Friday, April 23, 2010

ഞാന്‍ കണ്ട നീലാംബരി

ഞാന്‍ കണ്ട നീലാംബരി
(ഓര്‍മ്മക്കുറിപ്പ്‌ - മാധവിക്കുട്ടി)

എന്നും പോകുന്ന അതേ വഴികള്‍, അതേ കാഴ്ചകള്‍, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഒരു ട്രെയിന്‍ യാത്രയില്‍ സ്ഥിരം കാഴ്ചകള്‍ മനം മടുപ്പിച്ചപ്പോള്‍ അപ്രതീക്ഷിതമായി എന്റെ മുന്നിലേക്ക്‌ ഒരു കെട്ട് ബുക്കുമായ്‌ കടന്നു വന്ന ചെറുപ്പക്കാരന്‍ നീട്ടിയ ബുക്കിന്റെ കവറില്‍ കണ്ട സുന്ദരിയായ യുവതിയുടെ മുഖചിത്രം എന്നെ വല്ലാതെ ആകര്‍ഷിച്ചു.
അനന്തരഫലമായി നൂറ്റിഅമ്പതില്‍ തുടങ്ങിയ വിലപേശല്‍ നൂറ്റി ഇരുപതില്‍ അവസാനിച്ചു. അങ്ങനെ ആ ബുക്ക്‌ എനിക്ക് സ്വന്തം. ആദ്യമായി പ്രണയിനിയുടെ ഫോട്ടോ കൈക്കലാക്കിയ ഒരു കൌമാരക്കാരന്റെ ആവേശമായിരുന്നു എന്നിലപ്പോള്‍. ഒരുപാട് നേരം ആ മുഖചിത്രം നോക്കിയിരുന്ന ഞാന്‍, കുറച്ചു നേരം എടുത്തു അതൊന്നു തുറന്നു നോക്കാന്‍. ധീരമായ തുറന്നു പറച്ചിലുകള്‍ കൊണ്ട് വിവാദം സൃഷ്ടിച്ച ലോകപ്രശസ്ത സാഹിത്യകാരി ഡോ: കമല ദാസ് എന്ന മാധവിക്കുട്ടിയുടെ "എന്റെ കഥ" എന്ന ആത്മകഥ ആയിരുന്നു എന്റെ കൈയ്യില്‍. മാധവിക്കുട്ടി എന്ന എഴുത്തുകാരിയെക്കുറിച്ച് അന്നേവരെ വെറും കേട്ടറിവ് മാത്രമായിരുന്നു എനിക്ക്. അവര്‍ ഇത്രയും സുന്ദരിയായിരുന്നു എന്ന് ആ മുഖചിത്രം കണ്ടപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്‌. അതുകൊണ്ട് തന്നെ ഈ ട്രെയിന്‍ യാത്രയില്‍ സുന്ദരിയായ ആ യുവതിയുടെ സാമിപ്യം തനിക്ക്‌ കൂട്ടായിരിക്കണം എന്ന ആഗ്രഹത്തോടെ ഞാന്‍ അതിന്റെ താളുകള്‍ മറിച്ച് നോക്കി.

ഒരേ സമയം ഭാര്യയും അമ്മയും വീട്ടുജോലിക്കാരിയും മറ്റെല്ലാവേഷങ്ങള്‍ക്കുമായ് സ്വയം പങ്കുവെചൊഴിയാതെ വന്ന, പ്രതിസന്ധിയില്‍ ആശ്വാസകേന്ദ്രങ്ങളായി പല അപരിചിത മുഖങ്ങളെയും, സ്ത്രീയുടെ ഇടങ്ങളെ അനുഭവിക്കുകയും അവള്‍ക്ക്‌ ചുറ്റുമുള്ള വ്യക്തി ബന്ധങ്ങളെ നിര്‍വചിക്കുകയും ചെയ്യുന്ന എതിര്‍പ്പിന്റെ കഥയായിരുന്നു "എന്റെ കഥ". സ്വയം കഥാപാത്രമായും ഒപ്പമുള്ളവരെ കഥാപാത്രങ്ങളാക്കിയും ആഗ്രഹിച്ചത്‌ കിട്ടാതിരിക്കുകയും കിട്ടിയതൊന്നും ആഗ്രഹിക്കാതിരിക്കുകയും പരസ്യമായി തുറന്നു പറഞ്ഞ ധീരയായ ആ എഴുതുകാരിയോട് എനിക്ക് തോന്നിയ എന്തെന്നില്ലാത്ത ആരാധനയുടെ തുടക്കമായിരുന്നു അവിടം. ട്രെയിനില്‍ നിന്നുമിറങ്ങുമ്പോള്‍ ഒരു മികച്ച സൃഷ്ടി ഹൃദിസ്തമാക്കിയതിന്റെ ആവേശമായിരുന്നു എന്റെ മനസ്സില്‍, ഒപ്പം ആ കഥ തന്ന പൂര്‍ണ്ണതയില്‍ എഴുതുകാരിയോടുള്ള ആഘാത പ്രണയവും. അതിന് ശേഷം നീര്‍മാതളം പൂത്തകാലവും നഷ്ടപ്പെട്ട നീലംബരിയും തന്നത് വ്യത്യസ്ത അനുഭവങ്ങളായിരുന്നു.

ഇന്ത്യയിലെ സ്ത്രീയുടെ ലൈംഗീക അഭിലാഷകളെക്കുറിച്ച് പച്ചയായി സംസാരിച്ച ആദ്യത്തെ വനിതാ എഴുത്ത്കാരിയായിരുന്നു മാധവിക്കുട്ടി. സ്നേഹാന്വേഷണത്തിന്റെ ഭാഗമായി മാധവിക്കുട്ടി അവതരിപ്പിച്ച കാവ്യാത്മഭാവനകള്‍ ഏറെ അവമതിക്കപ്പെട്ടു. കൃഷ്ണന്‍ തനിക്ക് കാമുകനോ ഭര്‍ത്താവോ ഒക്കെയാണെന്ന് പറയാന്‍ മടിക്കാതിരുന്ന, ജീവിത യാഥാര്ത്യങ്ങളെ പച്ചയായി വിളിച്ചു പറഞ്ഞ എഴുത്തുകാരി. അടുത്ത ഒരു ജന്മമുണ്ടെങ്കില്‍ യാതൊരു കെട്ടുപാടുകള്മില്ലാതെ ഒരു പറവയായി പാറി പറക്കാനാഗ്രഹിച്ച അവര്‍, ഒരിക്കലും ഒരു മനുഷ്യ സ്ത്രീ ആകരുതെന്ന് ആഗ്രഹിച്ചു.. സ്വന്തം ജീവിതവും എഴുത്തുമായിരുന്നു അവരുടെ ആയുധങ്ങള്‍

രണ്ട് വര്‍ഷത്തിനു ശേഷം എറണാകുളത്തെ ടൌണ്‍ഹാളില്‍ നടക്കുന്ന ഒരു സിമ്പോസിയത്തില്‍ കമലാ സുരയ്യ പങ്കെടുക്കുന്നു എന്ന വാര്‍ത്ത, ഒരു ജീവിതം മുഴുവന്‍ സ്നേഹത്തിന്നും സ്ത്രീ സ്വാതന്ത്ര്യത്തിന്നും വേണ്ടി പോരാടിയ മലയാളികളുടെ സ്വന്തം നീലാംബരിയെ കാണുവാനുള്ള അതിയായ ആഗ്രഹം എന്റെയുള്ളില്‍ ജനിച്ചു. അന്നേദിവസം ബാക്കി എല്ലാ കാര്യങ്ങളും മാറ്റിവച്ച് അവിടേക്ക്‌ ചെന്നു. വിചാരിച്ചത്രയും ജനക്കൂട്ടം ഇല്ലെങ്കിലും, ഇരിക്കാനുള്ള സ്ഥലത്തിനായി ബുദ്ധിമുട്ടി. മലയാള സാഹിത്യത്തിലെ പേരെടുത്ത സാഹിത്യകാരും എഴുത്തുകാരും അവിടെ സന്നിഹിതരായിരുന്നു. ആരുടെയും മുഖമത്ര പരിചയമില്ലെങ്കിലും പേരുകള്‍ കേട്ടപ്പോള്‍ ആളുകളെ തിരിച്ചറിഞ്ഞു. അപ്പോഴൊക്കെയും എന്റെ കണ്ണുകള്‍ നീലാംബരിയെ പരതുകയായിരുന്നു. ഏറെ നേരം പരതിയിട്ടും കാണാതെ വന്നപ്പോള്‍ അടുത്തിരുന്നയാളോടായി ചോദിച്ചു. കമലാ സുരയ്യ ദേഹാസ്വാസ്ഥ്യം കാരണം വന്നില്ല എന്ന അയാളുടെ മറുപടി എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒടുവില്‍ വിഷാദനായി ആ ഹാള്‍ വിട്ടു പോകുമ്പോള്‍ എന്റെ മനസ്സ്‌ നിറയെ ട്രെയിനില്‍ നിന്നും വാങ്ങിയ ബുക്കിന്റെ മുഖചിത്രത്തിലെ സുന്ദരിയായ യുവതിയുടെ മുഖമായിരുന്നു. ആ മുഖം അതിന് ശേഷം ഞാന്‍ പല വേദികളിലും തേടിയലഞ്ഞു. സുന്ദരിയായ സാഹിത്യ കാരിയെ ഒരുനോക്കു കാണാന്‍. പക്ഷെ എന്റെ മോഹങ്ങള്‍ക്ക് കാമ്പില്ലെന്നു തോന്നുന്നു. നീലാംബരി നമ്മെ വിട്ട് യാത്രയായി. എന്റെയുള്ളില്‍ ഞാന്‍ കണ്ട നീലംബരിയുടെ മുഖം ഇന്നും അതുപോലെ തന്നെ.

"ഇന്നും

നീര്‍മാതളം പോകുമ്പോള്‍,
ഞാന്‍ അവിടെ എത്താറില്ല"

മാധവിക്കുട്ടിയുടെ ഈ വാക്കുകള്‍ ഞാനിവിടെ കടമെടുക്കുന്നു.


***********

വിറംബ്ര


(2010, ജൂണ്‍ 24നു മലയാള മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച കഥ)

ഒട്ടുമുക്കാലും നരച്ച മുടി മുഖത്തേക്ക്‌ ഊര്‍ന്നു കിടക്കുന്നു. ക്ഷൌരകത്തി മറന്നു പോയ മുഖരോമങ്ങള്‍. ശരീരത്തിന്റെ ഭാഗമേ അല്ലെന്നു തോന്നിപ്പിക്കുന്ന കുണ്ടിലാണ്ടു കിടക്കുന്ന കണ്ണുകള്‍, അയാള്‍ക്ക്‌ ചുട്ടും പഴകിയ വിയര്‍പ്പു നാറ്റം തളംകെട്ടി നിന്നു.

“ഒരു വിറംബ്ര ” വിറയ്ക്കുന്ന കൈകളാല്‍ അയാള്‍ ചോദിച്ചു.

“ഈ തിരക്കൊന്നു കഴിയട്ടെ, കുറച്ചങ്ങോട്ട് മാറി നിലക്ക്” എതിരെയുള്ളയാള്‍ മറുപടി പറഞ്ഞു.

അയാള്‍ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഒരു മൂലയിലേക്ക് മാറി നിന്നു.

സമയം എട്ടുമണി ആയിക്കാണും. ഇന്ന് പതിവിലും കൂടുതല്‍ തിരക്കുണ്ടായിരുന്നു. സാധാരണ ഇതു പതിവുള്ളതല്ല. എപ്പോഴാണാവോ ഈ തിരക്കൊന്ന് അവസാനിക്കുക, വീട്ടിലെത്തുമ്പോഴേക്കും ഒരുപാടു വൈകും. കാത്തുനില്‍ക്കുന്ന ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നിച്ചു. വരണ്ടുണങ്ങിയ വയറ് വല്ലാതെ മോഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജീവിതാനുഭവങ്ങള്‍ മനസ്സിനെ വരിഞ്ഞു മുറുക്കാന്‍ തുടങ്ങിയപ്പോള്‍ വീടിനെ കുറിച്ചുള്ള ചിന്ത മനസ്സില്‍ കയറിക്കൂടി. സാഹചര്യങ്ങള്‍ മനുഷ്യന്റെ ജീവിതഗതി നിര്‍ണയിക്കുന്നുവെന്ന് സ്വന്തം ജീവിതം തന്നെ തെളിയിച്ചിരിക്കുന്നു.

മക്കള്‍ അച്ഛനെ കണ്ടിട്ട് ഇന്നേക്ക് അഞ്ചു ദിവസമാകുന്നു. രാത്രി വീട്ടില്‍ എത്തുമ്പോഴേക്കും അവര്‍ ഉറങ്ങിക്കാണും. രാവിലെ അവര്‍ ഉണരുമ്പോഴേക്കും ജോലിക്ക് പോയിട്ടുമുണ്ടാകും. അഞ്ച് ദിവസം മുമ്പ്‌ മൂത്തവള്‍ സതി പറഞ്ഞതാണ് വൈകീട്ട് അപ്പുവേട്ടന്റെ തട്ടുകടയില്‍ നിന്നും പരിപ്പുവട വാങ്ങിച്ചു വരാന്‍. സത്യത്തില്‍ അന്ന് വൈകീട്ട് വരെ അതിനെക്കുറിച്ച് ഓര്‍മ്മയുണ്ടായിരുന്നു. പതിവുപോലെ അന്ന് വൈകീട്ട് തിരിച്ചു വരുമ്പോള്‍ വാങ്ങിക്കാം എന്നു വച്ചു. ഒടുക്കം രാത്രി വീട്ടില്‍ എത്തി ഉറങ്ങുന്ന മകളെ കാണുമ്പോഴാണ് അതിനെക്കുറിച്ച് ഓര്‍മ്മ വരുന്നത്. അതിന് ശേഷം മകളെ മുഖാമുഖം കാണുവാന്‍ സാധിക്കാത്തതിനാല്‍ അതിനെക്കുറിച്ചൊന്നും ചോദിക്കുകയോ പറയുകയോ വേണ്ടി വന്നില്ല. എന്നും വൈകുന്നേരം അപ്പുവേട്ടന്റെ തട്ടുകടയുടെ മുന്നിലൂടെ പോകുമ്പോള്‍ അതിനെക്കുറിച്ച് ഓര്‍ക്കും അപ്പോഴൊക്കെയും വിചാരിക്കും തിരിച്ചുവരുമ്പോള്‍ വാങ്ങിക്കാമെന്ന്. അങ്ങനെ ഇന്നേക്ക് അഞ്ച് ദിവസം കഴിഞ്ഞിരിക്കുന്നു. അതിനെക്കുറിച്ച് അവളും മറന്നു കാണും എന്ന് സമാധാനിച്ചു. ബുദ്ധിമുട്ടുകള്‍ കഴിവതും തന്റെ മകളെ അറിയിക്കരുത്‌ എന്ന ദൃഡമായ മനസ്സോടുകൂടി ജീവിതത്തെ കരയ്ക്കടുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .


ഇതിനിടെ ഒരു ദിവസം രാത്രി ഏറെ നേരം കാത്തിരുന്ന എട്ടു വയസ്സുകാരന്‍ മകന്‍ തന്റെ ആവശ്യം അറിയിച്ചു. വരുമ്പോള്‍ അവനൊരു കളര്‍ പെന്‍സില്‍ വാങ്ങാന്‍. അതും മറന്നു എന്ന് തന്നെ വേണം പറയാന്‍, ഈയിടെയായി മറവി അല്‍പ്പം കൂടിയിട്ടുണ്ട് സ്വയം ഒന്ന് വിലയിരുത്തി. എങ്ങനെ മറക്കാതിരിക്കും. കുടുംബപ്രാരാബ്ദങ്ങള്‍ക്കിടയില്‍കിടന്ന് ചക്രശ്വാസം വലിക്കുമ്പോള്‍ മറവി സാധാരണം. ദിവസക്കൂലിയായി കിട്ടുന്ന മിച്ചവരുമാനം കൊണ്ട് വേണം നാല് വയറുകള്‍ കഴിഞ്ഞ് കൂട്ടാന്‍. കടംകയറി ഒടുക്കം വീട് ഏതു സമയവും ജപ്തി ചെയ്യാനുള്ള സ്ഥിതിയിലാണിപ്പോള്‍. എന്നും രാത്രി വീട്ടിലേക്കു പോകുമ്പോള്‍ ഭാര്യയും കുട്ടികളും വീട്ടില്‍ ഉണ്ടാകുമോ എന്ന ആതിയാണ് മനസ്സുനിറയെ. ഏതെങ്കിലും ഒരു ദിവസം വീട്ടാകടങ്ങളാല്‍ തന്റെ വീടും ലേലം വിളിച്ചേക്കാം. മണ്ണെണ്ണ വിളക്കിലെ തിരിയെ നോക്കി വിളക്കിലെക്കണയുന്ന ഈയ്യാംപാറ്റ പോലെ ഒരിക്കലും തിരിച്ചു കയറാനാകാതെ ജീവിതം മുന്നില്‍ നോക്കുകുത്തിയായ് നില്‍ക്കുന്നു. എതിരെ വരുന്ന കൊടുംകാട്ടില്‍ നിന്നും തെന്നി മാറാന്‍ പറ്റാത്ത ശലഭങ്ങളെ പോലെ സ്വന്തം കുടുംബവും.കുറച്ച് നാള്‍ രാഷ്ട്രീയം കൊണ്ട് കഴിച്ചു കൂട്ടി. സ്ഥലത്തെ ലോക്കല്‍ കമ്മറ്റി മെമ്പറും ചുമട്ടു തൊഴിലാളി യൂണിയന്‍ അംഗവും ഒക്കെ ആയതുകൊണ്ട് ഇടയ്ക്കിടെ കൂടുന്ന പാര്‍ട്ടി ക്ലാസ്സുകളും ജാഥകളും മീറ്റിങ്ങുകളും കൊണ്ട് അന്നന്നത്തെ ചെലവ് നടന്നു പോകുമായിരുന്നു. പാര്‍ട്ടിയിലെ വിഭജനം രൂക്ഷമായതിനെ തുടര്‍ന്നു പാര്‍ട്ടി ഓഫീസുകള്‍ അനാഥമായി. കാറ്റ് വിതച്ച് കൊടും കാറ്റ് കൊയ്യാന്‍ ശ്രമിക്കുന്നവരാണ് ഇവിടെ ഏറെ പേരും അതുകൊണ്ട് തന്നെ ഇപ്പോള്‍ മീറ്റിങ്ങുമില്ല സമ്മേളനവും. അത് കാരണം എന്നെപോലുള്ളവന്റെ പരിപ്പും ചായയും വരെ മുട്ടിയിരിക്കുന്നു.


വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ശാന്ത ഓര്‍മ്മിപ്പിച്ചതാണ് കറന്റ് ബില്ല് അടക്കാന്‍. അതിനായി അവള്‍ കൂട്ടിവച്ച കാശ് മാത്രമേ ഇപ്പോള്‍ കയ്യില്‍ മിച്ചമുള്ളു. ഒരു ദിവസം വൈകിയാലോന്നും കറന്റ് കട്ട് ചെയ്യുന്ന കൃത്യനിഷ്ടത നമ്മുടെ ഇലക്ട്രിസിറ്റികാര്‍ക്ക് ഇല്ലാത്തത്‌ അനുഗ്രഹമായി, എന്ന് മനസ്സിലോര്‍ത്തു. ഇന്ന് വീട്ടില്‍ എത്തിയാല്‍ അതിന്റെ പേരിലായിരിക്കും വഴക്ക്. എന്നും എന്തെങ്കിലും കാരണങ്ങളുണ്ടാക്കി വഴക്കടിക്കുക ഒരു പതിവായിട്ടുണ്ട്, അതെങ്ങനാ, ആന എന്ന് പറഞ്ഞാല്‍ കേള്‍ക്കുന്നത് ചേന എന്നായിരിക്കും. പിന്നെ ആര്‍ക്കാണ് ദേഷ്യം വരാതിരിക്കുക. എത്രയൊക്കെ ക്ഷെമിച്ചു നിന്നാലും അവസാനം കൈയ്യേറ്റത്തിലെ അവസാനിക്കു. മക്കള്‍ക്ക്‌ ചെറുപ്പത്തിലെ ഇതൊക്കെ ശീലമായതുകൊണ്ട് വഴക്ക് അവരുടെ ഉറക്കത്തിനു ഭംഗം വരുത്താറില്ല മിക്കവാറും ദിവസങ്ങളില്‍ അയല്‍വാസികളാണ് പ്രതികരിക്കാര്. അവര്‍ക്കറിയില്ലല്ലോ വീട്ടിലെ കാര്യങ്ങളൊന്നും. കാര്യം അയല്‍വാസികളൊക്കെ തന്നെയാണ്. എല്ലാവരും നല്ല ആള്‍ക്കാരുമോക്കെയാണ്. പക്ഷെ എന്നും അവര്‍ അവളുടെ പക്ഷം ചേര്‍ന്ന് സംസാരിക്കുമ്പോള്‍ എങ്ങനെ കലികയറാതിരിക്കും. ജീവിതത്തില്‍ സന്തോഷമായാലും സങ്കടമായാലും സ്വകാര്യത വേണം എന്ന് നിര്‍ബന്ധമായിരുന്നു. പക്ഷെ ആ സമയത്ത് അങ്ങനെയൊക്കെ അറിയാതെ സംഭവിച്ചുപോകും . അപ്പോള്‍ എന്തെന്നില്ലാതെ തലക്കകത്ത് പെരുത്ത്‌ കയറും. കഴിഞ്ഞ രാത്രി അയല്‍പ്പക്കത്തെ ശങ്കരേട്ടന്റെ ഷര്‍ട്ടില്‍ കയറിപിടിച്ചുവെന്നായിരുന്നു പിറ്റേ ദിവസം ഉറക്കമുണര്‍ന്നപ്പോള്‍ ശാന്ത പറഞ്ഞത്. എന്തായാലും മോശമായി പോയി എന്ന് തോന്നിയെങ്കിലും അതിനെ കുറിച്ച് പ്രതികരിക്കാന്‍ പോയില്ല. അതിന് ശേഷം തന്നെ കാണുമ്പോള്‍ മുഖം കറുക്കുകയും വഴിമാറി നടക്കുകയും ചെയ്യുന്ന നൂറുകണക്കിന് വരുന്ന ആള്‍ക്കാരില്‍ ഒരാളായിമാറി ശങ്കരേട്ടനും.


ഓര്‍മയില്‍ നിന്നുമുണര്‍ന്ന് പുറം ലോകത്തേക്ക് കാലെടുത്തുവച്ചു. ചാല് കീറിയൊഴുകുന്ന വിയര്‍പ്പു തുടച്ചു മാറ്റി കൌണ്ടറിലേക്ക് വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കി. കണ്ണുകള്‍ക്ക്‌ പഴയതിനേക്കാള്‍ തീക്ഷ്ണതയുണ്ടായിരുന്നു ഈ പ്രാവശ്യം. പ്രതീക്ഷകള്‍ എന്തായാലും അസ്ഥാനത്തായില്ല. കൌണ്ടറില്‍ നിന്നയാള്‍ തലയാട്ടി വിളിച്ചു. എന്തൊക്കെയോ സ്വപ്നംകണ്ട് പാതിയടഞ്ഞ കണ്ണുകളില്‍ പ്രതീക്ഷയുടെ നിലാവെളിച്ചം വന്നു വീണു. പിന്നെ കൌണ്ടറിന്നു നേരെ ഒരു കാറ്റ് പോലെ പറന്നെത്തി. കയ്യിലിരുന്ന കാശ് കൌണ്ടറിന്നു നേരെ നീട്ടി അയാള്‍ വെറിയോടെ പറഞ്ഞു “ വിറംബ്ര ”


കൌണ്ടറില്‍ നിന്നയാള്‍ മൂന്നു കുപ്പിയെടുത്തു. വിസ്ക്കിയുടേയും റമ്മിന്റെയും ബ്രാണ്ടിയുടെയും ഒഴിയാറായ കുപ്പികള്‍ ചരിച്ചുപിടിച്ച് അത് ഊറ്റിഎടുത്ത് അപൂര്‍വ്വമായ ആ കൂട്ടുണ്ടാക്കാന്‍ തുടങ്ങി. അതിനെ ഇവിടെ എത്തുന്നവര്‍ വിറംബ്ര എന്ന് വിളിച്ചു. കുറഞ്ഞ ചിലവുകൊണ്ട് കൂടുതല്‍ നേരം ഞെരംബുകളെ തളര്ത്തിയിടാന്‍ ഇവയ്ക്കു സാധിക്കും. ഈ കാശ് കൌണ്ടറില്‍ നില്‍ക്കുന്നയാളിന്റെ പോക്കറ്റിലേക്കാണ് പോകുക. ഇതിനു കണക്കൊന്നും കാണുകയില്ല. അയാള്‍ക്ക്‌ മുന്നിലേക്ക് നീട്ടിയ ഗ്ലാസ്‌ ഒരറ്റ വലിക്ക് അകത്താക്കി. ഒട്ടും സമയം കളയാതെ നാലെണ്ണം പെട്ടെന്ന് തന്നെ തീര്‍ത്തു. കൈകാലുകളില്‍ ഞെരമ്പുകള്‍ പിടഞ്ഞു. തൊണ്ട വറ്റി വരണ്ടു, തലയില്‍ പിടിത്തം മുറുകി. അയാളുടെ സന്തോഷത്തിന്നു അതിരുണ്ടായിരുന്നില്ല, മറ്റേതോ ലോകത്തെത്തിയ പോലെ, ഒരു അപൂര്‍വ്വമായ അനുഭൂതി. ഒടുവില്‍ കാശ് കൊടുത്തു പുറത്തേക്കു നടന്നു. ഇരുട്ടിന്റെ കരിമ്പടക്കെട്ടുകള്‍ കൈകള്‍ കൊണ്ട് വകഞ്ഞ് മാറ്റി റോഡിലേക്കിറങ്ങി. ജീവിതമൊരു സമസ്യയായി മുന്നിലും കൂടെ കടന്നു പോകുന്ന പ്രാരാബ്ദങ്ങള്‍ ഒരു തുരുത്ത് പോലെയും ആവലാതിയും വേവലാതിയും ഒരു ചെറിയ ലോകവുമായി അയാള്‍ക്കൊപ്പം നടന്നു നീങ്ങി. ഇടവഴിയിലൂടെ മനസ്സില്‍ ഒരായിരം ആധിയുമായി അയാള്‍ വീടിനു നേരെ നടന്നു നീങ്ങുമ്പോള്‍ ഇമചിമ്മാതെ നക്ഷത്രങ്ങള്‍ അയാള്‍ക്ക് പ്രകാശമേകി.

വേശ്യ

നക്ഷത്രങ്ങള്‍ വാശിപിടിച്ച് കരഞ്ഞ കൌമാരത്തില്‍ അവള്‍ എല്ലാം വലിച്ചെറിഞ്ഞു. വലിച്ചെറിയാന്‍ മാത്രം അവള്‍ക്ക് ബന്ധങ്ങളില്ല. ബന്ധനങ്ങളും. ഉള്ളത്‌ ശരീരത്തെ ചുറ്റിയ ചേലകള്‍ മാത്രം. അഴുകിയ ജഡങ്ങളായി മെത്തയില്‍ തൊട്ടടുത്ത്‌ കിടന്ന്‍ നെറ്റിയില്‍ ചുണ്ടുകള്‍ ചേര്‍ത്ത് പലരും അവളോട്‌ പറഞ്ഞു "നീ സുന്ദരിയാണ്". ആദ്യമായി ആര്‍ത്തിയോടും ആസക്തിയോടും തന്റെ ശരീരത്തെ നോക്കിയ രണ്ടാനച്ഛനു മുന്നില്‍ എല്ലാം നഷ്ട്ടപ്പെട്ട അവള്‍ക്കിന്ന്‍ അജ്ന്താതമായ നേര്‍വഴികളിലൂടെ യാത്ര പോകാന്‍ ആത്മബന്ധങ്ങളില്ല. ദ്രവിച്ച സ്വപ്നങ്ങളുടെ കറുത്ത ഛായയില്‍ മുഖം നോക്കി നില്ക്കാന്‍ അവള്‍ കാത്തു നിന്നില്ല. സാന്നിദ്യമില്ലാതെയും സാമിപ്യമില്ലതെയും ജീവിതം ജീവിച്ചു തീര്‍ക്കാം പക്ഷെ പണമില്ലാതെ - പണത്തോടൊപ്പം ഇത് രണ്ടും ഉണ്ടായാല്‍ എന്ന ചിന്ത അവളെ ഒരു വേശ്യയാക്കി.

ഈയൊരു സമ്പന്നതയില്‍ ഒരുപാട് വിയര്‍പ്പിന്റെ ഗന്ധവും ഒപ്പം ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫ്ലാറ്റും കോടികളുടെ ബാങ്ക് ബാലന്‍സും ഇന്നവള്‍ക്ക്‌ സ്വന്തം. മനസ്സില്‍ കരിമ്പടം പുതപ്പിക്കുന്ന അദൃശ്യ ചിന്തകളൊന്നുമില്ല. ഒപ്പം കുറ്റബോധവും. ഗര്‍ഭപാത്രത്തില്‍ അണ്‍ഡഡ്ങ്ങള്‍ കരഞ്ഞു തുടങ്ങിയപ്പോഴും മരവിച്ച ശരീരത്തില്‍ നിന്നും സ്വപ്‌നങ്ങള്‍ കീറിമുറിച്ച് ഗര്‍ഭ പാത്രം അറുത്തു മാറ്റിയപ്പോഴും, അറുത്തു മാറ്റിയ സ്ത്രീത്വം അവള്‍ക്ക്‌ വേദനയായില്ല. ചോര കട്ടപിടിച്ച മുറിവുകളില്‍ പണതിനോടുള്ള അമിതമായ ആസക്തി മാത്രമായിരുന്നു അവളുടെ മുന്നില്‍. കൂടെ എന്തിനേയും നേരിടാനുള്ള കരുത്തും. വിലകൂടിയ വസ്ത്രങ്ങളും ലിപ്സ്ടിക്കും ആഭരണങ്ങളും സുഗന്ധദ്രവ്യങ്ങളോടുമായിരുന്നു അവളുടെ ഓമനത്വം. ദുഷിച്ച രക്തത്തില്‍ സമ്പന്നതയുടെ ഹിമശൈലങ്ങള്‍ അവളെ കീഴ്പ്പെടുത്തുകയായിരുന്നു.

തെറ്റുകള്‍ അവളുടെ മുറികള്‍ക്കലങ്കാരമായിരുന്നു. നഗ്നതയുടെ ഊട്ടുപുരയില്‍ ഓരോ ദിവസവും അവള്‍ ആദ്യരാത്രിയിലെ മണവാട്ടിയായി ഒരുങ്ങി നിന്നു. കൂടെ കിടന്നവരില്‍ പലരിലും അവള്‍ തന്റെ ആദമിനെ കണ്ടു. ചുണ്ടില്‍ ദന്തക്ഷതങ്ങളും മുടിക്കെട്ടില്‍ വിരലഴിഞ്ഞ പാടുകളും അവള്‍ക്കു ഹരമായി. കരുണ വറ്റിയ മിഴികളിലെ കാമം നഗ്നശരീരത്തില്‍ കുത്തിയിറക്കിയപ്പോഴും നനഞ്ഞ നഗ്നതയില്‍ ആസക്തിയുടെ വിയര്‍പ്പു പുരണ്ട നോട്ടുകെട്ടുകളോടായിരുന്നു അവള്‍ക്ക്‌ പ്രണയം. നഗ്നതയില്‍ പുരണ്ട മാലിന്യം ഷവറില്‍ നിന്നും വരുന്ന പുണ്യാഹം തെളിച്ച് ശുദ്ധമാക്കിയപ്പോള്‍ വിശപ്പടക്കിയ നിര്‍വൃത്തിയോടെ ഇറങ്ങിപ്പോയവരില്‍ മനസ്സ്‌ കട്ടെടുക്കാന്‍ വന്ന അധിനിവേശപക്ഷികളും ഉണ്ടായിരുന്നു. അവരുടെ കൂട്ടത്തില്‍ ഒരുപിടി ചോറ് നല്‍കി യാചകബാലികയെ പ്രാപിച്ചവരും സ്വന്തം പത്നിയില്‍ പരസ്ത്രീകളെ കണ്ട് സംതൃപ്തരായവരും തെരുവിലെ ഭ്രാന്തിയുടെ ശോഷിച്ച ശരീരത്തില്‍ കാമം കണ്ടെത്തിയവരും പെടുന്നു.

സ്വന്തം ചോരനല്‍കി ജീവന്‍ രക്ഷിച്ചവന്റെ വാക്കുകളെക്കാളും അവളുടെ വാക്കുകള്‍ക്ക്‌ വിലകൊടുക്കുന്ന സമൂഹം. ഇരുളും പകലുമെന്നില്ലാതെ കൊടികളുടെ നിറഭേദ മില്ലാതെ, ഭരണചക്രം തിരിക്കാനും വ്യാപാരങ്ങള്‍ ഊട്ടി ഉറപ്പിക്കാനുമായി അവളെ ഭോഗിക്കാനും ചൂതാട്ടത്തിന് കളത്തില്‍ വെക്കുവാനുമായി മത്സരിക്കുന്നവര്‍. അവളിലെ കണ്മഷി പടര്‍ന്ന മിഴികളും നീല ഞെരമ്പുകളും വിറയലും കാണാന്‍ കൊതിക്കുന്നവര്‍ ഏറെ. ഇന്നവളുടെ പടിപ്പുരയ്ക്ക് മറ്റേതു വീട്ടിനെക്കളും ഉറപ്പുണ്ട്. കാരണം അവള്‍ക്ക്‌ നഷ്ടപ്പെടുവാന്‍ ഒന്നുമില്ല. നഷ്ടപ്പെടുത്താനായി കാത്തിരിക്കുന്നവര്‍ തന്നെ അതിന് കാവലിരിക്കുന്നു.

നാളെയൊരുപക്ഷെ പ്രായം ശരീരത്തിനൊരു വിലങ്ങുതടിയായാല്‍ അവളും തെരുവിലേക്ക് വലിചെറിയപ്പെട്ടെക്കം. അല്ലെങ്കില്‍ ഒരുപക്ഷെ മരണമണി മുഴങ്ങുമ്പോഴും ഏതെങ്കിലുമൊരു പുരുഷത്വത്തിന് മുന്നില്‍ തളര്‍ന്നു വീണേക്കാം. ഒടുവില്‍ അവളെക്കുറിചോര്‍ത്ത് കരയാന്‍ ആരോരുമില്ലാതെ, മുനിസിപ്പാലിറ്റിയുടെ കാരുണ്യത്തോടെ ഏതെങ്കിലുമൊരു വൈദ്യുതീകരിച്ച ശ്മശാനത്തില്‍ ഭൂമീദേവിയെ സ്പര്‍ശിക്കാന്‍ കഴിയാതെ ഒരുപിടി ചാരമായ് അവളുടെ ശരീരം അനാഥമായി എരിഞ്ഞടങ്ങും. പക്ഷെ അവള്‍ അതിനെയോന്നിനെയും ഭയക്കുന്നില്ല. അവള്‍ കാത്തിരിക്കുന്നു, വീണ്ടും ഒരു അസ്തമയം. മൊബൈല്‍ ഫോണിന്റെ വിലാപത്തിന് കാതോര്‍ത്ത്‌, കഴുകന്റെ ആത്മരോഷത്തിനു തയ്യാറായ്...
-------------------

സ്വയംതൊഴില്‍

[ഡിസംബര്‍ 28, 2010ന് മലയാള മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചുവന്ന കഥ]
അമ്പലത്തിലെ ഉച്ചഭാഷിണിയുടെ ശബ്ദം കുളിമുറിയില്‍ കേള്‍ക്കാം. ഒരു കാലത്ത്‌ അസഹ്യമായി തോന്നിയിരുന്ന ഈ പാട്ടുകള്‍ ഇന്ന് ഞാന്‍ കൂടെ പാടി ആസ്വദിക്കുന്നു. തല തോര്‍ത്തിക്കൊണ്ട് നിക്കുമ്പോള്‍ അനുജത്തി സുമ വിളിച്ചു ചോദിച്ചു. "ചേട്ടാ ഇന്ന് ഏതു ഷര്‍ട്ട് ആണ് തെയ്ക്കെണ്ടത്?" ഇന്നലെ ബൂകിംഗ് ഒന്നും ഇല്ലാത്തതിനാല്‍ അതിനുത്തരം കൊടുത്തില്ല. കവലയില്‍ ചെന്നു നിന്നാല്‍ കാര്യത്തിനോക്കെയും ഒരു തീരുമാനം ആകും. അതുകൊണ്ട് ഇന്നോരല്പം നേരത്തെ തന്നെ ഇറങ്ങാന്‍ തീരുമാനിച്ചു. മേശപ്പുറത്ത്‌ ചായയും പുട്ടും പഴവും നിരത്തിയിരിക്കുന്നു. അടുക്കളയില്‍ അമ്മയും അനുജത്തിയും തിരക്കിട്ട പണിയിലാണ്. ഇന്ന് ജീവിതത്തിന്നു ഒരുപാട്‌ മാറ്റം വന്നിരിക്കുന്നു. കുറച്ച് നാള്‍ മുമ്പ് വരെ പച്ചവെള്ളം കുടിച്ചിട്ടായിരുന്നു വീട്ടില്‍ നിന്നും ഇറങ്ങുന്നത് ഒപ്പം കൂട്ടിനായി അമ്മയുടെ ആവലാതിയും വേലലാതിയും പൊതിചോറായി ഉണ്ടാകും. അമ്മയെ പറഞ്ഞിട്ട് കാര്യമില്ല സ്വന്തം മോനെ ശപിക്കാന്‍ ഏത് അമ്മയ്ക്കാണ് പറ്റുക, ഉള്ളിലെ വിഷമം പറഞ്ഞു തീര്‍ക്കുകയല്ലാതെ വേറെ എന്തു ചെയ്യാന്‍ കഴിയും ആ പാവത്തിന്. കോലായിലെ അരഭിത്തിയുടെ ഒരു കോണില്‍ പാട്ടി ഇരുന്നു ചെറുമകന് നല്ലത് വരാന്‍ നെഞ്ചുരുകി പ്രാര്‍ത്തിക്കുകയാണ്. നേരത്തെ മറിച്ചായിരുന്നു പതിവ്, ആരുടെയെങ്കിലും ജീവിതം കൂട്ട് പിടിച്ചു സദാ സമയവും എന്തെങ്കിലുമൊക്കെ ദുഷിച്ചു കൊണ്ടിരുന്ന പാട്ടിയും ഇന്നത്തെ മാറ്റത്തിന്റെ നിറമുള്ള കാഴ്ചകളില്‍ ഒന്ന് തന്നെ.
ഒരുഭാഗത്ത്‌ അച്ഛനപ്പുപ്പന്മാരായി ഉണ്ടാക്കിയ കടങ്ങളും ബാധ്യതകളും മറുഭാഗത്ത് പട്ടിണിയും പ്രാരബ്ദങ്ങളും ഏതു നിമിഷവും താഴേക്ക്‌ പതിക്കാവുന്ന ടെമോക്ലസ്സിന്റെ വാല്‍ പോലെ തലയ്ക്കു മുകളില്‍ തൂങ്ങി കിടന്നു. ഒരു ബിരുദത്തിന്നപ്പുറത്തേക്ക് മകന്റെ പഠിപ്പിനെക്കുറിച്ച് ചിന്തിക്കുവാനുള്ള ഖനമോന്നും അമ്പലത്തിലെ പൂജാരിയുടെ മടിശീലയ്ക്ക് ഉണ്ടായിരുന്നില്ല. വെറും ഒരു ബിരുദധാരിക്ക് ഇക്കാലത്ത്‌ ആര് എന്ത് ജോലി തരാന്‍. മറ്റുള്ളവരുടെ വേദനകള്‍ എരിഞ്ഞു തീരാറായ കര്‍പ്പൂരം ചുറ്റി തെവരോടു പറഞ്ഞു പ്രാര്‍ത്തിച്ചിരുന്ന അച്ഛന്‍ സ്വന്തം കുടുംബത്തിന്റെയും മക്കളുടെയും കാര്യം പറയാന്‍ മറന്നു കാണും എന്ന് കരുതി വേദനയോടെ കാലം കഴിച്ചു കൂട്ടി. തേവരേ പൂജിച്ചു കിട്ടുന്ന ഓട്ട കാലണയും അമ്പലത്തിലെ നിവേദ്യചോറും എത്രനാള്‍ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഒരു തമാശയ്ക്കെങ്കിലും അടുത്ത വീട്ടിലെ രാഘവേട്ടന്‍ പറഞ്ഞ ഈ ജോലി സ്വീകരിച്ചത്‌. അതുകൊണ്ടിപ്പോള്‍ അല്ലലില്ലാതെ ചിലവുകള്‍ ഒക്കെ നടന്നു പോകുന്നു. ഓരോന്ന് ചിന്തിച്ച് കവലയില്‍ എത്തിയതറിഞ്ഞില്ല. കവലയില്‍ ഇരുവശവും അന്നദാതാക്കളുടെ കളര്‍ ചിത്രങ്ങള്‍ പതിച്ചത് കാണാം. എന്നെ പോലെ നാല് അഞ്ച് ചെറുപ്പക്കാര്‍ വളരെ പ്രതീക്ഷയോടെ ആരെയോ കാത്തിരിക്കുകയാണ്. ഒരു ദിവസം മുന്നൂറു രൂപ മുതല്‍ അഞ്ഞൂറ് രൂപ വരെ കിട്ടും, കൂടെ ഭക്ഷണവും. ചില ദിവസങ്ങളില്‍ അതില്‍ കൂടുതലും. ഇന്റര്‍വ്യുവോ ടെസ്റ്റോ മുന്‍പരിചയമോ അല്ലെങ്കില്‍ ഒരു രാഷ്ട്രീയകാരന്റെയും ഒത്താശയോ ഈ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യമില്ല എന്നത് തൊഴിലില്ലാത്ത ചെറുപ്പക്കാരെ ഇതിലേക്ക് അടുപ്പിക്കുന്ന ഒരു വസ്തുതയാണ്. ഒരു ജോലിയില്‍ പ്രവേശിക്കാന്‍ ലക്ഷങ്ങള്‍ കോഴ കൊടുക്കേണ്ടുന്ന ഈ കാലത്ത്‌ ഇങ്ങനെയുള്ള ഒരു ജോലി എന്നെ പോലുള്ള നിര്‍ധനരായ ചെറുപ്പകാര്‍ക്ക് ശെരിക്കും ഒരു അനുഗ്രഹം തന്നെയാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ ജോലി സാധ്യത ഏറെയാണ് ഇതിന്.
കവലയിലെ കടയില്‍ നിന്നും സിഗരറ്റ് വാങ്ങി കത്തിച്ചു പ്രാരാബ്ദങ്ങള്‍ പുകച്ചുരുളായി ഊതി വിടുമ്പോള്‍ കേരളത്തിലെ യുവാക്കളുടെ കാര്യം ഒരു നിമിഷം ആലോചിച്ചു പോയി. ഇങ്ങനെ പോയാല്‍ ഈ നാടിന്റെ കാര്യം എന്താകും എന്നായിരുന്നു ചിന്ത മുഴുവനും. ആര്‍ക്കും ആരോടും കടപ്പാട്കളില്ല , ഒടുക്കം ആറടി മണ്ണിനെന്നറിഞ്ഞിട്ടും എവിടെയും എന്തിനോ വേണ്ടി കടിപിടി കൂടുന്ന ജനങ്ങള്‍ . ചിന്തകള്‍ കയ്യില്‍ നിന്നും വിട്ടുപോകുന്നുവെന്നു തോന്നി, ആവശ്യമില്ലാത്ത ഒരു വ്യവസ്ഥയും ഇല്ലാത്ത വ്യര്‍ഥമായ ചിന്തകള്‍. ചിന്തകള്‍ക്ക് കേടുപാടു വരുത്തി ഒരു ജീപ്പ് വന്നു മുന്നില്‍ നിന്നു. ജീപ്പില്‍ നിന്നും തികച്ചും അപരിചിതനായ ഒരാള്‍, കൂടി നിന്നവരോടായി പറഞ്ഞു. "ഇന്ന് കോട്ട മൈദാനിയിലാ" ജീപ്പിന്നു മുന്നിലെ ത്രിവര്‍ണ്ണ പതാകയിലെ കൈപ്പത്തി അടയാളം കണ്ടമാത്രയില്‍ തന്നെ വന്ന ആള്‍കാരെ തിരിച്ചറിഞ്ഞു. ചുണ്ടിലെ സിഗരറ്റ് ആഞ്ഞു വലിച്ച് ദൃതിയില്‍ നിലത്തിട്ടു ചവിട്ടി കെടുത്തി. പിന്നീടോട്ടും സമയം കളയാതെ ജീപ്പിനുള്ളിലേക്ക് വലിഞ്ഞു കയറി. കാരണം ഇലക്ഷന്‍ കാലമാണ്, ചിലപ്പോള്‍ ഓവര്‍ ടൈം വരെ ഒത്തു വരും. കയ്യിലിരുന്ന പ്ലാസ്റ്റിക്‌ സഞ്ചിയില്‍ നിന്നും കദറി ന്റെ ഒരു ഷര്‍ട്ട് വലിച്ചു പുറത്തെടുത്ത് ഉടനെ തന്നെ മാറി.
ജീപ്പിന്റെ വേഗത കൂടുന്നതിനനുസരിച്ച് നിരത്തില്‍ നടന്നു നീങ്ങുന്ന ആള്‍ക്കാരും അതിവേഗം പുറകോട്ടു പോയി. ഒരുപക്ഷെ ഇതിലും വേഗത്തില്‍ കാലവും കടന്നു പോയേക്കാം. നാട്ടില്‍ രാഷ്ട്രീയവും രാഷ്ട്രീയക്കാരും ആളെണ്ണം രാഷ്ട്രീയ പാര്‍ട്ടികളും ഉള്ളെടുത്തോളം കാലം ഞാനും എന്നെ പോലുള്ള യുവാക്കളും ഇതുപോലെ ജീവിച്ചു പോകും. ഒരു ഇലക്ഷന്‍ കഴിഞ്ഞാല്‍, മീറ്റിങ്ങും സമ്മേളനവും ധര്‍ണ്ണയുമോക്കെയായി ഒരുപാടു പാര്‍ട്ടി പരിപാടികള്‍. കേരളത്തിലെ യുവാക്കള്‍ പട്ടിണി കിടക്കേണ്ടി വരില്ല, തീര്‍ച്ച. മനസ്സില്‍ ഉറപ്പിച്ചു. ജീപ്പിന്റെ വേഗതയില്‍ മുഖത്തേയ്ക്ക് വന്നടിക്കുന്ന കാറ്റ് തന്ന തലോടലും ഒപ്പം മനസ്സില്‍ സ്വയംതൊഴില്‍ കണ്ടെത്തിയതിന്റെ സന്തോഷവും, ആഹ്ലാദത്തിന്റെ അങ്ങേയറ്റത്തെ നിര്‍വ്രുതിയിലായിരുന്നു ഞാന്‍.
------------------------------