Thursday, July 1, 2010

മുരുഗന്റെ മാന്ദ്യം

സെക്രട്ടറിയേറ്റിന് മുന്നില്‍ പതിവ് കാഴ്ചകള്‍ ഒന്നും തന്നെയില്ല. സമരപന്തലുകളോക്കെയും ഒഴിഞ്ഞു കിടക്കുന്നു. അവിടവിടായി പണിമുടക്കിന്റേയും സംസ്ഥാന-ദേശിയ സമ്മേളനങ്ങളുടെയും അനാഥമായി കിടക്കുന്ന പോസ്ടറുകള്‍ കാണാം. പൊതുവേ സര്‍ക്കാര്‍ ജീവനക്കാരില്‍ മാത്രം കണ്ടുവരാറുള്ള അവജ്ഞയും താല്പര്യമില്ലായ്മയും സര്‍വത്ര ജനങ്ങളേയും ബാധിച്ചിരിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യം നമ്മുടെ നാട്ടിലും നാട്ടുകാരിലും ബാധിച്ചില്ല എന്ന് പറയാന്‍ കഴിയില്ല. കഴിഞ്ഞ രണ്ട് മണിക്കൂറായി ഞാന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അതിനെ കുറിച്ച് നിരീക്ഷിച്ചു വരികയാണ്. ഇതിലൂടെ പോകുന്ന ഓരോരുത്തരെയും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാന്ദ്യം നല്ലവണ്ണം ബാധിച്ചിട്ടുണ്ടെന്ന് കണ്ടറിഞ്ഞു. സെക്രട്ടറിയേറ്റിലെ ജീവനക്കാരി രാധാമണി ചേച്ചിയേയും ബാധിച്ചിരിക്കുന്നു മാന്ദ്യം. എന്നുമെന്നും പുത്തന്‍ സാരി ഉടുത്തു വന്നിരുന്ന അവരുടെ സാരിയുടെ നിറം മങ്ങിയതായി കാണാം, ഒപ്പം അവരുടെ മുഖവും. സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ ഇടയില്‍ ആകെയുള്ള ഒരു ഗള്‍ഫുകാരന്റെ ഭാര്യയാണ് രാധാമണി ചേച്ചി. ഇപ്പോള്‍ ഭര്‍ത്താവ് മാന്ദ്യം കാരണം ജോലി നഷ്ട്ടപെട്ട് നാട്ടില്‍ എത്തിയിരിക്കുകയാണ് കേട്ട്‌ കേള്‍വി. അതുകൊണ്ട് തന്നെ രാധാമണി ചേച്ചിയുടെ മുഖത്ത് പതിവ് പ്രസന്നതയില്ല. എന്തിനേറെ തൊട്ടപ്പുറത്തെ മുറുക്കാന്‍ കടക്കാരന്‍ രാഘവന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടി പോയതിനു രാഘവന്‍ പറഞ്ഞ കാരണവും മാന്ദ്യം തന്നെ. അത് സാമ്പത്തിക മാന്ദ്യമാണോ അതോ രാഘവനിലുള്ള മാന്ദ്യമാണോ എന്നത് ഇന്നും ഇവിടം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്.

എല്ലാം ഒരു സ്വപ്നം പോലെ കാണുവാന്‍ മാത്രം ആഗ്രഹിക്കുന്നു. കഴിഞ്ഞയാഴ്ച വരെ റോഡിന്‍റെ മറുവശം തൊട്ടപ്പുറത്തായി സര്‍വ്വപ്രൌടിയോടും കൂടെ തുറന്നു കിടന്നിരുന്ന തുണിപീടിക ഇന്ന് അടഞ്ഞു കിടക്കുന്നു. ജീവിതത്തെ സുന്ദരമായ ഒരു കാവ്യം പോലെ കണ്ട ഒരു മനുഷ്യന്‍, ഏവരും ആരാധനയോടെ നോക്കി കണ്ടിരുന്നയാള്‍ ഒരു ദിവസം രാത്രി വിളമ്പിവച്ച ചോറില്‍ ഒരുപിടി വിഷം ചേര്‍ത്ത് ഭാര്യക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്കും കരഞ്ഞുകൊണ്ട് ഉരുളവച്ചു. താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണ് കാരണം എന്ന ഒരു കുറിപ്പ് പോലീസ് കണ്ടെടുത്തു. ഒന്നുമറിയാതെ ചിരിച്ച് കളിച്ചു നടന്നിരുന്ന കുട്ടികള്‍ വിഷം ചേര്‍ത്ത ചോറ് രുചിയോടെ കഴിച്ചു കിടക്കയില്‍ മൃത്യുകെട്ടിപുണരുമ്പോള്‍ അറിഞ്ഞു കാണില്ല സ്വന്തം അച്ഛനെ ബാധിച്ച മാന്ദ്യത്തെകുറിച്ച്.

മുരുഗന്‍ പറഞ്ഞത് 2008ല്‍ വന്ന സുനാമിയായിരുന്നു ആഗോളസാമ്പത്തിക മാന്ദ്യം എന്നാണ്. പക്ഷെ അങ്ങനെ നോക്കുമ്പോള്‍ 2005ലെ സുനാമി എന്നെപോലുള്ളവര്‍ക്ക് വെറും ലാഭം മാത്രമേ നല്‍കിയിട്ടുള്ളൂ. ഇതിപ്പോ ഓരോ വ്യക്തിയും ബാധിക്കുന്ന പ്രശ്നം ആയതു കൊണ്ട് ലോകം മുഴുവന്‍ പ്രതിസന്ധിയില്‍ ആകുന്നു. പ്രതിസന്ധി രാജ്യത്തെ തൊഴില്‍ മേഖലയെയും ബാധിച്ചിരിക്കുന്നുവത്രേ. ഇരുപത്തി അഞ്ച് മുതല്‍ മുപ്പത് ശതമാനം ജോലിക്കാരെ വരെ പിരിച്ചു വിടുമെന്നാണ് മുരുഗന്‍ പറഞ്ഞറിഞ്ഞത്. വായ്പ്പ ലഭ്യതയില്‍ വന്ന കുറവ്, ഉപഭോഗത്തിലെ ഇടിവ് സാമ്പത്തിക മാന്ദ്യവും വിനിമയമൂല്യത്തിന്റെ ഇടിവും കാരണം കയറ്റുമതി മേഖലകളിലെ പ്രതിസന്ധിയുമാണ് തൊഴില്‍ മേഖലയെ ഭീഷണിയുടെ കരിനിഴലിലാക്കിയത്. മുംബൈയിലെ കയറ്റുമതി സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ആള്‍ക്കാരെ പിരിച്ചു വിടുകയും ചെയ്തുവത്രേ. ഇങ്ങനെ പറഞ്ഞു വിടുന്നതിനു മുരുഗന്‍ ഒരു പേരും പറഞ്ഞിരുന്നു. റിസപ്ഷന്‍ എന്നോ റിസിഷന്‍ എന്നോ മറ്റോ ആയിരുന്നു. എന്തോ അതിനെ കുറിച്ചൊന്നും ഞാന്‍ തല പുകഞ്ഞു ചിന്തിക്കാന്‍ പോയില്ലേ.. അത് മാത്രമോ ഇനിയുമുണ്ട് മുരുഗന്റെ വാദങ്ങള്‍.

പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജപ്പാനില്‍ തിരഞ്ഞെടുപ്പ് വരെ മാറ്റിവച്ചുവെന്നും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ വേണ്ടിയാണിതെന്നും മുരുഗന്‍ പറഞ്ഞിരുന്നു. നമ്മുടെ പ്രധാനമന്ത്രി തൊഴിലാളികളെ പിരിച്ചു വിടരുതെന്നും പുതിയ തൊഴിലവസരങ്ങള്‍ കുറയ്ക്കാന്‍ പാടില്ലെന്നും ഒക്കെ പറഞ്ഞു പോലും. എന്തായാലും മുരുഗന്റെ ലോക വിവരം സമ്മതിച്ചേ പറ്റു. ഈയൊരു കാരണം കൊണ്ട് തന്നെയാണ് മുരുഗനെ നമ്മുടെ ഇടയിലെ ബുദ്ധിജീവി ആക്കുന്നത്. മുരുഗന്റെ നിഗമന പ്രകാരം ഇനി ഇത് കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് നമ്മളെ ഒക്കെ ആണത്രേ. മാന്ദ്യം ഇനിയും കൂടുതല്‍ കഠിനമാകുമെന്നും നീണ്ടുനില്‍ക്കാനുമാണ് സാദ്യതയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത്രയൊക്കെ അറിയാനും ഇതേ കുറിച്ച് പറയാനും മുരുഗന്‍ ആരെന്നായിരിക്കും നിങ്ങളുടെ ചിന്ത. ഇദ്ദേഹം തമിഴ്നാട്ടുകാരന്‍ ആണെങ്കിലും വളര്‍ന്നതും ജോലി ചെയ്യുന്നതുമൊക്കെ കേരളത്തിലാണ്. കൂട്ടത്തില്‍ വിവരമുള്ളവനും നമ്മളെക്കാള്‍ ലോകം കണ്ടിട്ടുള്ളവനുമാണ് മുരുഗന്‍. കേരളത്തിലെ എല്ലാ ജില്ലകളിലും മുരുഗന്‍ സഞ്ചരിച്ചിട്ടുണ്ട്. ഒട്ടുമിക്ക ബസ് സ്റ്റാന്‍ടിലും മുരുഗന് സ്വന്തം പേരില്‍ സ്ഥലങ്ങളുണ്ട്.

ഓരോ കാര്യം ചിന്തിച്ചു സമയം പോയതറിഞ്ഞില്ല. തലയുയാര്‍ത്തി മുകളിലേക്ക് നോക്കി. വെയിലിനു കാഠിന്യം കൂടി വരുന്നതല്ലാതെ വിരിച്ചിട്ട തുണിയില്‍ നയാ പൈസ വന്ന് വീഴുന്നില്ല. ഇനിയിപ്പോ ഇവിടെയിരുന്നു സമയം കളഞ്ഞു കാര്യമില്ല, മനസ്സില്‍ ഇങ്ങനെ ഒരു വിളിപ്പാടുണ്ടായി. ഇന്നത്തെ കളക്ഷന്‍ വളരെ കുറവാണ്. ഇങ്ങനെ പോയാല്‍ ഞങ്ങള്‍ എങ്ങനെ ജീവിക്കും..? മാന്ദ്യം ഞങ്ങളെയും ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നുവോ...? മനസ്സിലെവിടെയോ ഇങ്ങനെയൊരു ചിന്തയുടെ മുള പൊട്ടിയോ.. ? ഉടനെ മുന്നില്‍ വിരിച്ചിരുന്ന തുണി വരിഞ്ഞു കെട്ടി. ഇനി മ്യൂസിയത്തിന് മുന്നില്‍ ചെന്നിരിക്കാം. അവിടെയാകുമ്പോള്‍ കാമുകീ കാമുകന്മാരായ കോളേജു കുട്ടികള്‍ കാണും. ഒരുകാലത്തും ഒരു മാന്ദ്യവും ബാധിക്കാത്തവര്‍. ഏന്തി വലിഞ്ഞു മതിലില്‍ ചാരി വച്ച ശീമകൊന്ന വടിയെടുത്ത് കുത്തിപിടിച്ച്‌ നടന്നു. ആദ്യം എതിരെ വന്ന ഓട്ടോ റിക്ഷയ്ക്കു കൈ നീട്ടി. ഒരു സംശയത്തോടെ നിറുത്തിയ ഓട്ടോ ഡ്രൈവറോടായ് പറഞ്ഞു.
"
മ്യൂസിയം റോഡ്‌.."
തിരിച്ചൊരു ചോദ്യത്തിന് അവസരം കൊടുക്കാതെ ഓട്ടോയില്‍ വലിഞ്ഞു കയറിയിരുന്നു പറഞ്ഞു.
"
സംശയിക്കേണ്ട മീറ്റര്‍ കാശ് തരം.."
ഡ്രൈവര്‍ ഒരു ചെറു പുഞ്ചിരിയോടെ മീറ്റര്‍ കറക്കിയിട്ടു.
ഓട്ടോയിലിരുന്നു മുരുഗന്‍ പറഞ്ഞ മാന്ദ്യത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു. തെരുവ് പട്ടികളോട് പൊരുതി നേടിയ എച്ചില്‍ ചോറിലൂടെ ഇവിടം വരെയെത്തി. തെരുവിലെ ചവറ്റു കൂനയുടെ മറവില്‍ പിറന്നു വീണ ജന്മങ്ങള്‍ക്ക് എന്ത് മാന്ദ്യമെന്നു ആലോചിച്ചു സ്വയം ആശ്വസിച്ചു....