപ്പും. അപരിചിതരുടേയും അടുപ്പമില്ലാത്തവരുടേയും വിയർപ്പിന്റെ ഗന്ധം ഇഷ്ടമില്ലാത്തതിനാലാവണം അച്‌ ഛൻ ജീവിതകാലം മുഴുവൻ സ്വയം വിയർത്ത്‌ തീർക്കുന്നത്‌. നിനക്കതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല." ഇത്രയും പറഞ്ഞപ്പോഴേക്കും ശ്യാമിന്റെ മുഖം വല്ലാതായി.

"ഒന്ന് നിറുത്തെടാ, ടാ ബിനു നീ വന്നെ നമുക്കൊന്ന് കോളേജിൽ കറങ്ങിയിട്ടു വരാം, അല്ലെങ്കിലും ഇനിയെപ്പോഴാണു ഇങ്ങനെ എല്ലാവരേയും ഒരുമിച്ച്‌ കാണാൻ പറ്റുക." ഞാൻ അവർക്കിടയിൽ കയറി പറഞ്ഞു.

"അതെ അതെ" ബിനു എന്റെ അഭിപ്രായത്തോട്‌ യോജിച്ചു.

"ശ്യാമേ, നീ പോയി കിടന്നോളു. ഇവന്മാരൊക്കെ ഇന്ന് പോകും. ഹോസ്റ്റലിൽ നമ്മൾ രണ്ടു പേരും മാത്രെ കാണു. ഞാൻ എല്ലാവരേയും ഒന്ന് പോയി കണ്ടിട്ടു വരട്ടെ. രണ്ടാഴ്ചത്തെ സ്റ്റഡീലീവിനാണു പോകുന്നതെങ്കിലും ഒരോരുത്തന്മാർക്ക്‌ ഗൾഫിൽ പോകുന്ന ഗമയാണു." ഞാൻ ഇതും പറഞ്ഞ്‌ ബിനുവിന്റെ കൂടെ കോളേജിലേക്ക്‌ നടന്നു. ശ്യാം ഹോസ്റ്റലിനകത്തേക്കും.


കോളേജിൽ എല്ലാവരും സന്തോഷത്തിലായിരുന്നു. പിരിഞ്ഞു പോകുന്നതിന്റെ വിഷമം ആരുടേയും മുഖത്ത്‌ നിഴലിച്ചു കാണാൻ ഉണ്ടായിരുന്നില്ല. വിഷമം ഉണ്ടായിരുന്നത്‌ എന്നത്തെയും പോലെ പ്രണയിക്കുന്നവർക്കിടയിൽ മാത്രം. അതും വളരെ ചുരുക്കം പേരിൽ. പക്ഷെ പ്രണയം ഇല്ലാഞ്ഞിരുന്നിട്ടും എനിക്ക്‌ മാത്രം എന്തിനാണു ഈ വിഷമം എന്നറിയില്ല. ഞാൻ വല്ലാതെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നു.

"അളിയാ... " പിറകിൽ നിന്നും വിളികേട്ട്‌ തിരിഞ്ഞു നോക്കി. പുഷ്പൻ വളരെ സന്തോഷത്തോടെ ചിരിച്ചുകൊണ്ട്‌ വന്നു.

പുഷ്പൻ എന്നുള്ളത്‌ അവന്റെ വിളിപ്പേരാണു, യഥാർത്ത പേരു സുനിൽ എന്നാണു. സ്നേഹം തോന്നിയ പെണ്ണിന്റെ പേരു പുഷ്പലത എന്നായത്‌ കൊണ്ടുമാത്രം സ്നേഹത്യാഗം നടത്തിയ ത്യാഗിയായ മഹാൻ. അന്ന് മുതൽ പുഷ്പൻ എന്ന വിളിപ്പേരു അവന്റെ കൂടെയുണ്ട്‌ മാത്രമല്ല അന്ന് തൊട്ട്‌ പുഷ്പലതയെ സ്വന്തം പെങ്ങളുമാത്രമായി കാണുവാനുള്ള ഉദാര മനസ്ക്കതയും അവനുണ്ടായി. അതിനു ശേഷം ബാക്കി വരുന്ന മുഴുവൻ പെൺകുട്ടികളുടെ ഇടയിലും അവൻ പുഷ്പിച്ചു നടന്നു.

അളിയാ.. ഇത്രയും പീസുകൾ നമ്മുടെ കോളേജിൽ ഉണ്ടായിരുന്നോ...? ഇവളുമാരൊക്കെ ഏത്‌ മാളത്തിൽ പോയി ഒളിച്ചിരുന്നു എന്റളിയാ... പുഷ്പ്പൻ ഒരറ്റശ്വാസത്തിൽ പറഞ്ഞു.

"ഹ ഹ ഹ... എന്ത്‌ പറ്റിയെടാ..." ബിനു വളരെ താൽപര്യപൂർവം ചോദിച്ചു.

"ഞാനിന്ന് തളരുമളിയാ...എല്ലാവരോടും സംസാരിച്ച്‌ മതിവരുന്നില്ലടെയ്‌, നമ്മൾ കഴിഞ്ഞ മൂന്ന് വർഷം വെറുതെ... പാഴാക്കി കളഞ്ഞുവെന്ന് എനിക്‌ ഇപ്പോഴാണു തോന്നുന്നത്‌. എന്തോരം കളറുകളാണു നിറഞ്ഞു നിക്കുന്നത്‌." അവൻ ചുറ്റും നോക്കി പറഞ്ഞു.

"എല്ലാവരും നിന്നെ പേടിച്ച്‌ ഒളിച്ചിരുന്നതാവാം..." ബിനു പരിഹസിച്ചു.

"എന്തായാലും സംസാരിച്ച്‌ നിൽക്കാൻ സമയമില്ലളിയാ... ഒരുപാട്‌ പേരെ ബസ്സ്‌ കയറ്റി വിടാനുണ്ട്‌...ഏതെങ്കിലും ഒന്നിന്റെ കൂടെ ഞാനും അങ്ങ്‌ കയറി പോകും. വീടുവരെ എത്താൻ ഒരുത്സാഹമൊക്കെ വേണ്ടെ..." അവൻ തെല്ല് മയക്കത്തോടെ പറഞ്ഞു.

"എടാ, നിന്നെ ശ്യാമിനൊന്ന് കാണണം എന്ന് പറഞ്ഞു." ഞാൻ അവനെ അറിയിച്ചു. 

"ഇപ്പോൾ സമയമില്ലളിയാ... അവനോട്‌ പറഞ്ഞേക്ക്‌ ഇനി എക്സാമിന്റെ അന്ന് കാണാമെന്ന്.  ഒക്കെടാ... " അവൻ ധ്യതിയിൽ ഓടി മറഞ്ഞു.

"ഇങ്ങനെ ഒരു വായിനോക്കി...ഇവൻ നന്നാവില്ല.." ബിനു ചിരിച്ച്‌ കൊണ്ട്‌ പറഞ്ഞു.

"നീ എന്താടാ കൊരങ്ങ്‌ ചത്ത കൊറോനെ പോലെ നിക്കുന്നത്‌" ബിനുവിന്റെ ചോദ്യം എന്നോടായിരുന്നു.

"ഏയ്‌ ഒന്നുമില്ല.."ഞാൻ അലസമായി പറഞ്ഞു.

"എന്നാൽ ഞാൻ ഇപ്പോൾ വരാം. കാന്റീനിലെ കണക്ക്‌ ഒന്നു സെറ്റിൽ ചെയ്യട്ടെ.." ബിനു ധ്രുതിയിൽ പറഞ്ഞു.

"ഓക്കെ... ഞാൻ എന്നാൽ ഹോസ്റ്റലിലേക്ക്‌ നടക്കട്ടെ. ശ്യാം അവിടെ തനിച്ചല്ലെയുളളു." ഞാൻ പറഞ്ഞു.

"ശരിടാ, ഞാൻ എന്നാൽ ഞാനും അതിലേ വീട്ടിലേയ്ക്കു പോകും, ഇനി തിരിച്ച്‌ ഹോസ്റ്റലിലേക്ക്‌ വരുന്നില്ല. എല്ലാവരും പോയി കഴിഞ്ഞു എന്നാണു തോന്നുന്നത്‌. എന്നാൽ പിന്നേ ഓക്കെ മച്ചാ... എക്സാമിന്റെ അന്ന് കാണാം." ബിനു തോളിൽ തട്ടി യാത്ര പറഞ്ഞു.

ക്ലാസ്സ്‌ റൂമുകളൊക്കെയും ഒഴിഞ്ഞ്‌ തുടങ്ങിയിരിക്കുന്നു. ഞാൻ വറാന്തയിലൂടെ നടന്നു. കേട്ടറിഞ്ഞ സത്യങ്ങൾ കേൾക്കാത്ത കള്ളങ്ങൾ കുഴിച്ചു നോക്കാത്ത പൊള്ളുകൾ ഉപമകളും ചമത്ക്കാരങ്ങളും ഇല്ലാത്ത പ്രണയലേഖനങ്ങൾ എല്ലാം ഈ കലാലയ ജീവിതത്തിനുമാത്രം സ്വന്തം. ഞാൻ ഹോസ്റ്റലിലേക്ക്‌ നടന്നു. എല്ലാവരും പോയ്‌ കഴിഞ്ഞിരിക്കുന്നു. സമയം നാലായി. വാർഡനച്ഛൻ റൂമിൽ എന്തോ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാൻ സ്റ്റപ്പ്‌ കയറി റൂമിലെത്തി. ശ്യാം എന്തോ ചിന്തിച്ച്‌ കിടക്കുകയായിരുന്നു. എന്നേ കണ്ടതും അവൻ എഴുന്നേറ്റു.

"എവിടെടാ പുഷ്പൻ..? അവൻ വന്നില്ലേ?" ശ്യാം കതകിനു നേരെ നോക്കി ചോദിച്ചു.

"ഓ, അവനെങ്ങും വന്നില്ല" ഞാൻ കാര്യമാക്കാതെ പറഞ്ഞു.

"എടാ അവന്റെ ബുക്ക്‌ എന്റെ കയ്യിലാണു." ശ്യാം വേവലാതിയോടെ പറഞ്ഞു.

"അതിനു നിനക്കെന്താ, അവനു അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല,  ആവശ്യമെന്ന് തോന്നുമ്പോൾ തനിയെ വന്ന് വാങ്ങിച്ചു കൊള്ളും. നീ നിന്റെ പണി നോക്ക്‌ ശ്യാമെ..." ഞാൻ ദേഷ്യപ്പെട്ടു.

"ഓക്കെ, അവനു വേണ്ടെങ്കിൽ വേണ്ട" ശ്യാം പരിഭവം പറഞ്ഞു.

"അതല്ലെ ഞാനും പറഞ്ഞത്‌.." ഞാൻ ചിരിച്ചു.

"നിന്റെ പനി എങ്ങനെയുണ്ട്‌ ഇപ്പോൾ?" ഞാൻ ചോദിച്ചു.

"കുറവുണ്ട്‌. ഞാനൊരു ക്രോസിൻ കഴിച്ചു." അവൻ ഒരു ദീർഗ്ഘ നിശ്വസത്തോടെ പറഞ്ഞു.

ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നു. മൂന്ന് വർഷത്തെ ഓർമ്മകൾ അയവിറക്കി. നേരം ഇരുട്ടിയിരിക്കുന്നു. നമ്മൾ രണ്ടു പെരും ചെന്ന് മെസ്സിൽ നിന്നും ഭക്ഷണം കഴിച്ചു. എട്ട്‌ മണി കഴിഞ്ഞാൽ മെസ്സടക്കും അതിനു ശേഷം ഭക്ഷണം കൊടുക്കരുത്‌ എന്നാണു ഹോസ്റ്റലിലെ നിയമം. അതുകൊണ്ട്‌ മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ മതിലു ചാടി  പുറത്തുള്ള തട്ടുകടയിൽ നിന്നും പുട്ടും മുട്ടയും തട്ടാറാണു പതിവ്‌. ഇന്ന് പിന്നെ ശ്യാമിന്റെ വയ്യയ്ക കാരണം മെസ്സിൽ നിന്നും തന്നെ കഴിച്ചു. 8 മണി കഴിഞ്ഞു ഏത്‌ സമയവും വാർഡനഛ്ചന്റെ റൗണ്ട്സ്‌ ഉണ്ടാകും അപ്പോൾ എല്ലാവരും കൊടുമ്പിരി കൊള്ളുന്ന പടിത്തമായിരിക്കും. ഇന്നും പതിവുപോലെ വാർഡനഛ്ചന്റെ റൗണ്ട്സ്‌ കഴിഞ്ഞ്‌ പോയി. ശ്യാം ബുക്കുകൾ മടക്കി വച്ചു.

"എനിക്ക്‌ വയ്യടാ ഞാൻ കിടക്കുന്നു. ഇനി രാവിലെ എഴുന്നേറ്റ്‌ പടിക്കാം. വല്ലാത്ത ക്ഷീണം." ശ്യാം കട്ടിലിലേക്ക്‌ കിടന്ന് കൊണ്ട്‌ പറഞ്ഞു.

"ശെരി നീ കിടന്നോ, വയ്യാത്തപ്പോൾ ഉറക്കമൊഴിയേണ്ട. എനികെന്തായാലും ഉറക്കം വരുന്നില്ല. മണി ഒൻപതല്ലെ ആയുള്ളു, ഞാൻ കുറച്ച്‌ നേരം കൂടെ വായിച്ചു കിടക്കാം." ഞാൻ പറഞ്ഞു. അവൻ പുതപ്പ്‌ മൂടി കിടന്നു. ഞാൻ ബുക്കിലേക്ക്‌ ശ്രദ്ധ കൊടുത്തു.

എപ്പോഴാണു ഉറങ്ങിപോയത്‌ എന്നറിഞ്ഞില്ല. ശ്യാം തട്ടി വിളിച്ചപ്പോഴാണു എഴുന്നേറ്റത്‌. വാച്ചിൽ സമയം നോക്കിയപ്പോൾ പന്ത്രണ്ട്‌ മണി. ഉറക്കചവടിൽ ഞാൻ ശ്യാമിനെ നോക്കി.

"എടാ എനിക്കൊന്ന് മൂത്രമൊഴിക്കാൻ പോകണം. തനിച്ച്‌ പടിയിറങ്ങാൻ വയ്യ. നീ കൂടെ വന്നെ" ശ്യാം വിഷമത്തോടെ പറഞ്ഞൊപ്പിച്ചു.

ഞാൻ കൈകൊണ്ട്‌ മുഖം തുടച്ച്‌ അവന്റെ കൈ പിടിച്ച്‌ നടന്നു. ഹോസ്റ്റലിൽ താഴെ പുറത്ത്‌ പുറകു വശത്താണു ബാത്ത്‌ റൂമും ടോയിലറ്റുമൊക്കെ. ഞാൻ അവനെ ടോയിലറ്റിനു മുന്നിലാക്കി ഞാൻ അടുത്ത ബാത്ത്‌ റൂമിലേക്ക്‌ കയറി. ഇനി എതായാലും ഉറക്കമൊന്നും വരില്ല. ഞാൻ മുഖം കഴുകി മൂത്രമൊക്കെ ഒഴിച്ച്‌ ശ്യാമിന്റെ അടുത്തേക്ക്‌ വന്നു. ടോയിലറ്റിന്റെ കതകിൽ തട്ടി നോക്കി അവന്റെ ശബ്ദമൊന്നും കേൾക്കാത്തതുകൊണ്ട്‌ കതക്‌ തുറന്ന് നോക്കി. അവൻ അവിടെ എങ്ങുമില്ലായിരുന്നു. ഞാൻ അവിടെയെല്ലാം നടന്ന് നോക്കി. ലൈറ്റിട്ട്‌ എല്ലാ ബാത്ത്‌ റൂമിലും ടോയിലറ്റിലും നടന്ന് നോക്കി.

"ഇവനിത്‌ എവിടെ പോയി? ഇനി റൂമിലേക്ക്‌ തിരിച്ചു പോയോ?" ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.

"ഇവനു കൂട്ടിനു വന്നിട്ട്‌, ഇപ്പൊ എന്നെ തനിച്ചാക്കി പോയൊ!!!" ഞാൻ പിറുപിറുത്തുകൊണ്ട്‌ റൂമിലേയ്ക്ക്‌ മടങ്ങി.

റൂമിലെത്തിയപ്പോഴേക്കും ശ്യാം കട്ടിലിൽ കിടക്കുന്നു.

" ഇതെന്ത്‌ കോപ്പിലെ ഏർപ്പാടാടാ, നീ എന്നെ കാത്തു നിൽക്കാതെ തനിച്ച്‌ വന്നൊ?" ഞാൻ അവനോട്‌ കയർത്തു.
അവൻ നിശബ്ദമായി കേട്ടു.

"പോകുമ്നോൾ നിനക്ക്‌ തനിച്ച്‌ നടക്കാൻ വയ്യയിരുന്നല്ലോ? തിരിച്ചു വരുമ്പോൾ നീ എന്താ പറന്നെത്തിയ്യോ?" ഞാൻ വീണ്ടും ഉറക്കെ പറഞ്ഞു.

ഇത്തവണയും അവന്റെ ഭാഗതു നിന്നും മറുപടി ഒന്നുമുണ്ടായില്ല.

ഞാൻ അവന്റെ അടുത്ത്‌ പോയി തട്ടി വിളിച്ചു. അവന്റെ ശരീരമാകെ തണുത്ത്‌ മരവിച്ചിരിക്കുന്നു.

എന്റെ ഹൃദയമിടിപ്പ്‌ കൂടി. കണ്ണുകളിൽ ഇരുട്ട്‌ കയറുന്നത്‌ പോലെ, ഞാൻ പതുക്കെ അവന്റെ മൂക്കിനു താഴെ വിരൽ വച്ച്‌ നോക്കി.

എന്റെ കൈകാലുകൾ വിറച്ചു.
"ഇല്ല... അഛ്ചോ...." നിലവിളിച്ചുകൊണ്ട്‌ ഞാൻ വാർഡനച്ഛന്റെ റൂമിനു നേരെ ഓടി.

അച്ഛൻ കതക്‌ തുറന്നപ്പോൾ ഞാൻ കിതച്ചുകൊണ്ട്‌ കാര്യം പറഞ്ഞു. അച്ഛൻ എന്റെ കൂടെ റൂമിലേക്ക്‌ വന്ന് കാര്യം ഉറപ്പ്‌ വരുത്തി. അതിനു ശേഷം ഹോസ്പിറ്റലിൽ വിളിച്ചു പറഞ്ഞു. അച്ഛൻ എന്നെ അദ്ധേഹത്തിന്റെ റൂമിൽ പിടിച്ചിരുത്തി. എന്റെ നാവു വറ്റിവരണ്ടു ദേഹമാസകലം ഒരു വിറയൽ അനുഭവപ്പെട്ടു. ഹൃദയമിടിപ്പിന്റെ വേഗം കൂടി ഞാനപ്പോൾ മരിച്ച്‌ പോകുമെന്ന് തോന്നി, ഞാൻ കുനിഞ്ഞിരുന്ന് കരഞ്ഞു. വാർഡനച്ഛൻ ആരെയൊക്കെയോ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു. കുറച്ച്‌ കഴിഞ്ഞപ്പോൾ ആംബുലൻസും ഡോക്ടറുമെത്തി, ആംബുലൻസിന്റെ ശബ്ദത്തിൽ ഞാൻ സ്വഭോദം വീണ്ടെടുത്തു, അതു വരെ മരവിപ്പായിരുന്നു. ഞാൻ മുറിക്ക്‌ പുറത്തിറങ്ങി, ആരൊക്കേയോ വന്നിരിക്കുന്നു. ഡോക്ടറുടെ കൂടെ ഞാനും റൂമിലേക്ക്‌ പോയി. ഡോക്ടർ പരിശോദിച്ച്‌ മരണം ഉറപ്പു വരുത്തി. ഡോക്ടർ, വാർഡനച്ഛനോടായി പറഞ്ഞു:

" ഒരുപാട്‌ നേരമായല്ലോ ഫാദർ, ഈ കുട്ടി മരിച്ചിട്ട്‌ ഏകദേശം രണ്ട്‌ മണിക്കൂർ കഴിഞ്ഞു."

"എന്ത്‌?" ഞാൻ ഞെട്ടലോടെ ചോദിച്ചു.

"യെസ്‌, എറൗണ്ട്‌ മോർ ദാൻ ടൂ ഹവേർസ്സ്‌, ഏകദേശം പത്തര മണിയോടെ ഈ കുട്ടി മരിച്ചിരിക്കുന്നു." ഡോക്ടർ എന്നെ നോക്കി പറഞ്ഞു.

"ഇല്ല്ല, അരമണിക്കൂർ മുന്നെ വരെ ഞങ്ങൾ സംസാരിച്ചതാണു. ഒരുമിച്ച്‌ നടന്നതാണു. നിങ്ങൾക്ക്‌ തെറ്റ്‌ പറ്റിയതാവാം." ഞാൻ തർക്കിചു

"ഇമ്പോസ്സിബിൾ, ഞാൻ ഈ പണി തുടങ്ങിയിട്ട്‌ കാലം കുറെ ആയി മോനെ." ഡോക്ടർ പരിഹസിച്ച്‌ കൊണ്ട്‌ പറഞ്ഞു.

"പക്ഷെ അച്ഛോ ഞാൻ... ഇയാൾ പറയുന്നത്‌..." ഞാൻ വാർഡനച്ഛനെ നോക്കി പറഞ്ഞു.

അച്ഛൻ എന്നെ നെഞ്ചോട്‌ ചേർത്ത്‌ പിടിച്ചു പറഞ്ഞു. " റിലാക്സ്‌ മൈ സൺ...റിലാക്സ്‌."

"പക്ഷേ അച്ഛോ ഞാൻ... ഞാൻ പറയുന്നത്‌ സത്യമാണു... അവൻ എന്റെ കൂടെ ഉണ്ടായിരുന്നു. ആരും എന്നെ വിശ്വസിക്കുന്നില്ല.." ഞാൻ വാവിട്ട്‌ കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

" യെസ്‌ മൈ സൺ... എനിക്കറിയാം... എനിക്കറിയാം...ഞാൻ വിശ്വസിക്കുന്നു... ഡോക്ടർ പറഞ്ഞത്‌ ശാസ്ത്രമാണു, ശാസ്ത്രത്തിനുമപ്പുറം നമ്മൾ കാണാത്ത, നിർവ്വ്ചികാനാവാത്ത ഒരു സത്യം. ചില ബന്ധങ്ങൾ അങ്ങനെയാണു, ശരീരം മരണമെന്ന പ്രപഞ്ച സത്യത്തിനു കീഴടങ്ങുമെങ്കിലും ആത്മാവ്‌ പ്രിയപ്പെട്ടവരിൽ  നിന്നും വിട്ടു പോകില്ല. പോ, പോയി പ്രാർത്ഥിച്ചു കിടന്നുറങ്ങ്‌." വാർഡനച്ഛൻ എന്നെ ചേർത്ത്‌ പിടിച്ചു പറഞ്ഞു.

രണ്ടു പേർ സ്ട്രച്ചറിൽ കിടത്തിയ ശ്യാമിന്റെ ശരീരം എടുത്തു പോകുകയായിരുന്നു. ഞാൻ നിറമിഴികളൊടെ നോക്കി നിന്നു.

Thursday, April 18, 2013

കോളിംഗ്‌ ഫ്രം ...


കൊല്ലവർഷം 1188 കാലപുരിയിൽ 
പതിവുപോലെ ഒരു ദിവസം.

ദേഹമാസകലം കുഴമ്പ്  പുരട്ടി തടവി കൊണ്ടിരിക്കുന്ന കാലൻ .

കാലൻ (ഉറക്കെ വിളിക്കുന്നു)
"എടോ    ചിത്രഗുപ്താ ... ഇയാളിതെവിടെ പോയി കിടക്കുന്നു" (പിറു പിറുക്കുന്നു)

ചിത്രഗുപ്തൻ: ദീപം .... ദീപം. .. ദീപം. ..
(കൈയ്യിൽ കത്തിച്ചു പിടിച്ച മെഴുകുതിരിയുമായി കടന്നു വരുന്ന ചിത്രഗുപ്തൻ)

കാലൻ: താനെന്താടോ ഈ കാണിച്ചു വെക്കുന്നത്??? (അതിശയത്തോടെ ചിത്രഗുപ്തനെ നോക്കുന്ന കാലൻ)

ചിത്രഗുപ്തൻ: നിങ്ങൾക്ക് ഇത് വല്ലതും അറിയണോ? ഇപ്പൊ പഴയത് പോലെ ഒന്നുമല്ല . ദിവസവും എത്രയാണെന്നു വച്ചാണ് ആൾക്കാര് വരുന്നത്. അതിന് കണക്കായി വരുമാനം വല്ലതുമുണ്ടോ ഇവിടെ? ചിലവോട് ചെലവ് തന്നെ. കൂടാതെ വിലക്കയറ്റവും. അങ്ങ് തന്നെയല്ലേ കഴിഞ്ഞ മീറ്റിംഗിൽ ചെലവ് ചുരുക്കാൻ വേണ്ടി കൽപിച്ചത്‌. എന്തിനേറെ പലിശ അടക്കാത്തതിന്റെ പേരിൽ അങ്ങയുടെ പോത്ത് പോലും പണയത്തിലാണ്, അതിനെയെങ്കിലും തിരിച്ചെടുക്കേണ്ടുന്ന വിചാരം അങ്ങേയ്ക്കുണ്ടോ!!! (ചിത്രഗുപ്തൻ നിന്ന് കിതച്ചു)

കാലൻ (താടി ചൊറിഞ്ഞു കൊണ്ടു പറഞ്ഞു): അതെ...പക്ഷെ ഇത് ?

ചിത്രഗുപ്തൻ: ഇതൊക്കെ ചെലവ് ചുരുക്കലിന്റെ ഭാഗമായി വരും. ഏതായാലും വിളക്കുവെക്കുന്ന നേരം ഇതാ  ഈ മെഴുകുതിരി കത്തിച്ചു വെക്കണം അപ്പോൾ പിന്നെ ഏതെങ്കിലും ഒന്ന് പോരെ ?ചെലവ് അത്രയും ചുരുങ്ങിയില്ലേ. എങ്ങനെയുണ്ട് എന്റെ ബുദ്ധി?

കാലൻ: ഓ സമ്മതിച്ചു താനൊരു ബുദ്ധിശാലി തന്നെ.

ചിത്രഗുപ്തൻ:  ഡമോക്രസിക്കു വേണ്ടി മുറവിളി കൂട്ടുന്നവരാണ് എവിടെയും, അതോർത്താൽ നന്ന്.

കാലൻ:  പക്ഷെ നാം ചെയ്യുന്നതൊക്കെയും ഇവിടെയുള്ള നമ്മുടെ ജനങ്ങൾക്ക്‌ വേണ്ടിയല്ലേ. അവരുടെ അടിസ്ഥാന സൌകര്യങ്ങൾ മെച്ചപെടുത്താൻ വേണ്ടിയല്ലേ. ഗുപ്താ, താനൊരുമാതിരി സോഷ്യലിസ്റ്റ് വർത്താനം പറയരുത്.

ചിത്രഗുപ്തൻ: ഞാൻ ഈയിടെയായി ഇവിടെ ജനങ്ങൾക്കിടയിൽ കേട്ടുവരുന്ന അടക്കം പറച്ചിലിന്റെ വ്യക്തമായ രൂപം ധരിപിച്ചുവെന്നു മാത്രമേയുള്ളൂ. പൊറുക്കണം.

കാലൻ:  താനെന്താടോ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?

ചിത്രഗുപ്തൻ: ഏയ് വെറുതെ, ഒന്ന് ഇന്റലക്ച്വൽ ആകുവാനുള്ള ഒരു ശ്രമം.

കാലൻ: ആ അതൊക്കെ പോട്ടെ, ഇനിയിപ്പോൾ എത്ര മിനിറ്റ് ഉണ്ടെന്ന് പറ.

ചിത്രഗുപ്തൻ: ആയി, ദെ വെറും അഞ്ച് മിനിറ്റ് കൂടെ.

കാലൻ: ഈ പവർകട്ട് തുടങ്ങിയതിനു ശേഷം കൃത്യമായി കുഴമ്പ് തേച്ചു കുളിക്കാൻ സമയം കിട്ടുന്നുണ്ട്.

(പറഞ്ഞു കൊണ്ട് കാലൻ ഒന്നുടെ അമർത്തി കുഴമ്പ് തടവി )

(പറഞ്ഞു തീര്ന്നതും കറന്റ് വന്നു.)

കാലൻ: ചിത്രഗുപ്ത, ഞാൻ പോയി ഒന്ന് കുളിച്ചു വരാം. ഞാൻ വരുമ്പോഴേക്കും താനൊന്നു ആ ലാപ്ടോപ് ഓണ്‍ ചെയ്തുവെക്ക്.
(കാലൻ ഇരുന്ന സിംഹാസനവും തലയിൽ ചുമന്നോണ്ട് പോകുന്നു)

ചിത്രഗുപ്തൻ: വന്നു വന്നു അങ്ങേയ്ക്ക് എന്നെയും വിശ്വാസമില്ലാതായിരിക്കുന്നു.

കാലൻ: യു സീ മിസ്റ്റർ ഗുപ്തൻ, പറയുന്നത് കൊണ്ട്ട് വേറെ ഒന്നും തോന്നരുത്. ചില രാഷ്ട്രീയ പാര്ട്ടികാരുടെ കൂടെയുള്ള തന്റെ സമ്പർക്കം കാരണം തന്നെയും എനിക്ക് വിശ്വാസം ഇല്ലാതായിരിക്കുന്നു. ഈ കസേര ഒന്ന് ഒഴിഞ്ഞു കിട്ടാൻ നോക്കി ഇരിക്കുവല്ലേ ഇവിടെ അവർ. എന്നെ വലിച്ചു താഴെയിട്ടു ഇതിൽ കയറി ഇരിക്കാൻ. വേണ്ട എന്നെകൊന്റ്റ് ഒന്നും പറയിക്കണ്ട. 
(കാലൻ ഒന്നും രണ്ടും പറഞ്ഞുകൊണ്ട് ബാത്ത്റൂമിന്റെ കതകടച്ചു)

**************

കുളിച് കുട്ടപ്പനായി സിംഹാസനത്തിൽ മടിയിലൊരു ലാപ്ടോപും അതിലെ എക്സൽ ഷീറ്റും നോക്കി ചിന്താമഗ്നനായിരിക്കുന്ന കാലനും ഇമചിമ്മാതെ കാലനെ തന്നെ നോക്കി നില്ക്കുന്ന ചിത്രഗുപ്തനും.

കാലൻ: ഇതെന്തു പറ്റി ? ഈ വര്ഷം ഡിസംബർ 18നു മരിക്കേന്ടുന്ന ഇയാളുടെ cause of death എന്ന കോളം താൻ  എന്തുകൊണ്ട് ഫിൽ ചെയ്തില്ല മിസ്റ്റർ ഗുപ്തൻ?

ചിത്രഗുപ്തൻ: അത് പിന്നെ മിസ്റ്റർ കാലേഷ്....

കാലൻ: വാട്ട്‌?

ചിത്രഗുപ്തൻ: ഓ സോറി... കാലൻ സർ. അത് പിന്നെ അതിൽ പറയുന്ന വിനയൻ എന്ന വ്യക്തി പരമസാത്വികനും സത്യസന്ധനും ശാന്തനും ഒക്കെ ആയതുകൊണ്ട്. അദ്ദേഹത്തിന്റെ മരണം ഏതു രീതിയിൽ ആകണം എന്നതിനെ കുറിച്ചൊരു സംശയം.

കാലൻ: പക്ഷെ ഗുപ്താ അയാളുടെ മരണം നേരത്തേ നിശ്ചയിച്ചുവച്ചിട്ടുള്ളതാണ്‌. നമ്മൾ അത് നടപ്പിലാക്കുന്നു എന്ന് മാത്രം. പ്രസ്തുത തീയ്യതിക്ക് ശേഷം അയാള്ക്ക് ഭൂമിയിൽ ജീവിക്കുവാനുള്ള അവകാശമില്ല അതൊരു സത്യമാണ്. നമുക്ക് മാത്രം അറിയാവുന്ന സത്യം. താൻ വല്ല ഹൃദയാഘാതമോ മറ്റോ രേഖപെടുത്തിയേക്ക്.

ചിത്രഗുപ്തൻ: പക്ഷെ പ്രഭോ, അതിലൊരു പ്രശ്നമുണ്ട് അന്നേ ദിവസം മറ്റു മൂന്നു പേര് കൂടെയുണ്ട് അതും അയാളുടെ കുടുംബത്തിൽ നിന്ന് തന്നെ. അപ്പോൾ ഹൃദയാഘാതം സാധ്യമല്ല.


കാലൻ: അതാരടോ അയാളുടെ കൂടെ വരുന്നവർ?

ചിത്രഗുപ്തൻ: അതെ,  ഫീമയിൽ ലിസ്റ്റിലും ചിൽഡ്രൻസ് ലിസ്റ്റിലും രേഖപെടുത്തിയിട്ടുണ്ട്‌. ഒന്ന് അയാളുടെ ഭാര്യയും മറ്റു രണ്ട്  പേര് അയാളുടെ കുട്ടികളും. 

കാലൻ: എടോ,  എന്നാൽ പിന്നെ എളുപ്പമല്ലേ. വല്ല ആക്സിടന്ടോ മറ്റോ പോരെ. ഇതിൽ ഇത്ര ചിന്തിക്കാൻ എന്തിരിക്കുന്നു. ഇതൊന്നും പുതുതായി നടക്കുന്ന കാര്യമല്ലല്ലോ. ഒരുമിച്ചൊരു യാത്ര പോയി വരുമ്പോൾ അവർ സഞ്ചരിച്ച വാഹനം ലോറിയിലോ ബസ്സിലോ ഇടിച് മരിക്കുന്നു.

ചിത്രഗുപ്തൻ: പക്ഷെ അദ്ദേഹത്തിനാണെങ്കിൽ സ്വന്തമായൊരു കാറോ ലൈസൻസൊ ഇല്ലല്ലോ  ഒരു  ആക്സിഡന്റോ  മറ്റോ നടത്താൻ.

കാലൻ: ശുംഭൻ,അതിനെന്തിനാ എന്നാൽ ലൈസന്സും കാറുമൊക്കെ ഒരു ബസ്സ് യാത്ര പോരെ? അല്ലെങ്കിൽ ഒരു ട്രെയിന യാത്ര അതുമല്ലെങ്കിൽ ഒരു പ്ലെയിൻ ക്രാഷ്. സോ സിമ്പിൾ ... യൂ നോ.

ചിത്രഗുപ്തൻ: പക്ഷെ പ്രഭോ അതിനും തരമില്ല. അന്നേയ്ക്കു  ഡാറ്റാബേസിൽ വേറെ ആരുടേയും പേര് രേഖപ്പെടുത്തിയിട്ടില്ല.

കാലൻ (കുറച്ചു ചിന്തിച്ച ശേഷം): ആണോ? ഈ പറഞ്ഞ വ്യക്തി ഇപ്പോൾ എവിടെയാണ് താമസം?

ചിത്രഗുപ്തൻ: അങ്ങ് പേർഷ്യയിൽ...

കാലൻ: പേർഷ്യയിലൊ?

അതെ, ഇന്നത്തെ ദുബായി ചിത്രഗുപ്തൻ മൊഴിഞ്ഞു.

കാലൻ: അങ്ങനെയെങ്കിൽ ഗ്യാസ് സ്റ്റവ് പൊട്ടിതെറിച്ചോ മറ്റോ കൂട്ടത്തോടെ ഒരു മരണം അത് പോരെ?

ചിത്രഗുപ്തൻ: പക്ഷെ അത് പ്രഭോ, ഇത്രയും നല്ലൊരു മനുഷ്യന് ഇത്തരത്തിലൊരു മരണം. നമുക്ക്‌ കുറച്ച്‌ നാൾകൂടെ അയാളുടെ ജീവൻ നീട്ടി കൊടുക്കാൻ കഴിഞ്ഞെങ്കിൽ.

കാലൻ: മിസ്റ്റർ ഗുപ്തൻ,  തന്റെ ഇതുപോലുള്ള സ്വഭാവം ഈ പണിക്ക് ചേര്ന്നതല്ല എന്ന് തന്നോട് നൂറു പ്രാവശ്യം പറഞ്ഞതാണ്.

ചിത്രഗുപ്തൻ:  (ശബ്ദം താഴ്ത്തി) കാലാ.... ഇതൊരുമാതിരി കോപ്പിലെ പണിയായി പോയി.

കാലൻ (ഒരു നിമിഷം ആലോചിച്ചു കൊണ്ട്): ആക്സിഡന്റ് ... കൂട്ട മരണം.... വാഹനം പാടില്ല... വേറെ ആരും കൂടെ പാടില്ല... ഇവര്ക്ക് മാത്രമായി വല്ല ഡങ്കി പനിയോ പക്ഷി പനിയോ അങ്ങനെ വല്ലതുമോ... അങ്ങനെ വല്ലതുമായാലോ ഗുപ്താ?

ചിത്രഗുപ്തൻ: ഐഡിയ ഒക്കെ കൊള്ളാം പക്ഷെ ഗൾഫിൽ ഇവര്ക്ക് മാത്രമായി ഇത്തരം പനിയും ഇവര് വന്ന ഉടനെ അവിടെ അതൊക്കെ മാറി. ശ്ശെ... ശ്ശെ...ഇതൊന്നും നടക്കുന്നതല്ല. ഐ കാൺട്‌ ഇവൻ തിങ്ക്‌ ഓഫ് എനിതിങ്ങ്‌ വേർസ്സ്‌ ലൈക്‌ ദിസ്‌. അതുമാത്രമല്ല അപ്പോൾ കൂടുതല് ആൾക്കാരെ ഇതേ കാരണം വച്ച് കൊണ്ടുവരേണ്ടിയിരിക്കുന്നു. അങ്ങനെ വരുമ്പോൾ ഈ മൊത്തം  ഡാറ്റാബേസ്സ്‌ തന്നെ മാറ്റി എഴുതണം. അതൊക്കെ വലിയ മെനക്കെടാന്. ഇയർ എൻഡ്‌ ആണ് കൂട്ടത്തോടെ ആൾക്കാരു വന്നാൽ എല്ലാവരെയും അക്കോമഡേറ്റ്‌ ചെയ്യാനുള്ള ബുദ്ധിമുട്ട് വേറെയും. ഇതൊക്കെ ഓടിചാടി പണിയെടുക്കാൻ ഞാൻ ഒരുത്തനെയുള്ളു എന്ന കാര്യം താങ്കൾ മറക്കുന്നു പ്രഭോ. കൈയ്യാളായി
രണ്ട്പേരെ സഹായത്തിനെടുക്കാൻ പറഞ്ഞാൽ അപ്പോൾ മാത്രം ദാരിദ്ര്യം വിളമ്പും.

കാലൻ: യു സീ മിസ്റ്റർ ഗുപ്തൻ, ഐ വാണ്ട്‌ യു ടൂ ഡവലപ്പ് എ കൾചേർഡ്‌ ആൻറ് സോഫിസ്റ്റിക്കേറ്റഡ്‌ ഇമേജ് വിച്ച് വിൽ ഹെൽപ്  യു ടു എക്സ്പാന്റ് ഔവർ നെറ്റ് വർക്ക്, ആൻറ് മൂവ് അഹെഡ് തിങ്ങ്സ്‌ പ്രൊഫെഷനലി ആൻറ്  ടു മേയ്ക്ക് എ പോസിറ്റീവ്‌ സോഷ്യൽ ഇമ്പ്രഷൻ അമങ്ങ്  പീപ്പിൾ യൂ നോ.

ചിത്രഗുപ്തൻ: സോഫിസ്റ്റിക്കേറ്റഡ്‌ ഇമേജ് മണ്ണാങ്കട്ട. മടുത്തു ഈ കണക്കപിള്ളയുടെ പണി. ടൈപ് റൈറ്റർ വന്നപ്പോൾ കുറെ കാലം അതിൽ കുത്തി. പിന്നെ ദെ കമ്പ്യൂട്ടർ വന്നപ്പോൾ ഈവിനിങ്ങ് ക്ലാസ്സിനു പോയി മെനക്കെട്ട് അതും പഠിച്ചു. ഇപ്പൊ ഇതാ ലാപ്ടോപും ഐപാടും വരെയായി അതോടെ എന്റെ ഊപ്പാടും പോയി.

കാലൻ: എന്താടോ എന്നാൽ തനിക്കു പകരം ഞാൻ വേറെ ഒരു ആളെ എടുക്കട്ടെ. തന്റെ പേരും ഈ ലിസ്റ്റിൽ ചേർക്കാം എന്തേ?

ചിത്രഗുപ്തൻ: ദാ, അപ്പോഴേക്കും പിണങ്ങിയാ. എൻറെ ആവലാതിയും വേവലാതിയും ഞാൻ പിന്നെ ആരോടു പറയാനാ എൻറെ പോന്നു തമ്പുരാനെ... അങ്ങേയ്ക്ക് അവിടെ ഇരുന്നും കൊണ്ട്‌ ഓരോരുത്തരുടെ നേരെ വിരൽ ചൂണ്ടി കാണിച്ചാൽ പോരെ. ഇതൊക്കെയും സ്കെഡ്യൂൾ ചെയ്യുന്നതിന്റെ ഒരു ബുദ്ധിമുട്ട് എനിക്കല്ലേ അറിയൂ.

കാലൻ: അങ്ങനെ വഴിക്ക് വാ,  താൻ അതൊക്കെ വിട്ട് കാര്യത്തിലേക്ക് കടക്ക്‌.  ആ ലൊക്കേഷൻ ഫൈന്റർ  വച്ച് ഈ പറയുന്ന വ്യക്തിയെ ഒന്ന് കണക്റ്റ് ചെയ്യ്. നമുക്ക് നോക്കാം ഇയാളുടെ കറന്റ്‌ സ്റ്റാറ്റസ് എന്താണെന്ന്.

ചിത്രഗുപ്തൻ: ശരി പ്രഭോ, ഇതാ അയാളിപ്പോൾ അയാളുടെ ഓഫീസിൽ ഇരിക്കുന്നു. ചിത്രഗുപ്തൻ മോണിറ്റർ കാലന്  നേരെ തിരിച്ചു കാണിച്ചു കൊടുക്കുന്നു.

ഭൂമിയിൽ വളരെ ശാന്തനായി ജോലി ചെയ്തു കൊണ്ടിരിക്കുന്ന വിനയന്റെ ഫോണ്‍ റിംഗ് ചെയ്യുകയായിരുന്നു അപ്പോൾ.  അയാള് ഫോണിൽ കാൾ അറ്റന്റ്‌ ബട്ടൺ അമർത്തി.

"ഹല്ലോ മിസ്റ്റർ വിനയൻ" മറുതലയിൽ സൌമ്യനായ ഒരു വ്യക്തിയുടെ ശബ്ദം. 

"യെസ്" വിനയൻ മറുപടി പറഞ്ഞു.


"സർ ഐ ആം നവീൻ കാളിങ്ങ് ഫ്രം ഗൾഫ്‌ ഇന്റർനാഷണൽ ബാങ്ക് സർ . വുഡ് യു ലൈക് ടു ഗോ ഫോര് എ ക്രഡിറ്റ് കാര്ഡ് സർ ?"

ഇത് കണ്ടു കൊണ്ടിരിക്കുന്ന കാലൻ ഉറക്കെ ചിരിക്കുന്നു.

കാലൻ: കണ്ടോ ഗുപ്താ അയാളിപ്പോൾ യെസ് പറയും.

ചിത്രഗുപ്തൻ: ഏയ് അയാള് നോ പറയും.

കാലൻ: എന്നാൽ അടി ബെറ്റ്. ഒരു ഫുൾബോട്ടൽ .

ചിത്രഗുപ്തൻ: ഓക്കേ ബെറ്റ്...
(അവർ വീണ്ടും മോണിട്ടറിലേക്ക്‌ നോക്കി)

ബാങ്ക് ഇടപാട്കാരൻ വായതോരാതെ സംസാരിക്കുന്നു. വിനയൻ ശാന്തനായി കേട്ടിരിക്കുന്നു.

ചിത്രഗുപ്തൻ: കണ്ടോ കണ്ടോ അയാള് ഇതിലൊന്നും വീഴുന്നയാളല്ല.

കാലൻ: എന്റെ ഒരു ഫുൾബോട്ടൽ പോയാ?

ചിത്രഗുപ്തൻ: അയാള് വിവേകമുള്ള ഒരു ചെറുപ്പക്കാരനാണ്

കാലൻ: ഹും, എന്ത് വിവേകം? സാഹചര്യങ്ങൾക്ക്‌ മുന്നിൽ ബുദ്ധിയും വിവേകവും ചിലപ്പോളൊക്കെ അടിയറവു വെക്കേണ്ടി വരുമെടോ ഗുപ്താ.

ബാങ്ക് ഇടപാടുകാരൻ ഇടതടവില്ലാതെ സംസാരിച്ചു കൊണ്ടെയിരുന്നു.

ഒടുവിൽ "വാട്ട് ആര് ദ ഡൊക്ക്യുമെന്റ്സ് യൂ റിക്ക്യൊയേർഡ്‌ ?" വിനയനിൽ നിന്നുമായിരുന്നു ചോദ്യം.

കാലൻ പൊട്ടി ചിരിച്ചു.

കാലൻ: കണ്ടോടോ ഗുപ്താ ഇതാണ് ഞാൻ പറഞ്ഞത്. ചേർക്കേണ്ടുന്ന തന്റെ വിട്ടു പോയ കോളം കോസ് ഓഫ് ഡത്ത്,  സൂയിസൈഡ്‌ അതെ ആത്മഹത്യ...ഒരു കൂട്ട ആത്മഹത്യ. കാലന് തെറ്റു പറ്റില്ലടോ...  

ചിത്രഗുപ്തൻ: പക്ഷെ ഇത്?

കാലൻ: അതേടോ ഗുപ്താ, ഇത് ഒരു തരാം ലഹരിയാണ്. മനുഷ്യന്റെ വിവേകം നഷ്ടപെടുത്തുന്ന ലഹരി. കണ്ടില്ലേ ഇന്ന് ഒന്ന്, നാളെ രണ്ട്,  മറ്റന്നാള് മൂന്ന് കാർഡുകളുടെ എണ്ണം കൂടി വരും ജീവിതത്തിലെ സ്വസ്ഥത കുറഞ്ഞും. ഇത്രയൊക്കെ പോരെ ഗുപ്താ തനിക്ക് തന്റെ വിട്ടു പോയ കോളം നിറക്കാൻ.

കാലൻ പൊട്ടി ചിരിച്ചു കൊണ്ട്‌ പറഞ്ഞു, "ഹ ഹ ഹ യസ് ഇറ്റ്‌സ് ദ കാൾ ... കാൾ ഫ്രം ദ ഹെവൻ..."